Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനി തൊപ്പികളിൽ വർണം ചാലിച്ച മലയാളി പെൺകരുത്ത്

text_fields
bookmark_border
oman cap mubeena
cancel
camera_alt

 ഒമാനി തൊപ്പി തയാറാക്കുന്ന മുബീന (ഫോട്ടോ: സിദ്ധാർഥ് സുനിൽകുമാർ)

മസ്കത്ത്: ഒമാനികളുടെ തനത് വേഷത്തിന്റെ ഭാഗമായ ഒമാനി തൊപ്പികളിൽ മലയാളിയുടെ കൈയൊപ്പ് പതിയുമ്പോൾ അതിനു പിന്നിൽ ​ഒരു കണ്ണൂർക്കാരിയുടെ കരവിരുതുണ്ട്. പ്രവാസലോകത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടാൻ വിസമ്മതിച്ച്, കഴിവിനെ കൈമുതലാക്കി സ്വന്തം ജീവിതം തുന്നിച്ചേർത്ത ഒരു മലയാളി സ്ത്രീയുടെ യാത്ര.

കണ്ണൂരിന്റെ മണ്ണിൽ നിന്ന് ഒമാന്റെ സാംസ്കാരിക അടയാളമായ ‘രസ്മ’ തൊപ്പികളുടെ ലോകത്തേക്ക് ചേക്കേറിയ മൂബീന മുനീറിന്റെ 23 വർഷ നീണ്ട പ്രവാസം സ്വയം ശാക്തീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തി​ന്റെയും കൂടിയാണ്.

ഒമാനി തൊപ്പിയിലേക്കുള്ള യാത്ര

കണ്ണൂരിലെ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനിയാണ് മുബീന. ചെറുപ്പത്തിൽത്തന്നെ ഉപ്പ മൊയ്തു ഹാജിയുടെ ബിസിനസ് കാര്യങ്ങളിൽ കൊച്ചു കൈത്താങ്ങായി നിന്ന മിടുക്കി. 2003-ലാണ് ഭർത്താവ് മുനിറിനൊപ്പം ഒമാനിലെത്തുന്നത്. ഒരു തയ്യൽക്കാരിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകണം എന്ന മുൻകൂട്ടി തയാറാക്കിയ പദ്ധതികളൊന്നും അന്നുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തയ്യലിനോടുതന്നെ വലിയ താൽപര്യമില്ലായിരുന്നു. പെൺമക്കളേറെയുള്ള വീട്ടിൽ ഉപ്പ മൊയ്തുഹാജി ഒരു തയ്യൽ മെഷീൻ വാങ്ങിവെച്ചിരുന്നെങ്കിലും അതൊന്നു തൊട്ടുനോക്കാൻ പോലും താൽപര്യമില്ലാതിരുന്ന മുബീന, പ്രവാസ ജീവിതത്തിന്റെ ഏകാന്തതയെ മറികടക്കാൻ ആ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.


അന്ന് കൈയിലെടുത്ത ആ ചെറിയ സൂചിയും നൂലും 23 വർഷമായി മുബീനയുടെ കൂടെയുണ്ട്. ഒമാന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന ‘രസ്മ’ തൊപ്പികളിൽ എംബ്രോയ്ഡറി ചെയ്യലാണ് പണി. ദിവസവും ചുരുങ്ങിയത് ഒരു തൊപ്പിയെങ്കിലും പൂർത്തിയാക്കും. കൂടെ വീട്ടിലെ കാര്യങ്ങളും.

വളരെ ശ്രദ്ധയോടെ, ക്ഷമയോടെ ചെയ്യേണ്ട ​പ്രവൃത്തിയാണിതെന്ന് മുബീന പറയുന്നു. തൊപ്പിയിലെ ചില ഡിസൈൻ വർക്കുകൾക്കനുസരിച്ച് സൂചി വളച്ചും തിരിച്ചും തുന്നേണ്ടി വരും. മടുപ്പില്ലാതെ മണിക്കുറുകളോളം തുന്നി വിരലുകളിൽ തഴമ്പുപോലും വന്നു തുടങ്ങി.

മുബീനയുടെ ഈ ജോലിക്ക് പൂർണ പിന്തുണയുമായി ഭർത്താവ് മുനീർ ഒപ്പമുണ്ട്. വീട്ടിലിരുന്ന് തുന്നിത്തീർക്കുന്ന തൊപ്പികൾ കടകളിലെത്തിക്കാൻ മുനീറാണ് സഹായിക്കുന്നത്. വീട്ടുജോലികളും മകൻ മുഹമ്മദ് ഷഹാന്റെ കാര്യങ്ങളും നോക്കുന്നതോടൊപ്പം മുബീന തന്റെ സ്വപ്നങ്ങൾക്കായും പ്രവാസ ജീവിതത്തിനിടയിൽ സമയം കണ്ടെത്തുന്നു.

ഉപ്പയുടെ സങ്കടം മാറ്റിയ മകൾ

സ്കൂൾ പഠന കാലത്ത് സ്​പോർട്സിൽ സജീവമായിരുന്നു മുബീന. 400 മീറ്ററിലൊക്കെ സ്കൂളിനായി മൽസരിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഒരുപാട് കഴിവുകളുണ്ടായിരുന്ന മകളെ നേരത്തെ വിവാഹം കഴിപ്പിച്ചുവോ എന്നൊരു കുറ്റബോധം മൊയ്തു ഹാജിയുടെ മനസ്സിൽ എപ്പോഴോ ബാക്കിനിന്നിരുന്നു. അവളുടെ കഴിവുകൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നുവെന്ന ചിന്ത, ആ തീരുമാനത്തെക്കുറിച്ചുള്ള ചെറിയൊരു സങ്കടമായി ഉള്ളിൽ കിടന്നു.

പക്ഷേ, വർഷങ്ങൾക്കിപ്പുറം പ്രവാസമണ്ണിൽ സ്വന്തം അധ്വാനത്തിലൂടെ വരുമാനം കണ്ടെത്തി, ആരെയും ആശ്രയിക്കാതെ സ്വയംപര്യാപ്തയായി മകൾ നിൽക്കുന്നത് കണ്ടപ്പോൾ ആ സങ്കടം പതിയെ അഭിമാനമായി മാറി. തന്നെക്കുറിച്ചോർത്ത് ഉപ്പക്ക് ഏറെ അഭിമാനമാണെന്ന് പറയുമ്പോൾ മുബീനയുടെ വാക്കുകൾ ഇടറി. ഉപ്പയുടെ ആനന്ദക്കണ്ണീരിലേക്കുള്ള കാലം മുബീന എന്ന ഒരു സാധാരണ പ്രവാസി വീട്ടമ്മയുടെ അതിജീവനത്തിന്റേതുകൂടിയായിരുന്നു.

തുന്നലിന്റെ തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ സങ്കടങ്ങൾക്കും കൂട്ടാവുന്നുണ്ട് മത്രയിൽ കെ.എം.സി.സി വനിതാവിങ് ഭാരവാഹി കൂടിയായ മുബീന. പ്രവാസത്തിനിടയിൽ സങ്കടങ്ങൾ പെരുകി മാനസിക സമ്മർദത്തിലായവർക്ക് സൂചിയും നൂലും നീട്ടി നൽകി, കൂടെ ചേർത്ത്, മനസ്സിന് ആശ്വാസമേകാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് അവർ പറഞ്ഞു.

പ്രവാസി വീട്ടമ്മമാർക്കുള്ള ജീവിതപാഠം

സാമ്പത്തിക ഭദ്രതക്കപ്പുറം, സ്വന്തം അധ്വാനത്തിലൂടെ നേടുന്ന വരുമാനം നൽകുന്ന ആത്മവിശ്വാസമാണ് മുബീനയെ മുന്നോട്ട് നയിക്കുന്നത്. പ്രവാസലോകത്ത് ഭർത്താക്കന്മാർ ജോലിക്ക് പോകുമ്പോൾ, വീടിന്റെയോ റൂമിന്റെയോ നാല് ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോകുന്ന ധാരാളം പ്രവാസി സ്ത്രീകളുണ്ട്. ആ ഏകാന്തതയിൽ നിരാശരാകാതെ, തങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ തിരിച്ചറിയാനുള്ള മികച്ച അവസരമായി ആ സമയത്തെ മാറ്റിയെടുക്കാൻ മുബീനയുടെ ജീവിതം വഴി കാട്ടുന്നു.

സ്വന്തമായി എന്തെങ്കിലും ചെയ്തുതുടങ്ങാൻ വലിയ നിക്ഷേപമോ ബിസിനസ് സാമ്രാജ്യമോ ആവശ്യമില്ല. കൈവശമുള്ള ചെറിയൊരു കഴിവ് തിരിച്ചറിയുക, അല്ലെങ്കിൽ ഇഷ്ടമുള്ള ഒരു കാര്യം പഠിച്ചെടുക്കുക. വരുമാനം ഉടൻ ലഭിച്ചില്ലെങ്കിൽപോലും, സ്വന്തമായി തുടങ്ങുന്ന ആ ചെറിയ സംരംഭമാണ് ജീവിതത്തിലെ ആത്മവിശ്വാസത്തിന്റെ ആദ്യ തുന്നൽ. ‘എനിക്കും എന്തെങ്കിലും ചെയ്യാൻ സാധിക്കും’ എന്ന വലിയൊരു തിരിച്ചറിവാണ് അത്തരം പരിശ്രമങ്ങളിലൂടെ വളരുന്നത്. സൂചിത്തുമ്പിൽ തുടങ്ങുന്ന ഒരു ചെറിയ ശ്രമം പോലും, നാളെ നിങ്ങളുടേത് മാത്രമായ ഒരു വലിയ ജീവിതമായി വളർന്നേക്കാം എന്ന് മുബീന ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - omani cap with malayali touch kannur woman success story
Next Story