Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightലോകത്തിന് നെറുകയിൽ.......

ലോകത്തിന് നെറുകയിൽ.... തലാസീമിയ മൈനറുമായി എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രത്തിലേക്ക് നടന്നുകയറി നീലിമ

text_fields
bookmark_border
Neelima Arora
cancel
camera_alt

നീലിമ അറോറ

ന്യൂഡൽഹി: ‘കുറച്ചു ചുവടുകൾ വെക്കുമ്പോൾ തന്നെ ശ്വാസ തടസം അനുഭവപ്പെടും. ഗുരുതരമായ അപകട സാധ്യതകൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ദൗത്യം ഉപേക്ഷിച്ച് മടങ്ങണമെന്ന് ഒരിക്കൽപോലും മനസ്സിൽ ചിന്തിച്ചില്ല. ഓരോ തവണയും ശ്വാസതടസം അനുഭവപ്പെടുമ്പോൾ ഓക്സിജൻ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് തിരിച്ചിറങ്ങും. സമയം നഷ്ടപ്പെടും. ഒപ്പം ശക്തിയും. ശേഷം വീണ്ടും മുന്നോട്ട്... സ്വന്തം പരിമിതികൾക്കപ്പുറം എന്തെല്ലാം സാധ്യമാണെന്ന് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. അത് ഞാൻ കണ്ടെത്തി.’ -തലാസീമിയ മൈനർ എന്ന ജനിതക രോഗാവസ്ഥയുമായി ജീവിക്കുമ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ് നീലിമ അറോറ.

2026 മേയ് 25നാണ് 8849 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടി നീലിമ കീഴടക്കിയത്. തലാസീമിയ മൈനർ എന്ന രോഗാവസ്ഥയുമായി എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിത കൂടിയായി നീലിമ. സമുദ്രനിരപ്പിനെ അപേക്ഷിച്ച് ഓക്സിജൻ ലഭ്യത ഏകദേശം മൂന്നിലൊന്നാണ് എവറസ്റ്റിന് മുകളിൽ. സാധാരണ പർവതാരോഹകർക്ക് പോലും അതീവ അപകടകരമായ ഈ സാഹചര്യത്തിൽ, ശരീരത്തിന് ഓക്സിജൻ കാര്യക്ഷമമായി വഹിക്കുന്നതിൽ പരിമിതിയുള്ള നീലിമ നടത്തിയ യാത്ര കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു.

സിലിക്കൺ വാലിയിൽ നിന്ന് പർവതാരോഹകയിലേക്ക്

രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ചുവളർന്ന നീലിമ മുംബൈ ഐ.ഐ.ടിയിൽ നിന്ന് 2001 ബാച്ചിൽ ബി.ടെക് പൂർത്തിയാക്കി. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയയിൽ സിലിക്കൺ വാലിഡേഷൻ എൻജിനീയറായി ജോലി ചെയ്തു. പർവതാരോഹണം തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു.

കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമകാലത്ത് ശാരീരികമായി സ്വയം വെല്ലുവിളിക്കണമെന്ന തീരുമാനമാണ് ചെറിയ മലകയറ്റങ്ങളിലേക്ക് അവരെ എത്തിച്ചത്. വാരാന്ത്യ ഹൈക്കിങ്ങുകളിൽ നിന്ന് ആരംഭിച്ച യാത്ര പിന്നീട് ആൽപൈൻ ക്ലൈംബിങ്ങിലേക്ക് മാറി.

മോൺ ബ്ലാങ്ക്, മാറ്റർഹോൺ, കൊട്ടോപാക്സി, ചിംബൊറാസോ, അക്കോങ്കഗ്വ, അമ ദബ്ലാം തുടങ്ങിയ കൊടുമുടികൾ നീലിമ കീഴടക്കി. 2025ൽ 40 വയസ്സിന് മുകളിലുള്ള ആദ്യ ഇന്ത്യൻ വനിതയായി ഏറെ ബുദ്ധിമുട്ടേറിയ അമ ദബ്ലാം കൊടുമുടിയിലെത്തുകയും ചെയ്തു.

തലാസീമിയ മൈനർ വലിയ വെല്ലുവിളി

എവറസ്റ്റ് ദൗത്യത്തിന് മുമ്പ് മാസങ്ങളോളം നീലിമ കഠിന പരിശീലനം നടത്തി. ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ കുറഞ്ഞ സാഹചര്യങ്ങളോട് ശരീരത്തെ പൊരുത്തപ്പെടുത്താൻ ഹൈ ആൾട്ടിറ്റ്യൂഡ് സിമുലേഷൻ ടെന്റിൽ ഉറങ്ങുകയും കാലിഫോർണിയയിലെ മലനിരകളിൽ ഭാരമേറിയ ബാഗുകളുമായി പരിശീലനം നടത്തുകയും കർശനമായ എൻഡുറൻസ് പരിശീലന പരിപാടി പിന്തുടരുകയും ചെയ്തു. എന്നാൽ പരിശീലനത്തിനൊന്നും എവറസ്റ്റിലെ യഥാർഥ വെല്ലുവിളികളെ പൂർണമായി നേരിടാൻ അവരെ സജ്ജമാക്കാനായില്ല.


ദൗത്യം ഉപേക്ഷിക്കാൻ ഡോക്ടർമാരുടെ നിർദേശം

ഏകദേശം 50 ദിവസം നീണ്ട എവറസ്റ്റ് ദൗത്യത്തിനിടെ നീലിമക്ക് ഹൈ ആൾട്ടിറ്റ്യൂഡ് പൾമനറി എഡീമ (High Altitude Pulmonary Edema-HAPE) മൂന്ന് തവണ അനുഭവപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിൽ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന ഗുരുതരമായ അവസ്ഥയാണിത്. ചികിത്സ വൈകിയാൽ ജീവന് തന്നെ അപകടമുണ്ടാകാം.

എവറസ്റ്റ് ബേസ് ക്യാമ്പിൽ വിശ്രമിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്വാസതടസ്സം അനുഭവപ്പെട്ടു. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അപകടകരമാംവിധം താഴ്ന്നതിനെ തുടർന്ന് അവരെ നിരീക്ഷിച്ച ഡോക്ടർമാർ ദൗത്യം ഉപേക്ഷിക്കാൻ പലതവണ നിർദേശിച്ചു. ഓരോ തവണയും താഴ്ന്ന ഉയരത്തിലേക്ക് ഇറങ്ങി വിശ്രമിച്ച ശേഷമാണ് നീലിമ വീണ്ടും കയറ്റം തുടർന്നത്. തിരിച്ചിറങ്ങുന്നത് സമയവും ശാരീരിക ശേഷിയും നഷ്ടപ്പെടുത്തുന്നതായിരുന്നെങ്കിലും ശ്രമം ഉപേക്ഷിക്കാൻ അവർ തയാറായില്ല.

കുടുംബത്തിന്റെ ആശങ്ക

രണ്ട് കുട്ടികളുടെ അമ്മയായ നീലിമയുടെ എവറസ്റ്റ് യാത്ര കുടുംബത്തിനും വലിയ ആശങ്കയായിരുന്നു. എവറസ്റ്റിൽ ആശയവിനിമയ സൗകര്യങ്ങൾ പരിമിതമായതിനാൽ പലപ്പോഴും ദിവസങ്ങളോളം കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ ലഭിക്കാതെ പോയിരുന്നു. മോശം കാലാവസ്ഥയും ആശയവിനിമയ തടസ്സങ്ങളും ഓരോ തവണയും കുടുംബത്തിന്റെ ആശങ്ക വർധിപ്പിച്ചു. ഡോക്ടർമാർ ദൗത്യം അവസാനിപ്പിക്കാൻ നിർദേശിച്ചപ്പോഴും ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോഴും പിന്മാറണോയെന്ന് തനിക്കും തോന്നിയിരുന്നുവെന്ന് നീലിമ പറയുന്നു.

ലക്ഷ്യം കൊടുമുടി മാത്രമായിരുന്നില്ല

സ്വന്തം പരിമിതികൾക്കപ്പുറം എന്തെല്ലാം സാധ്യമാണെന്ന് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യമെന്നാണ്, എന്തിനാണ് ഇത്രയും വലിയ റിസ്ക് ഏറ്റെടുത്ത് എവറസ്റ്റ് കയറുന്നതെന്ന ചോദ്യത്തിന് നീലിമയുടെ മറുപടി. തലാസീമിയ മൈനറുമായി ജീവിക്കുന്നതിനാൽ ചില കാര്യങ്ങൾ തനിക്ക് ബുദ്ധിമുട്ടായേക്കാമെന്നും അസാധ്യമാകാമെന്നും പലപ്പോഴും കേട്ടിട്ടുണ്ടെന്ന് അവർ പറയുന്നു. എന്നാൽ ആ പരിമിതികൾ ജീവിതത്തെ നിർവചിക്കാൻ അനുവദിക്കാതിരിക്കാനായിരുന്നു തീരുമാനം. ആരോഗ്യപ്രശ്നങ്ങളോ ശാരീരിക പരിമിതികളോ ജീവിതത്തിലെ മറ്റ് പ്രതിസന്ധികളോ നേരിടുന്നവർ വലിയ സ്വപ്നങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം തന്റെ യാത്രയിലൂടെ നൽകാനാണ് ആഗ്രഹിച്ചതെന്നും നീലിമ പറയുന്നു.

‘ഡെത്ത് സോണി’ലൂടെ ചരിത്രനേട്ടത്തിലേക്ക്

8000 മീറ്ററിന് മുകളിലുള്ള എവറസ്റ്റിന്റെ ഭാഗത്തെ പർവതാരോഹകർ ‘ഡെത്ത് സോൺ’ എന്നാണ് വിളിക്കുന്നത്. ഇവിടെ ഓക്സിജന്റെ അളവ് വളരെ കുറവായതിനാൽ ശരീരം ക്ഷീണിക്കാൻ തുടങ്ങും. അതിശൈത്യം, ശക്തമായ കാറ്റ്, കടുത്ത ക്ഷീണം, ചെറിയ പിഴവുകൾ പോലും ജീവന് ഭീഷണിയാകുന്ന സാഹചര്യം എന്നിവയെ അതിജീവിച്ചാണ് നീലിമ അവസാന കയറ്റം പൂർത്തിയാക്കിയത്.

മേയ് 25ന് ഒടുവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പോയിന്റിൽ കാലുകുത്തിയപ്പോൾ മാസങ്ങളായുള്ള പരിശീലനത്തിന്റെയും ആരോഗ്യപ്രശ്നങ്ങളുടെയും കുടുംബത്തിന്റെ ആശങ്കകളുടെയും കഠിനമായ കയറ്റത്തിന്റെയും പര്യവസാനം കൂടിയായിരുന്നു. ഏകദേശം 30 മിനിറ്റ് നീലിമ കൊടുമുടിയിൽ ചെലവഴിച്ചു. ലോകത്തിലെ മറ്റെല്ലാ പർവതങ്ങൾക്കും മുകളിൽ താൻ നിൽക്കുകയാണെന്ന തിരിച്ചറിവാണ് ആ നിമിഷത്തെ അവിസ്മരണീയമാക്കിയതെന്ന് അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mount Everestindian climber mount everestThalassemia minor
News Summary - Neelima Arora First Woman With Thalassaemia Minor to Scale Everest
Next Story