Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightനാരീശക്തി പുരസ്കാരങ്ങൾ...

നാരീശക്തി പുരസ്കാരങ്ങൾ ഇന്ന് സമ്മാനിക്കും: മലയാളക്കരയുടെ അഭിമാനമായി രാധികയും ടിഫാനിയും

text_fields
bookmark_border
Nari Shakti puraskar
cancel
camera_alt

ക്യാ​പ്റ്റ​ൻ രാ​ധി​ക മേ​നോ​ൻ, ടി​ഫാ​നി ബ്രാ​ർ

കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നാരീശക്തി പുരസ്കാര പട്ടികയിൽ ഇടംപിടിച്ച് കേരളത്തിൽനിന്ന് രണ്ടുപേർ. 2020ലെ പുരസ്കാര ജേതാക്കളിൽ, ജീവിതം ഇരുട്ടിലാണെങ്കിലും അന്ധതയുള്ളവർക്കായി വെളിച്ചം പകരുന്ന ടിഫാനി ബ്രാറും 2021ലെ ജേതാക്കളിൽ, മർച്ചൻറ് നേവി ക്യാപ്റ്റൻ രാധിക മേനോനുമാണ് നാടിന്‍റെ അഭിമാനം ഉയർത്തിയത്.

കടലിലെ അസാമാന്യ ധീരതക്കുള്ള ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷന്‍റെ (ഐ.എം.ഒ) പുരസ്കാരം (2016) നേടിയ പ്രഥമ ഇന്ത്യൻ വനിതയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ രാധിക. 2013ൽ സമ്പൂർണ സ്വരാജ്യ കപ്പലിന്‍റെ നായക സ്ഥാനത്തെത്തിയതിലൂടെ ഇവർ ഇന്ത്യയിലെ ആദ്യ വനിത കപ്പൽ മേധാവിയായി. 2015 ജൂൺ 22ന് ഒഡിഷയിലെ ഗോപാൽപൂരിലെ കടലിൽനടന്ന രക്ഷാപ്രവർത്തനമാണ് ഇവരെ പുരസ്കാരത്തിനർഹയാക്കിയത്. കപ്പൽ പര്യടനം നടത്തുന്നതിനിടെ എൻജിൻ തകരാർ മൂലം തിരമാലകളിൽ ആടിയുലയുന്ന ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ ജീവൻ പണയം വെച്ചും രക്ഷിക്കാൻ മുന്നിൽ നിന്നു. തന്‍റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആ ധീരപ്രവർത്തനത്തെ അവർ വിശേഷിപ്പിച്ചത്.

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്ത് സി.ബി. മേനോന്‍റെയും സുധ മേനോന്‍റെയും മകളാണ്. സമുദ്രമേഖലയിലെ കരിയർ തെരഞ്ഞെടുക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഇൻറർനാഷനൽ വിമൻ സീഫെയറേഴ്സ് ഫൗണ്ടേഷൻ (ഐ.ഡബ്ല്യു.എസ്.എഫ്) സഹസ്ഥാപകയാണ്.

കാഴ്ചയില്ലാത്തതിനാൽ ചെറുപ്പം മുതൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ മറ്റുള്ളവർക്കുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് ടിഫാനി ബ്രാർ, തിരുവനന്തപുരം അമ്പലമുക്കിൽ ജ്യോതിർഗമയ സ്കൂൾ ആരംഭിക്കുന്നത്. ഇന്ന് കാഴ്ചയില്ലാത്ത ഒട്ടേറെ പേർക്ക് കൈത്താങ്ങും വഴികാട്ടിയുമാണ്. മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ടിഫാനി പ്രതിസന്ധികളെ അതിജീവിച്ച് വഴുതക്കാട് വിമൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് ബിരുദം, സ്പെഷൽ എജുക്കേഷനിൽ ബി.എഡ് എന്നിവ സ്വന്തമാക്കി. 2012ൽ മൊബൈൽ സ്കൂളായി തുടങ്ങിയ ജ്യോതിർഗമയ പിന്നീട് പരിശീലനകേന്ദ്രമായി. ആത്മവിശ്വാസം വർധിപ്പിക്കാനും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുമുള്ള പരിശീലനത്തിൽ തുടങ്ങി മൊബിലിറ്റി ട്രെയിനിങ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവയെല്ലാം പകർന്നു നൽകുന്നുണ്ട്. ചെറുപ്പത്തിൽ ശാരീരിക പ്രയാസങ്ങളേറെ നേരിട്ട ടിഫാനി ഇന്ന് വിദേശരാജ്യങ്ങളിൽ വരെ ക്ലാസെടുക്കാൻ പോകാറുണ്ട്.

നാരി ശക്തി പുരസ്കാരങ്ങൾ അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നാരി ശക്തി പുരസ്‌കാരം നൽകുന്നത്.

സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരാണ് 2020ലെ പുരസ്‌കാര ജേതാക്കൾ. 2021ൽ ഉള്ളവർ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, മർച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇരു വർഷങ്ങളിലുമായി 29 പേർക്കാണ് ചൊവ്വാഴ്ച അവാർഡ് നൽകുക. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nari Shakti PuraskarsWomens Day 2022
News Summary - Nari Shakti puraskars will be presented today
Next Story