ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസിന് 'എയ്മ' സ്ത്രീശക്തി പുരസ്കാരം സമ്മാനിച്ചു
text_fieldsആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) തമിഴ്നാട് ഘടകം ഏർപ്പെടുത്തിയ സ്ത്രീശക്തി പുരസ്കാരം രമ്യ ഹരിദാസ് എം.പിയിൽനിന്ന് ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് ഏറ്റുവാങ്ങുന്നു
ചെന്നൈ: ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) തമിഴ്നാട് ഘടകം വനിതാദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്ത്രീശക്തി പുരസ്കാരം സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് ഏറ്റുവാങ്ങി. രമ്യ ഹരിദാസ് എം.പി അവാർഡ് സമ്മാനിച്ചു.
സ്ത്രീകൾ ഉയർന്നുവരേണ്ടത് പുരുഷന്മാരോട് മത്സരിച്ചല്ലെന്നും തന്റെ കഴിവുകൾ മനസ്സിലാക്കി പുരുഷന്മാർക്കൊപ്പമാണ് മുന്നോട്ടുപോകേണ്ടതെന്നും മഞ്ജിമ കുര്യാക്കോസ് പറഞ്ഞു. മദിരാശി കേരള സമാജത്തിൽ നടന്ന സമ്മേളനത്തിൽ 'എയ്മ'യുടെ ഉപഹാരം ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ രമ്യ ഹരിദാസ് എം.പിക്ക് സമ്മാനിച്ചു. സ്വന്തം യോഗ്യതയും വിദ്യാഭ്യാസവും കഴിവും ഒക്കെ വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചാൽ ആണിനായാലും പെണ്ണിനായാലും മുന്നോട്ടുവരാൻ കഴിയുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
'എയ്മ' തമിഴ്നാട് ഘടകം പ്രസിഡന്റ് എം. ശിവദാസൻ പിള്ള മുഖ്യാതിഥി ആയിരുന്നു. വിവിധ മേഖലകളിൽ സേവനം നടത്തുന്ന റോസമ്മ ബൈജു, പ്രീത മഹേഷ്, രാജി അശോക്, സജിനി വിജയകുമാർ, ഷേർലി തോമസ്, റഹ്മത്ത് ഷാജി, സുഭഗ സന്തോഷ്, പി.ആർ. ദേവി തുടങ്ങിയവർക്ക് സ്ത്രീദീപം പുരസ്കാരം സമ്മാനിച്ചു. 'എയ്മ' അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

