ദേശീയ പഞ്ചഗുസ്തി: മെഡൽ വാരിക്കൂട്ടി അച്ഛനും അമ്മയും മക്കളും
text_fieldsപഞ്ചഗുസ്തിയിൽ മെഡൽ ജേതാക്കളായ ജയാനന്ദന്റെ കുടുംബത്തെ സേവാമന്ദിരം സ്കൂൾ പൂർവവിദ്യാർഥികൾ ആദരിച്ചപ്പോൾ
രാമനാട്ടുകര: ഉത്തർപ്രദേശിലെ മധുരയിൽവെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ ജേതാക്കളായി നാലംഗ കുടുംബം. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പരിയാപുരത്ത് ജയാനന്ദൻ, ഭാര്യ സീമ ജയാനന്ദൻ, മക്കളായ വൈശാഖ്, തേജ എന്നിവരാണ് പഞ്ചഗുസ്തിയിൽ മെഡലുകൾ കരസ്ഥമാക്കി രാമനാട്ടുകരക്ക് അഭിമാനമായത്.
ജയാനന്ദൻ 60 കിലോ വിഭാഗത്തിൽ വെങ്കലവും സീമ ജയാനന്ദൻ 60 കിലോ ഇടത്-വലത് വിഭാഗത്തിൽ വെള്ളിയും കരസ്ഥമാക്കി. മകൻ വൈശാഖ് യൂത്ത് വിങ്ങിൽ 60 കിലോ വിഭാഗത്തിൽ വെള്ളിയും മകൾ തേജ സീനിയർ 55 കിലോ ഇടത്-വലത് വിഭാഗത്തിൽ രണ്ട് സ്വർണവും ജൂനിയർ 55 കിലോ ഇടത്-വലത് വിഭാഗത്തിൽ രണ്ടു വെള്ളിയും നേടി.
മൊത്തം എട്ട് മെഡലുകൾ സ്വന്തമാക്കിയ പരിയാപുരത്ത് കുടുംബം നേട്ടങ്ങളുടെ പട്ടിക തീർത്തു. കോഴിക്കോട് സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ആയി ജയാനന്ദൻ സേവനമനുഷ്ഠിക്കുന്നു. നാടിന് അഭിമാനമായ ജയാനന്ദൻ കുടുംബത്തെ സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂൾ 86-87 ബാച്ച് അനുമോദിച്ചു. രതീഷ് കുമാർ, മുനീർ, അജിത് കുമാർ, ബാബു രാജൻ, ശൈലജ, നിഷിധറാണി, സുധാമണി എന്നിവർ പങ്കെടുത്തു.

