മലയാളത്തിന്റെ പെൺപാട്ടുകൾ
text_fields‘വാടും മുല്ലപ്പൂവല്ല, ഞാൻ
മാന്തളിരല്ല
നോട്ടക്കണ്ണിൽ വീഴില്ല, കള്ളം
ഉള്ളിൽ വേവൂല്ല
സൂത്രക്കാരിയല്ല, പേടിച്ചോടുകില്ല
മെയ്യിൽ തൊട്ടുഴിഞ്ഞുപോകും കാറ്റെ
കാര്യമോർക്കേണം.’
ഈയിടെ ഇങ്ങനെയൊരു പാട്ടു കേട്ടപ്പോൾ വല്ലാത്തൊരിഷ്ടം തോന്നി. ലളിതമായ വരികൾ. പക്ഷേ, പഴയകാല സിനിമാ പാട്ടുകളിലെ സ്ത്രീസങ്കൽപങ്ങളോട് കലാപം പ്രഖ്യാപിക്കാൻ കരുത്തുള്ള വിധം അവ ചേർത്തുവെച്ചിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന സിനിമയിലെ ഗാനമാണിത്. നിധീഷ് നടേരിയുടേതാണ് വരികൾ. റിയാസ് പയ്യോളി നൽകിയ ഈണം ഏറെ ആകർഷകമാണ്. സിതാര കൃഷ്ണകുമാറിന്റെ വ്യത്യസ്തമായ ആലാപനം. ‘വെള്ളം’ (2021) എന്ന ചിത്രത്തിൽ നിധീഷ് നടേരി തന്നെ എഴുതിയ ഗാനത്തിലുമുണ്ട് ആകാശത്തോളം ഉയർന്നുനിൽക്കുന്ന സ്ത്രീചിത്രങ്ങൾ. നീയില്ലെങ്കിൽ ഞാൻ ശൂന്യമാണെന്നു പാടുന്ന ആ വരികളിങ്ങനെ:
‘ആകാശമായവളേ അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ്
തോരാത്ത രാമഴയിൽ...
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി...’
ഷഹബാസ് അമന് മികച്ച ആലാപനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത പാട്ടിന് സംഗീതം നൽകിയത് ബിജിബാൽ. കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിക്കുന്നതായിരുന്നു പണ്ടുകാലത്തെ കാവ്യഭാവനകൾ. ലഹരിയായും കാമവലയുമായിറങ്ങിയവളായും പതിവായി മധുരസ്വപ്നം കാണുന്നവളായും ചഞ്ചല ഹൃദയയായുമൊക്കെ സ്ത്രീയെ കാണാനായിരുന്നു അവർക്കേറെയിഷ്ടം. പഴയകാലത്തെ ചില സിനിമാ പാട്ടുകൾ നോക്കൂ.
‘അശ്രുസമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായി- മുത്തുച്ചിപ്പികളുണ്ടായി
കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാത ശിൽപി’
1965ൽ പ്രദർശനത്തിനെത്തിയ ‘ചേട്ടത്തി’ എന്ന സിനിമയിലെ ‘ആദിയിൽ വചനമുണ്ടായി’ എന്നുതുടങ്ങുന്ന ഗാനത്തിലെ ശ്രദ്ധേയമായ വരികളാണിത്. വയലാർ രാമവർമയുടെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണമൊരുക്കിയ ഗാനത്തിൽ ഗ്രാമഫോൺ റെക്കോഡിൽനിന്ന് ഒഴിവാക്കിയ ഭാഗമാണ്:
‘കരയിൽ വന്നവർ വന്നവരതിനെ
കാമവല വീശി -കണ്ണാൽ
കാമവല വീശി കവികൾ പാടി
കാണാദ്വീപിലെ
കനകമല്ലോ സ്ത്രീഹൃദയം.’
യേശുദാസ് പാടിയ ഈ ഗാനം സിനിമയിൽ പാടി അഭിനയിക്കുന്നത് വയലാർ രാമവർമ. പഴയ കാലത്തെ പല സിനിമകളിലും കരയാൻ വിധിക്കപ്പെട്ടവരാണ് സ്ത്രീ കഥാപാത്രങ്ങൾ. ഗാനങ്ങളിൽ സ്ത്രീകൾ കണ്ണീരായി മാറുന്നത് അങ്ങനെയാണ്. ‘പണിതീരാത്ത വീട്’ എന്ന സിനിമക്കു വേണ്ടി എഴുതിയ പ്രശസ്ത ഗാനത്തിൽ സ്ത്രീയെ ഉപമിച്ചതും കണ്ണീരിനോടാണല്ലോ!
‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ...’ (ഈണവും ആലാപനവും എം.എസ്. വിശ്വനാഥൻ, വർഷം: 1972)
‘ചേട്ടത്തി’യിൽ വയലാർ എഴുതിയത് ആദിയിൽ വചനമുണ്ടായതിനു ശേഷം രൂപമുണ്ടായതും അശ്രുസമുദ്രതീരകളിൽ ഉണ്ടായ മുത്തുച്ചിപ്പികളാണ് സ്ത്രീകളെന്നും കരയിലുള്ളവർ കാമവലകളാൽ വലവീശിപ്പിടിച്ചു എന്നുമാണ്. കവികൾക്കാകട്ടെ സ്ത്രീഹൃദയമെന്നത് കാണാദ്വീപിലെ കനകവും.
‘പണിതീരാത്ത വീടി’ലെ ഗാനത്തിൽ സ്ത്രീയാകും മുത്തുകളെ വ്യഭിചാരത്തെരുവിൽ വിലപേശി വിൽക്കുകയാണ്. ‘അമ്മയെ കാണാൻ’ എന്ന സിനിമയിൽ
‘പെണ്ണായി പിറന്നെങ്കിൽ
മണ്ണായിത്തീരുവോളം
കണ്ണീരു കുടിക്കാനോ -ദിനവും
കണ്ണീരു കുടിക്കാനോ’ എന്ന ശോകഗാനം എഴുതിയത് പി. ഭാസ്കരൻ.
1974ൽ പുറത്തിറങ്ങിയ ‘ചഞ്ചല’ എന്ന ചിത്രത്തിൽ ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനം നോക്കൂ.
‘സ്ത്രീയേ... സ്ത്രീയേ നീയൊരു സുന്ദര കാവ്യം
നീയൊരു നിശ്ശബ്ദ രാഗം സ്ത്രീയേ
നീയൊരു ദുഃഖം നിനക്കു നീയേ
സാന്ത്വനഗീതം’
കഥയുടെ സന്ദർഭവും സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവവും ജീവിതവുമാണല്ലോ ഗാനരചയിതാക്കൾക്ക് ഗാനങ്ങളിൽ പ്രതിഫലിപ്പിക്കേണ്ടി വരുന്നത്. അതുകൊണ്ടാണല്ലോ വെണ്ണക്കല്ലുകൊണ്ടോ വെള്ളിനിലാവു കൊണ്ടോ സൗഗന്ധികങ്ങൾകൊണ്ടോ ഒന്നുമല്ല, പ്രേമമെന്ന വികാരമുരുക്കി കാമദേവന് മെനഞ്ഞെടുത്തതാണ് സുന്ദരികളെ എന്ന് വയലാർ രാമവർമക്ക് എഴുതേണ്ടിവന്നത്.
‘വെണ്ണക്കല്ലു കൊണ്ടല്ലാ
വെള്ളിനിലാവു കൊണ്ടല്ലാ
സൗന്ദര്യദേവതേ നിന്നെ നിർമിച്ചത്
സൗഗന്ധികങ്ങള് കൊണ്ടല്ലാ
രാസക്രീഡയിൽ കാമുകർ ചൂടും
രോമാഞ്ചംകൊണ്ട് കരുപ്പിടിച്ചു
പ്രേമമെന്ന വികാരമുരുക്കി
കാമദേവന് മെനഞ്ഞെടുത്തു -നിന്നെ
മെനഞ്ഞെടുത്തു’ (ചിത്രം: കരിനിഴൽ, സംഗീതം: ദേവരാജൻ, പാടിയത് യേശുദാസ്, വർഷം 1971.
‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി:
‘കുംഭമാസ നിലാവുപോലെ
കുമാരിമാരുടെ ഹൃദയം
തെളിയുന്നതെപ്പോഴെന്നറിയില്ല
ഇരുളുന്നതെപ്പോഴെന്നറിയില്ല
ചന്ദ്രകാന്തക്കല്ലുപോലെ
ചാരുമുഖീ തന്നധരം
ഉരുകുന്നതെപ്പോഴെന്നറിയില്ല
ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല
ചിരിക്കും ചിലപ്പോൾ
ചതിക്കും ചിലപ്പോൾ
കഥയാണതു -വെറും കടങ്കഥ
(സംഗീതം: വി. ദക്ഷിണാമൂർത്തി, പാടിയത്: യേശുദാസ്, വർഷം: 1970)
‘കവിത’ (1973) സിനിമയിലെ ‘അബലകളെന്നും പ്രതിക്കൂട്ടിൽ...’ എന്നു തുടങ്ങുന്ന പാട്ടിൽ പുരുഷധർമം മനസിജൻ കൽപിക്കും മധുരകർമം നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും നിയതിയിൽ അവൾമാത്രം കുറ്റക്കാരി’ എന്നീ വരികളിലൂടെ സ്ത്രീകൾക്കൊപ്പം നിൽക്കുന്നുണ്ട് പി. ഭാസ്കരൻ. ഈ ഗാനവും ‘പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാനോ...’ എന്ന ഗാനവുമെഴുതിയ പി. ഭാസ്കരന് ‘എറണാകുളം ജങ്ഷൻ’ എന്ന സിനിമക്കു വേണ്ടി സ്ത്രീയുടെ മറ്റൊരു രൂപം വരച്ചുകാട്ടേണ്ടി വന്നു:
‘അംഗനയെന്നാൽ വഞ്ചന
തന്നുടെ മറ്റൊരു നാമം -പാരിൽ
അംഗനയെന്നാൽ
മഹാവിപത്തിൻ മറ്റൊരു രൂപം
നെഞ്ചിലിരിക്കും ഭാവം കപടം
പുഞ്ചിരി വെറുമൊരു മൂടുപടം
മലർമിഴിമൂടും മായാവലയം
മാറ്റുകിലവിടം മറ്റൊരു നരകം
നാരീമണികൾ നരജീവിതത്തിൽ
നരകം തീർക്കും വിഷപുഷ്പങ്ങൾ
മദകര സൗരഭമേറ്റു
മയങ്ങിയടുത്തോ
പൂർണ വിനാശം തന്നേ.’
(സംഗീതം: ബാബുരാജ്, പാടിയത്: യേശുദാസ്, വർഷം 1971)
ചങ്ങമ്പുഴയുടെ ‘നാരികൾ, നാരികൾ! വിശ്വവിപത്തിന്റെ നാരായവേരുകൾ, നാരകീയാഗ്നികൾ...’ എന്ന വരികളിൽ പ്രചോദനം കൊണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയതാണ് ‘പൂച്ചസന്യാസി’ എന്ന സിനിമയിലെ,
‘നാരികൾ കലിയുഗ നാരികൾ
ഭൂവിലെ വിപത്തിൻ വേരുകൾ
അടുത്താൽ നൂലാമാലകൾ
അകന്നാൽ വയ്യാവേലികൾ
നാരികൾ കലിയുഗ നാരികൾ...’ (ചിത്രം പൂച്ചസന്യാസി, സംഗീതവും ആലാപനവും യേശുദാസ്, വർഷം 1981)
‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന പ്രിയദർശന്റെ സിനിമയിൽ എസ്. രമേശൻ നായർ എഴുതി എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ പ്രസിദ്ധമായ പാട്ടുണ്ട്.
‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
പുഷ്പങ്ങളാക്കുന്നു ഭാര്യ...’
യേശുദാസ് പാടുന്ന ഈ ഗാനത്തിൽ ‘എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത ചിത്രവിളക്കായ ഭാര്യയാണ് പെണ്ണ്. കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്നവളായും ദേവതയായും സൗന്ദര്യമായും അലങ്കരിച്ച് ചില്ലിട്ടു വെക്കുകയോ പ്രണയം, കാമം, കണ്ണുനീർ, വഞ്ചന, കഷ്ടപ്പാട് തുടങ്ങി സകല മസാലകളും പുരട്ടി പ്രദർശിപ്പിക്കുകയോ ചെയ്യുന്നവയായിരുന്നു സിനിമയിലെ പഴംപാട്ടുകളെന്നു ചുരുക്കം. സമൂഹത്തിന്റെ കാഴ്ചപ്പാട് സിനിമയിലെ പെണ്ണിലും പാട്ടുകളിലും പ്രതിഫലിച്ചതാവാം. സിനിമ ജനതയുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ മാത്രം അന്ന് വളർന്നിട്ടില്ലല്ലോ. സ്ത്രീപക്ഷ കാഴ്ചപ്പാടുകളും സമത്വബോധവും അക്കാലത്ത് വികസിച്ചുവന്നിട്ടില്ല. അതുകൊണ്ടു രക്ഷപ്പെട്ടവയാണ് പല പാട്ടുകളുമെന്നു തോന്നുന്നു.
സമൂഹം അനുദിനം പരിഷ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. സിനിമയും നാടകവും പാട്ടുകളുമുൾപ്പെടെ കലാരംഗമാകെ പരിഷ്കരിക്കപ്പെടുന്നുണ്ട്. കണ്ണുനീരിന്റെ പര്യായമോ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടതോ അടുക്കളയിൽ എരിഞ്ഞുതീരേണ്ടവരോ അല്ല സ്ത്രീകൾ. പുതിയകാല സിനിമകൾ അതുൾക്കൊള്ളുന്നുണ്ട്. ‘ജയ ജയ ജയ ജയഹേ’ എന്ന ചലച്ചിത്രം ഉദാഹരണം. സിനിമാഗാനങ്ങളും ഈ മാറ്റങ്ങൾക്കൊപ്പം ചേരുന്നുണ്ട്. അവയിൽ പെട്ട ചില പാട്ടുകളാണ് തുടക്കത്തിൽ സൂചിപ്പിച്ചത്.
‘ജ്വാലാമുഖമായ്പടർന്നുയർന്ന
കൊടുങ്കാറ്റാണീ
സ്ത്രീഭാവം
യാഗാശ്വങ്ങൾ
കുതറിയുണർന്ന
കുളമ്പടിയാണീ തുടിതാളം’
എന്നൊരു ഗാനം ‘അഗ്നിസാക്ഷി’ (1999) സിനിമയിൽ കൈതപ്രം എഴുതുന്നുണ്ട്. സംഗീതം: കൈതപ്രം, പാടിയത് യേശുദാസ്)
2016ൽ ഇറങ്ങിയ ‘പുതിയ നിയമം’ എന്ന ചിത്രത്തിലെ
‘പെണ്ണിന്നു ചിലമ്പിന്റെ
ഞെട്ടുന്നൊച്ച കിലുക്കത്തിൽ
നഗരമിതെരിയണ കനലിടുമൊരു പക
തന്നത്താനടച്ചിട്ട മുറിക്കുള്ളിൽ അടവച്ചു
വിരിയണ പുതിയൊരു കിളിമകളുടെ പക
ബാലേ രണശീലേ ഇവളാലേ
നാളെ പുതുനാളം തെളിയേണേ
ഈ ജന്മപാതയിൽ നീയേ വിധിയും
നീയേ നിയമവും നീ നിയതിയേ
ഓരോ മുറിവിനേയും
കഴുകി മായ്ക്കും പുലരിയേ
ക്രോധം മുടിയഴിച്ചും സിര തുടച്ചും
അണയവേ
ക്രോധം തുടൽ പറിഞ്ഞും
കുടലുടഞ്ഞും പിടയവേ’
എന്ന ഗാനം ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകാതിരിക്കില്ല.
(രചന: ബി.കെ. ഹരിനാരായണൻ, സംഗീതം: ഗോപി സുന്ദർ. പാടിയവർ: സയനോര ഫിലിപ്പ്, മഞ്ജരി)
എണ്ണത്തിൽ കുറവാണെങ്കിലും വനിതകളും മലയാള സിനിമയിൽ ശ്രദ്ധേയമായ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ‘കളിപ്പാവ’ എന്ന സിനിമ വിജയിച്ചില്ലെങ്കിലും അതിൽ സുഗതകുമാരി എഴുതിയ എല്ലാ പാട്ടുകളും നിലവാരം പുലർത്തി. ‘താമരപ്പൂവേ താരാട്ടാം...’ എന്നുതുടങ്ങുന്ന ഗാനം മികച്ച താരാട്ടുപാട്ടുകളിലൊന്നായി. ഒ.വി. ഉഷ എഴുതിയ ആരുടെ മനസ്സിലെ ഗാനമായി ഞാൻ (ചിത്രം: ഇങ്ക്വിലാബ് സിന്ദാബാദ്) ‘ആരാദ്യം പറയും...’ (ചിത്രം: മഴ) എന്നീ ഗാനങ്ങൾ മലയാളികൾക്ക് മറക്കാനാവുമോ? ഇനിയുമുണ്ട് സാന്നിധ്യമറിയിച്ച പെൺപാട്ടെഴുത്തുകാർ. ‘കാറ്റു പറഞ്ഞ് മയേം പറഞ്ഞ്...’ (രചന: ശകുന്തള രാജേന്ദ്രൻ, ചിത്രം: അഗ്നി), ‘അക്കരെ അക്കരെ അമ്പലമുറ്റത്ത്...’ (രചന: സുമംഗല, ചിത്രം ചെണ്ട), ‘ഏഴാം ഉദയത്തിൽ ഓമല്ലൂർക്കാവിൽ...’ (രചന: ശശികല മേനോൻ, ചിത്രം: വയനാടൻ തമ്പാൻ), ‘പൂക്കൾ വിടർന്നു...’ (രചന: മറിയാമ്മ ഫിലിപ്പ്, ചിത്രം: ആലിപ്പഴങ്ങൾ), ‘ഉഷസ്സിൽ കുളിരല പോലെ നീ വാ...’ (രചന: ജോളി തോമസ്, ചിത്രം: ഡിസംബർ), ‘നെഞ്ചില് കാളക്കുളമ്പ് കണ്ണില് കാരിരുൾ മുള്ള്’ (രചന: ലക്ഷ്മി ശ്രീകുമാർ, ചിത്രം: ഒടിയൻ), ‘കാട്ടുപൂവ് പോലുള്ളൊരു...’ (രചന: അഖില വെള്ളമുണ്ട, ചിത്രം: തുടി), ‘നമ്മൾ ഒന്നായീടും...’ (രചന: അഖില സായൂജ്, ചിത്രം: ചിത്രഹാർ). ‘നീയെ ഭൂവിൻ നാദം രൂപം’ (രചന: ധന്യ സുരേഷ് മേനോൻ, ചിത്രം: ദി ഗ്രേറ്റ് കിച്ചൺ)... ശ്രദ്ധിക്കപ്പെടാതെ പോയവർ ഇനിയുമുണ്ടാകാം.
പുതിയ കാലത്തിനൊപ്പം സിനിമകളിലും സിനിമാഗാനങ്ങളിലും സ്ത്രീയുടെ പുതിയ മുഖവും ഭാവവും കരുത്തും കാണാൻ കഴിയുന്നത് ആശ്വാസവും അഭിനന്ദനീയവുമാണ്. എന്നാൽ, സാഹിത്യത്തിലെ മറ്റെല്ലാ മേഖലയിലുമുള്ള സ്ത്രീമുന്നേറ്റം പാട്ടെഴുത്തിൽ കാണുന്നില്ല. ചലച്ചിത്ര ഗാനരംഗത്തേക്ക് പെണ്ണെഴുത്തുകാർ ഇനിയും കടന്നുവരേണ്ടിയിരിക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

