ഇനി നീതിയുടെ പേര്
text_fieldsഅഡ്വ. പത്മലക്ഷ്മി
അഡ്വ. പത്മലക്ഷ്മി, കേരള ചരിത്രത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക. സ്വന്തം സ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവന്ന ഈ പെൺകുട്ടി, ഇനി നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകും
കേരള ഹൈകോടതിയിലെ പുതിയ അഭിഭാഷകരുടെ എൻറോൾമെൻറ് ചടങ്ങ് ചരിത്രത്തിന്റെ ഭാഗമായി മാറി. എൻറോൾമെൻറ് ചടങ്ങിനിടെ ഉയർന്നുകേട്ട അവളുടെ ശബ്ദമായിരുന്നു അതിനു കാരണം. അഡ്വ. പത്മലക്ഷ്മി, കേരള ചരിത്രത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക. സ്വന്തം സ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവന്ന പെൺകുട്ടി, ഇനി നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകും. ഏറെ ഉത്തരവാദിത്തമുള്ള, പഠിച്ച് മുന്നേറാനുള്ള പ്രഫഷനാണ് ഇതെന്ന് പത്മലക്ഷ്മിക്ക് അറിയാം. നീതി എന്ന വാക്കിനോട് ഇത്രയധികം ചേർന്നുനിൽക്കുന്ന മറ്റൊരു പ്രഫഷൻ ഇല്ലെന്നും പത്മലക്ഷ്മി പറയുന്നു.
‘നീതി’യാണ് പ്രധാനം
ഉത്തരവാദിത്തം ഏറെയുള്ള, ഒരിക്കലും നിശ്ചിത സമയത്ത് തീർക്കാനോ തുടങ്ങാനോ സാധിക്കാത്ത പ്രഫഷനാണിത്. കഠിനാധ്വാനമാണ് അതിൽ ഏറ്റവും പ്രധാനം. ഞാൻ നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഇനി വരുന്നവർക്ക് അത് പ്രോത്സാഹനമാകൂ. അത് ചെയ്യും, ഇത് ചെയ്യും എന്ന് പറയുന്നതിനേക്കാൾ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് പറയാനാണ് ഇഷ്ടം. ഞാൻ തിരഞ്ഞെടുത്ത ഈ പ്രഫഷൻ അതിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം രാവിലെ വന്ന് എല്ലാവർക്കും നീതി വാങ്ങിനൽകാമെന്ന ചിന്ത എനിക്കില്ല. കോടതിയിൽ അതിന്റേതായ സമയമുണ്ട്. അതിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. നീതി നിഷേധിക്കപ്പെടുന്നവർക്കുവേണ്ടി ശബ്ദിക്കുന്നതിലാണ് സന്തോഷം. ഒരു പോരാട്ടമാണ് എന്റെ ജീവിതം. ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്താൽ വിജയിക്കുമെന്നാണ് എന്റെ വിശ്വാസം. അതനുസരിച്ചാണ് മുന്നോട്ടുപോകുന്നതും.
‘നീ പഠിക്കണം, ഒരു പ്രഫഷൻ കണ്ടെത്തണം’
നീതിക്കുവേണ്ടി സംസാരിക്കുക, അത് നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി മാറുക; അതാണ് ആഗ്രഹം. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. ഇത് തുടക്കം മാത്രമാണെന്നാണ് വിശ്വാസം. ദലിത്, ട്രാൻസ് വ്യക്തികളാണെന്ന പേരിൽ പഠനവും ജോലിയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന നിരവധി പേരുണ്ട്. ആദ്യം സ്വന്തം കുട്ടികളെ മാതാപിതാക്കൾ മനസ്സിലാക്കണം. എന്നാൽ മാത്രമേ അവർക്ക് സമൂഹത്തിനു മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കൂ. ആണോ പെണ്ണോ ട്രാൻസ് വ്യക്തിയോ എന്നല്ല, നമ്മുടെ കുട്ടിയെന്നതായിരിക്കണം മാതാപിതാക്കളുടെ ചിന്ത. കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുക. സ്വന്തം സ്വത്വം തിരിച്ചറിയുക എന്നത് ചെറിയ കാര്യമല്ല, ആ സമയങ്ങളിൽ ഒരുപാട് മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാകും ഓരോ കുട്ടിയും കടന്നുപോകുക. ഇതിനെയെല്ലാം മറികടന്ന് പോസിറ്റിവിറ്റി നൽകാൻ ഏറ്റവും കൂടുതൽ സാധിക്കുക മാതാപിതാക്കൾക്കായിരിക്കും. അവരുടെ കഴിവിനനുസരിച്ച് അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക. ഭാവിയിൽ അവർക്ക് ഇതിലൂടെ
മുന്നോട്ടുപോകാനുള്ള വഴിതെളിയും. ഇങ്ങനെ സ്വയം തിരിച്ചറിയുന്ന കുട്ടികളെ സമൂഹത്തിലേക്ക് വെറുംകൈയോടെ ഇറക്കിവിടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരെ കഷ്ടപ്പെടുത്താനും ചൂഷണം ചെയ്യാനും വഴിതെറ്റിക്കാനും സമൂഹത്തിൽ നിരവധി പേരുണ്ടാകും. എന്നാൽ, ഒരു പിന്തുണ നൽകുകയാണെങ്കിൽ വലിയ ഉയരത്തിലെത്താൻ കുട്ടികൾക്ക് സാധിക്കുമെന്ന് മനസ്സിലാക്കുക. ‘‘നിരവധിപേർ നിന്നെ നോക്കി ചിരിക്കില്ലായിരിക്കും, സംസാരിക്കില്ലായിരിക്കും, എന്നാൽ, നീ പഠിക്കണം. ഒരു പ്രഫഷൻ കണ്ടെത്തണം’’ -എന്റെ അധ്യാപിക കൂടിയായ മറിയാമ്മ പറഞ്ഞുതന്ന വാക്കുകളായിരുന്നു. അതാണെന്നെ മുന്നോട്ട് നയിക്കുന്നതും.
നോ! നെഗറ്റിവ് കമന്റ്സ്
നമ്മുടെ ജീവിതത്തിൽ നെഗറ്റിവ് കമന്റുകളും നിർദേശങ്ങളുമായി നിരവധിപേരെത്തും. അതിനൊന്നും ചെവികൊടുക്കാതെ മുന്നോട്ടുപോകണം. അവിടെ തളർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കണം. പാന്റ്സും ഷർട്ടുമിട്ടയാൾ പുരുഷനാണെന്നും സാരിയുടുത്തയാൾ സ്ത്രീയാണെന്നുമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠിപ്പിക്കുന്നത്. ഇത് നിരവധി പേരുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നുണ്ട്. അവരെ തിരുത്തൽ സാധ്യമല്ല. ലോകം മുന്നോട്ടുപോകുമ്പോൾ ഞാൻ പിന്നോട്ടുപോകുകയാണോ എന്ന് സ്വയം ചിന്തിച്ച് തിരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. സമത്വം എന്ന വാക്ക് ഉറപ്പുതരുന്ന ഒരേയൊരു പുസ്തകം നമ്മുടെ ഭരണഘടനയാണ്. അതിനെ മുറുകെപ്പിടിച്ച് വേണം മുന്നോട്ടുപോകാൻ. ലോകം മാറിക്കഴിഞ്ഞു. അതിനൊപ്പം മുന്നോട്ടുപോകണം. ‘‘ആവേശത്തോടെ ധൈര്യമായി നീ പോകണം. ആരുടെയും മുന്നിൽ തല കുനിക്കരുത്’’ -ഇതാണ് അച്ഛൻ എനിക്കു തന്ന ഉപദേശം. അഭിമാനത്തോടുകൂടിയായിരുന്നു അച്ഛന്റെ വാക്കുകൾ. ഈ വാക്കുകൾ തന്നെയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതും. തെറ്റ് ചെയ്തവർ മാത്രമേ സമൂഹത്തിൽ ഭയക്കേണ്ടതുള്ളൂ.
ഇനിയും പഠിക്കാനേറെ
ഭാരത് മാതാ കോളജിൽനിന്ന് ഫിസിക്സിൽ ബിരുദമെടുത്തു. ബിരുദം പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം 2019ൽ എറണാകുളം ഗവ. ലോ കോളജിൽ എൽഎൽ.ബിക്ക് ചേർന്നു. എൽഎൽ.ബി അവസാന വർഷം അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് വെളിപ്പെടുത്തി. അവരുടെ പൂർണ പിന്തുണയോടെയാണ് മുന്നോട്ടുള്ള ജീവിതം.
എറണാകുളം ഇടപ്പള്ളിയിൽ അച്ഛൻ മോഹനകുമാറിനും അമ്മ ജയയോടുമൊപ്പമാണ് താമസം. രണ്ട് സഹോദരിമാരുണ്ട്. തുടർപഠനമാണ് ദീർഘമായ ലക്ഷ്യം. ഞാൻ തിരഞ്ഞെടുത്ത പ്രഫഷൻ എന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുള്ളതാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും ചെയ്തുതീർക്കാനുമുണ്ട്. കോടതിയിൽ നീതിക്കുവേണ്ടി വാദിക്കുന്ന ഒരു അഭിഭാഷകയാകണമെന്നാണ് എന്റെ ലക്ഷ്യം.