Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightരണ്ട് തീപ്പൊരികള്‍

രണ്ട് തീപ്പൊരികള്‍

text_fields
bookmark_border
രണ്ട്  തീപ്പൊരികള്‍
cancel
camera_alt??????

പള്ളിയില്‍ പെരുന്നാള്‍ ആഘോഷമായിരുന്നു അന്ന്. കളിചിരിമേളങ്ങളുടെ സന്തോഷ നാള്‍. പൊടുന്നനെ പടക്കത്തിന് തീകൊടുത്തതോടെ ചെവിപൊത്തി കുഞ്ഞുകിടാങ്ങള്‍ ഞെട്ടി അമ്മമാരോട് ഒട്ടിച്ചേര്‍ന്നപ്പോഴും ഒരു വയസ്സുകാരി സോഫിയയുടെ ചിരിമേളത്തിനു മാത്രം മാറ്റമില്ല. കാതടപ്പിക്കുന്ന പടക്കത്തിന്‍െറ ശബ്ദകോലാഹലത്തിനു മുന്നിലും കൈകൊട്ടിച്ചിരിക്കുന്ന മകളെ ശ്രദ്ധിച്ചപ്പോള്‍ അമ്മ ഗൊരത്തേി ജോയുടെയും അച്ഛന്‍ ജോ ഫ്രാന്‍സിസിന്‍െറയും മനസ്സാണ് പടക്കം പൊട്ടിത്തെറിച്ചപോലെ നടുങ്ങിയത്. ആരും കണ്ണുവെക്കുന്ന മാലാഖയെപ്പോലുള്ള മകള്‍ക്ക് ചുറ്റുപാടുകളെ കേള്‍ക്കാനാകില്ലെന്ന സത്യത്തിനു മുന്നില്‍ ആദ്യമൊന്നു പതറി അവര്‍.

‘‘മകള്‍ക്ക് ഒട്ടും കേള്‍വിയില്ലെന്ന് ഡോക്ടര്‍ പരിശോധിച്ച് സ്ഥിരീകരിച്ചതോടെ ഞങ്ങളാകെ തകര്‍ന്നു. അവളുടെ ആദ്യ ജന്മദിനാഘോഷംതന്നെ വേണ്ടെന്നുവെച്ചു. പിന്നെ, പതുക്കപ്പതുക്കെ യാഥാര്‍ഥ്യം അംഗീകരിച്ചു. ശസ്ത്രക്രിയ നടത്തിയാല്‍ അത്ര വിജയകരമാകില്ളെന്ന് അറിഞ്ഞതോടെ ഇയര്‍ഫോണ്‍ വെച്ച് പതുക്കെ ‘ലിപ്റീഡിങ്’ പരിശീലിപ്പിക്കാന്‍ തുടങ്ങി’ -തൃപ്പൂണിത്തുറ ഏരൂര്‍ ഭവന്‍സിലെ അധ്യാപികയായ ഗൊരത്തേി പറഞ്ഞുതുടങ്ങി.

രണ്ടു വര്‍ഷത്തിനുശേഷം പിറന്ന ആണ്‍കുഞ്ഞ് റിച്ചാര്‍ഡിനും ഭാഗികമായി മാത്രമേ കേള്‍വിശക്തിയുള്ളൂവെന്ന് അറിഞ്ഞതോടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ആ മാതാപിതാക്കള്‍. സാധാരണ കുട്ടികളെപ്പോലെതന്നെ മക്കളെ വളര്‍ത്തണമെന്ന വെല്ലുവിളി. അമ്മ അക്ഷരങ്ങള്‍ പകര്‍ന്നപ്പോള്‍ അച്ഛന്‍ മക്കള്‍ക്ക് നല്‍കിയത് ഒരു ‘ബുള്‍ഡോസറി’നും തകര്‍ക്കാനാകാത്ത ആത്മവിശ്വാസമായിരുന്നു. അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ സാധാരണ കുട്ടികളോടൊപ്പം സോഫിയ കെ. ജോയും റിച്ചാര്‍ഡ് കെ. ജോയും പഠിച്ചു. മൂന്നാം ക്ളാസില്‍ എത്തിയപ്പോഴേക്കും ചമ്പക്കരയിലെ വീട്ടില്‍നിന്ന് എരൂരിലെ സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടി പാഞ്ഞുതുടങ്ങി സോഫിയ. അധികം താമസിയാതെ റിച്ചാര്‍ഡും ‘സൈക്കിള്‍ ജാക്സനാ’യി.

വര്‍ഷം 20 പിന്നിട്ടു. തൃപ്പൂണിത്തുറ വെസ്റ്റ് എരൂരിലെ കല്ലുപുരക്കല്‍ വീട്ടില്‍ ഇന്ന് തീപ്പൊരികളായ രണ്ടു മക്കളുണ്ട്. ഒരു ഷോകേസില്‍ മൊത്തം അടുക്കിവെച്ചിട്ടും തീരാത്ത മെഡലുകളും സമ്മാനത്തളികകളുമാണ് അവര്‍ വാങ്ങിക്കൂട്ടിവെച്ചിട്ടുള്ളത്. സ്പോര്‍ട്സിലും ആര്‍ട്സിലും മോഡലിങ്ങിലും തുടങ്ങി സോഫിയ കൈവെക്കാത്ത മേഖലകളില്ല. ചേച്ചിക്കൊത്ത അനുജനായി റിച്ചാര്‍ഡുമുണ്ട് പിന്നില്‍.

റിച്ചാര്‍ഡ്
 

‘‘മൂകയായ ചേച്ചിയും പാതിമാത്രം കേള്‍ക്കാനാകുന്ന അനുജനും നിറയെ വാഹനങ്ങള്‍ പായുന്ന റോഡില്‍ സൈക്കിളില്‍ സ്കൂളില്‍ പോകുന്നത് കണ്ട് അന്ന് നാട്ടുകാര്‍ ഞങ്ങളെ പഴിച്ചിരുന്നു. അന്ന് അതൊട്ടും മൈന്‍ഡ് ചെയ്തില്ല. കാരണം, കുഞ്ഞുമക്കളില്‍ അത്രയേറെ ധൈര്യമാണ് പകുത്തുനല്‍കിയത്’’ -ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജീവനക്കാരനായ ജോ ഫ്രാന്‍സിസും ഭാര്യ ഗൊരത്തേിയും പറയുന്നു.

ആ ധൈര്യവും ആത്മവിശ്വാസവും മാതാപിതാക്കളുടെ പിന്തുണയുംകൊണ്ട് സോഫിയയും റിച്ചാര്‍ഡും കുതിച്ചുയര്‍ന്നത് സര്‍വകഴിവുകളുമുള്ള കുട്ടികള്‍ക്കു പോലും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്കാണ്. ഷോട്ട്പുട്ട് ഉള്‍പ്പെടെ കായികയിനങ്ങളില്‍ മികവുനേടിയ സോഫിയയെ തേടി കോതമംഗലം സെന്‍റ് ജോര്‍ജിലെയും മാര്‍ ബേസിലിലെയും കായികാധ്യാപകര്‍ തന്നെ പരിശീലനത്തിന് എത്തി. ഇതിനിടെ ഭരതനാട്യത്തിലും അരങ്ങേറ്റം കുറിച്ചു. ആലുവ സെന്‍റ് സേവ്യേഴ്സില്‍നിന്ന് ബി.എ ലിറ്ററേച്ചര്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ ബംഗളൂരു ‘വി ശേഷി’ല്‍ പോകുകയാണ്. റിച്ചാര്‍ഡ് തിരുവനന്തപുരം നിഷില്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും.

കേള്‍വിയില്ലാത്തവര്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍െറ ബലത്തില്‍ സാധാരണ മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിങ് ലൈസന്‍സ് നല്‍കാമെന്ന ഡല്‍ഹി കോടതിയുടെ വിധി പിന്തുടര്‍ന്ന് ജോ ഫ്രാന്‍സിസ് മക്കള്‍ക്കായി കേരളത്തില്‍ ലൈസന്‍സിന് ശ്രമം തുടങ്ങി. അവഗണനയും പരിഹാസവുമായിരുന്നു ഓഫിസുകളില്‍നിന്ന് ആദ്യം നേരിട്ടത്. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം ടൂവീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് സോഫിയ നേടി. പിന്നാലെ റിച്ചാര്‍ഡും. സാധാരണ ആളുകള്‍ നേടുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ. അതോടെ സംസ്ഥാനത്ത് കേള്‍വിശേഷിയില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടുന്ന ആദ്യ പെണ്‍കുട്ടിയുമായി സോഫിയ. അതറിഞ്ഞ് പല ഭാഗങ്ങളില്‍നിന്നും ഇന്നും ആളുകള്‍ ജോ ഫ്രാന്‍സിസിനെ തേടിയെത്തുന്നുണ്ട്. ലൈസന്‍സ് നേടാന്‍ വഴികളറിയാന്‍.

ഗൊരത്തേി ജോയും ജോ ഫ്രാന്‍സിസും
 


2014 മാര്‍ച്ചില്‍ ‘മിസ് ഡഫ് ഇന്ത്യ’ റണ്ണര്‍അപ്പായി തെരഞ്ഞെടുക്കപ്പെട്ട സോഫിയ അതേവര്‍ഷം ചെക്റിപ്പബ്ളിക്കിലെ പ്രാഗില്‍ നടന്ന ‘മിസ് ഡഫ് വേള്‍ഡ്’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. കേള്‍വിശക്തിയില്ലാത്തവരുടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളില്‍ എട്ടുവര്‍ഷം സംസ്ഥാന ചാമ്പ്യനാണ് സോഫിയ. മൂന്നുവര്‍ഷത്തെ ദേശീയ ചാമ്പ്യനും. പെണ്‍കുട്ടികളോടും ഭിന്നശേഷിക്കാരോടുമുള്ള വിവേചനത്തിനെതിരെ പോരാടുകയെന്ന സന്ദേശവുമായി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ വാഹനയാത്ര നടത്തുകയെന്ന ലക്ഷ്യമാണ് അടുത്തതായി ഇരുവര്‍ക്കുമുള്ളത്. വൈകല്യംകൊണ്ട് മക്കള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടരുത് എന്ന നിര്‍ബന്ധമായിരുന്നു ജോ ഫ്രാന്‍സിസിന്. അതിനായുള്ള പരിശ്രമത്തിനിടെ ജോലിയിലെ പ്രമോഷനുകളും സ്വന്തം വീടെന്ന സ്വപ്നവും വരെ മാറ്റിവെച്ചു. പകരം ആരുടെ വെല്ലുവിളിയും നേരിടാമെന്ന കരുത്തുള്ള മക്കളായി സോഫിയയെയും റിച്ചാര്‍ഡിനെയും വളര്‍ത്തിയെടുത്തു.

അടുത്തിടെ രാത്രി പത്തോടെ ജിമ്മില്‍നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ സോഫിയയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു ഒരാള്‍. ഒരൊറ്റ ചവിട്ടിന് അയാളെ തെറിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ സോഫിയ പിറ്റേ ദിവസവും അതേസമയം കണക്കാക്കി അതേ വഴി തന്നെ തനിയെ വീട്ടിലേക്ക് മടങ്ങി. ഉപദ്രവക്കാരനെ പിന്നീട് കണ്ടിട്ടേയില്ല. കാരണം, ഈ പെണ്ണ് ‘വേറെ ലെവലാണ്’ എന്ന് പിന്നീടാകും അയാള്‍ക്ക് മനസ്സിലായിട്ടുണ്ടാകുക. കഥ ഇവിടെ തീരുന്നില്ല, തീപ്പൊരിയായ രണ്ട് കിടാങ്ങളുടെയും കരുത്തേകി അവരെ വളര്‍ത്തിയ ഒരു അച്ഛന്‍െറയും അമ്മയുടെയും കഥ. കാരണം, ഇനിയും നേട്ടങ്ങളുടെ പട്ടിക വരും ഇവരുടെ വീട്ടില്‍ നിന്ന്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xmas specialSofiyaRichardmiss deaf indiamiss deaf world
News Summary - miss deaf india 2014 Sofiya & Richard
Next Story