കേൾക്കാൻ കഴിയാത്തവർക്ക് ആശ്വാസമായി മുദ്രിക പാഠം
text_fieldsകോഴിക്കോട്: കേള്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍ പറയാന്‍ നമ്മളോരോരുത്തരും തയാറാണ്. എന്നാല്‍, പറയാനുമറിയില്ല കേള്‍ക്കാനും കഴിയില്ലെങ്കിലോ...? അതിനൊരു പരിഹാരമാവുകയാണ് നസ്റിയ ടീച്ചറുടെ മുദ്രിക പാഠം. കേള്‍വിശക്തി ഇല്ലാത്ത കുട്ടികളോട് സംസാരിക്കുന്നതിനായി രക്ഷിതാക്കള്‍ക്കും ടീച്ചര്‍മാര്‍ക്കും പരിശീലനം നല്‍കുന്നതിനായി എസ്.സി.ഇ.ആര്.ടിയുടെ കീഴിലുള്ള പരിപാടിയാണ് മുദ്രിക പാഠം.
ഇന്ത്യയില്‍ പലയിടത്തും പല ആംഗ്യഭാഷകളാണുള്ളത്. ഇത് ഒരുപോലെയാക്കുകയും കേള്‍വിയില്ലാത്ത കുട്ടികളുടെ സംസാര സ്വാതന്ത്ര്യം നേടിയെടുക്കുകയുമാണ് മുദ്രിക പാഠം. എസ്.സി.ഇ.ആര്.ടിയുടെ ഒണ്‍ലൈന്‍ ചാനല്‍ വഴിയാണ് പരിശീലനം. കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലെ റഹ്മാനിയ സ്കൂളിലെ നസ്റിയ ടീച്ചറാണ് പരിശീലക. മുഖഭാവവും ശരീരഭാഷയും കോര്‍ത്തിണക്കി ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ടീച്ചറുടെ അവതരണം.
10 ക്ലാസുകള്‍ ഇതിനോടകം പൂര്‍ത്തിയായി. ആംഗ്യഭാഷ പഠിക്കാന്‍ താല്പര്യമുള്ള ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്നതാണ് ക്ലാസുകള്‍. മീഡിയവണ്‍ ചാനലിലെ ആംഗ്യഭാഷ വാര്‍ത്ത അവതാരകകൂടിയാണ് നസ്റിയ ടീച്ചര്‍. സ്ക്രീനില്‍ ചെറുതായി കാണുന്ന അവതരണം വലിയ സ്ക്രീനിലൂടെ കണ്ട് വാര്‍ത്ത അറിയാന്‍ താല്പര്യമുള്ളവരാണ് ഒട്ടുമിക്ക കുട്ടികളും.
കേള്‍വിയില്ലാത്ത കുട്ടികളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് പോലും സാധിക്കാറില്ലെന്നും അവര്‍ക്കിതൊരു പരിഹാരമാവുമെന്നും കുട്ടികളുടെ സംസാരിക്കാനാവാത്ത അനുഭവം കണ്ടറിഞ്ഞതുകൊണ്ടുമാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും ടീച്ചര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

