‘കറുപ്പ് വസ്ത്രവും മുഖം മൂടിയും’ ധരിക്കുന്ന ബിഹാറിലെ വനിതാ നേതാവ്; ജാതി രാഷ്ട്രീയത്തിൽ പുതുവഴിവെട്ടി പുഷ്പം പ്രിയ ചൗധരി
text_fieldsപുഷ്പം പ്രിയ ചൗധരി
മതവും ജാതിയും അതിർത്തികൾ തീർത്ത ബിഹാർ രാഷ്ട്രീയത്തിൽ വേറിട്ട വഴിയുമായി കടന്നുവരികയാണ് ഒരു വനിതാ നേതാവ്. മുൻ നിയമസഭാംഗത്തിന്‍റെ മകളും യു.കെ പ്രവാസിയുമായ പുഷ്പം പ്രിയ ചൗധരിയാണ് ഈ യുവ നേതാവ്. 2020ൽ ‘ദി പ്ലൂറൽസ് പാർട്ടി’ സ്ഥാപിച്ച പുഷ്പം പ്രിയ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് പുതിയ ഊർജം പകരുകയാണ്.
മാറ്റത്തിനായി പുതിയ കാഴ്ചപ്പാടുകൾ വോട്ടർമാർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് വിദേശ വിദ്യാഭ്യാസം നേടിയ വളർന്നുവരുന്ന ഈ നേതാവ്. ബി.ജെ.പി-ജെ.ഡി.യു മുന്നണി ഒരു വശത്തും ആർ.ജെ.ഡി-കോൺഗ്രസ് മുന്നണി മറുവശത്തും വാശിയേറിയ പോരാട്ടം നടത്തുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ദർഭംഗ മണ്ഡലത്തിൽ നിന്നാണ് പുഷ്പം പ്രിയ ചൗധരി ഇത്തവണ ജനവിധി തേടുന്നത്.
2020ൽ 'ദി പ്ലൂറൽസ് പാർട്ടി' രൂപീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന വമ്പൻ പ്രഖ്യാപനം നടത്തിയാണ് പുഷ്പം ബിഹാർ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കറുത്തവസ്ത്രവും മുഖം മൂടിയുമാണ് പുഷ്പം ധരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമെ മുഖം മൂടി അഴിക്കുകയുള്ളൂവെന്നാണ് പുഷ്പം പ്രതിജ്ഞ ചെയ്തിട്ടുള്ളത്. രാഷ്ട്രീയക്കാർ വെള്ള ധരിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയാത്തതിനാലാണ് താൻ കറുപ്പ് ധരിക്കുന്നതെന്നും യുവ നേതാവ് ചൂണ്ടിക്കാട്ടുന്നു.
കുടുംബവും വിദ്യാഭ്യാസവും
ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് പുഷ്പം പ്രിയ ചൗധരിയുടേത്. ദർഭംഗയിൽ നിന്നുള്ള മുൻ ജെ.ഡി.യു നിയമസഭാംഗമായ വിനോദ് കുമാർ ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ ചൗധരി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും സമത പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായ പ്രഫ. ഉമാകാന്ത് ചൗധരിയാണ് മുത്തച്ഛൻ. കൂടാതെ അമ്മാവൻ വിനയ് കുമാർ ചൗധരി, 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെനിപൂരിൽ നിന്ന് ജെ.ഡി.യു ടിക്കറ്റിൽ വിജയിച്ചിരുന്നു.
1987 ജൂൺ 13ന് ജനിച്ച പുഷ്പം, ദർഭംഗയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബിരുദ പഠനത്തിനായി പൂനെയിലേക്ക് പോയി. തുടർന്ന് യു.കെയിൽ ഉന്നത വിദ്യാഭ്യാസം നേടി. സക്സെസ് സർവകലാശാലയിൽ നിന്ന് വികസന പഠനത്തിലും 2019ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പൊതുഭരണത്തിലും ബിരുദാനന്തര ബിരുദം നേടി. കൂടാതെ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, പുഷ്പം ബിഹാർ സർക്കാറിന്‍റെ വിനോദ സഞ്ചാരം, ആരോഗ്യ വകുപ്പുകളിൽ കൺസൾട്ടന്റായി ജോലി ചെയ്തിരുന്നു.
രാഷ്ട്രീയ പ്രവേശനം
ജാതി, മത, വർഗീയ ആധിപത്യമുള്ള ബിഹാറിന്‍റെ പരമ്പരാഗത രാഷ്ട്രീയത്തിൽ വികസനത്തിനായി ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ധീരമായ നീക്കമായിരുന്നു പുഷ്പത്തിന്‍റെ 2020 മാർച്ച് എട്ടിന് 'ദി പ്ലൂറൽസ് പാർട്ടി' രൂപീകരണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ മുഴുവൻ ദിനപത്രങ്ങളിലെയും ഒന്നാം പേജിൽ പുഷ്പം മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന പരസ്യം നൽകി.
2020ൽ ബിഹാറിലെ 243 സീറ്റിലും മത്സരിക്കാൻ പുഷ്പം ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടിയുടെ രജിസ്ട്രേഷൻ കാലതാമസം അടക്കമുള്ള കാര്യങ്ങൾ കൊണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ഉൾപ്പെടെ 148 സീറ്റുകളിലെ ജനവിധി തേടിയുള്ളൂ. മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തെ പുഷ്പം പരസ്യമായി എതിർത്തു. സ്ഥാനാർഥികളുടെ ജാതിക്ക് പകരം അവരുടെ വംശം എടുത്തുകാണിച്ചു. കൂടാതെ, നാമനിർദേശപത്രികയിൽ മതത്തിന് പകരം 'ബിഹാർ' എന്ന് പുഷ്പം രേഖപ്പെടുത്തി.
2025ലെ നിയമസഭ തെരഞ്ഞെടുപ്പ്
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 243 സീറ്റിലും 'ദി പ്ലൂറൽസ് പാർട്ടി' സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. മൊത്തം സീറ്റുകളിൽ പകുതി വനിതകൾക്കായി മാറ്റിവെച്ചു. 'നഗരം' ആണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. കുടുംബ മണ്ഡലമായ ദർഭംഗയിൽ പുഷ്പം നാമനിർദേശപത്രിക നൽകി. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്‍റെ അഭാവമുണ്ടെന്ന് പുഷ്പം പറയുന്നു. രാഷ്ട്രീയത്തിന്‍റെ നിലവാരം കുറഞ്ഞെന്നും പ്രതിപക്ഷത്ത് കൂടുതൽ വിദ്യാസമ്പന്നരായ നേതാക്കൾ ഉണ്ടാകുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
'ദി പ്ലൂറൽസ് പാർട്ടി' എന്ന് പേര് ജനങ്ങളുടെ പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണ് പുഷ്പത്തിന്‍റെ അവകാശവാദം. പ്ലൂറൽസ് അഥവ ബഹുവചനം എന്നാൽ എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളവർ ഒരുമിച്ച് ഭരിക്കണമെന്നാണ് അർഥമാക്കുന്നത്. പാർട്ടിയുടേത് വളരെ ബുദ്ധിമുട്ടുള്ള പേരല്ലേ എന്ന ചോദ്യത്തിന്, കോൺഗ്രസ്, കമ്യൂണിസം എന്നെല്ലാം മുൻകാലങ്ങളിൽ ഉച്ചരിക്കാൻ പോലും കഴിയുമായിരുന്നില്ലെന്ന് പുഷ്പം വിശദീകരിക്കുന്നു. താൻ വ്യത്യസ്തയാണെന്നും തങ്ങൾക്ക് സ്വന്തം പ്രത്യയശാസ്ത്രമുണ്ടെന്നും പുഷ്പം ചൂണ്ടിക്കാട്ടുന്നു.
ദേശീയ രാഷ്ട്രീയത്തെ കുറിച്ചും പുഷ്പത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയേക്കാൾ ഗൗരവമുള്ള നേതാവാണെന്നും നിതീഷ് കുമാർ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും പ്രശാന്ത് കിഷോർ നേതാവാകാൻ ആഗ്രഹിക്കരുതെന്നും ഒരു തന്ത്രജ്ഞനായി തുടരണമെന്നും പുഷ്പം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

