വാർഡിലെത്താൻ ഒരു തോണിയാത്ര !
text_fieldsഹേമലത
തൃക്കരിപ്പൂർ: ദ്വീപ് പഞ്ചായത്തായ വലിയപറമ്പിൽ യാത്രാക്ലേശമായിരുന്നു അന്നത്തെ പ്രതിസന്ധി. പഞ്ചായത്ത് പ്രസിഡന്റായ ടി.വി. ഹേമലത നടന്നാണ് വിവിധ പ്രദേശങ്ങളിലേക്ക് യാത്രചെയ്തത്. വലിയപറമ്പിൽ നിന്ന് തോണിയേറി തൃക്കരിപ്പൂരിലെത്തി അവിടെനിന്ന് ബസിൽ പയ്യന്നൂരിലും പിന്നീട് കവ്വായിയിലുമെത്തും. ഇവിടെനിന്ന് വീണ്ടും കടപ്പുറത്തേക്ക് തോണിയാത്ര. സ്വന്തം വാർഡിൽ എത്തിച്ചേരാൻ ഇത്രയേറെ കഷ്ടപ്പാടുകൾ അനുഭവിച്ച മറ്റൊരു ജനപ്രതിനിധിയുണ്ടാവില്ല!
വലിയപറമ്പിലേക്ക് ആദ്യത്തെ പാലം തുറക്കുന്നത് 1996ൽ ഓരിക്കടവിലാണ്. അതും ദ്വീപിന്റെ വടക്കേയറ്റത്ത്. പക്ഷേ വലിയപറമ്പ് പഞ്ചായത്ത് പരിസരം വരെ മാത്രമാണ് റോഡുള്ളത്. ഹേമലത വീണ്ടും വാർഡിലേക്കുള്ള ‘സാഹസിക’ യാത്ര തുടർന്നു.വളരെ അപ്രതീക്ഷിതമായാണ്, വനിത സംവരണത്തിന്റെ കൂടി ബലത്തിൽ ഹേമലത പ്രസിഡന്റാവുന്നത്.
1995ൽ വലിയപറമ്പിൽ എട്ട് വാർഡുകളായിരുന്നു ഉണ്ടായിരുന്നത്. ഇടതുമുന്നണിക്ക് മൂന്നും യു.ഡി.എഫിന് മൂന്നും കോൺഗ്രസിലെയും ലീഗിലെയും ഓരോ വിമത സ്ഥാനാർഥികളുമാണ് വിജയിച്ചത്. കോൺഗ്രസ് വിമതസ്ഥാനാർഥി യു.ഡി.എഫിനും ലീഗ് വിമത സ്ഥാനാർഥി എൽ.ഡി.എഫിനും പിന്തുണ നൽകിയപ്പോൾ ഇരുമുന്നണിക്കും നാലുവീതം വോട്ട് വന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മൂന്നാം വാർഡിൽനിന്ന് മത്സരിച്ച സി.പി.എമ്മിലെ ടി.വി. ഹേമലതയും യു.ഡി.എഫിലെത്തിയ കോൺഗ്രസ് പ്രതിനിധി സഫൂറയും.
നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ഹേമലതയെ. പ്രസിഡൻറിനെതിരെ യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നെങ്കിലും യോഗത്തിൽനിന്ന് ഭരണപക്ഷാംഗങ്ങൾ വിട്ടുനിന്നു. അതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടു. ഇരുമുന്നണിക്കും തുല്യശക്തിയുണ്ടായിട്ടും ഹേമലതക്ക് അഞ്ചു വർഷം ഭരണം പൂർത്തിയാക്കാൻ കഴിഞ്ഞു. തനത് ഫണ്ടില്ലായിരുന്ന ഇവരുടെ പഞ്ചായത്തിലെ പ്രഥമ ബജറ്റ് അടങ്കൽ കേവലം 25,000 രൂപയായിരുന്നു! 1995 മുതൽ 2000വരെ പ്രസിഡന്റായി. തൊട്ടടുത്ത ടേമിൽ വാർഡ് മെംബറായ ഹേമലത 2008ൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ആയി സർവിസിൽ പ്രവേശിച്ചു. ഇപ്പോൾ ജില്ല ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായ ഹേമലത എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

