വാർധക്യത്തിലും കരുത്തോടെ ലക്ഷ്മിയേട്ടി
text_fieldsവിറകുവെട്ട് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പടന്നയിലെ ലക്ഷ്മിയേട്ടി
ഇത് ലക്ഷ്മിയേട്ടി, പ്രായം 77. ചെറുപ്പക്കാർപോലും ചെയ്യാൻ മടിക്കുന്ന ജോലികൾ ഈ പ്രായത്തിലും ഏറ്റെടുത്ത് ചെയ്യാനുള്ള കരുത്തുണ്ട് ആ കൈകൾക്ക്. തെൻറ പ്രായത്തിലുള്ള പലരും വാർധക്യത്തിെൻറ അവശത പേറി ജീവിതം തള്ളിനീക്കുമ്പോൾ ഇപ്പോഴും കഠിനാധ്വാനം ചെയ്ത് തളരാതെ കരുത്തോടെ ജീവിതത്തെ നേരിട്ട് മുന്നോട്ടുതന്നെയാണ് ഉള്ളാടത്തി ലക്ഷ്മി എന്ന ലക്ഷ്മിയേട്ടി.
ഈ പ്രായത്തിനിടക്ക് ലക്ഷ്മിയേട്ടി ചെയ്യാത്ത ജോലികളില്ല. പൊതുവേ ആണുങ്ങൾ ചെയ്യുന്ന കോൺക്രീറ്റ് പണി, കല്ലുകെട്ട് പണി, പെയിൻറിങ്, പോളിഷ്, പുകയില്ലാ അടുപ്പ് നിർമാണം, കൈക്കോട്ടുപണി, വിറകുവെട്ടൽ അങ്ങനെ സമസ്ത മേഖലകളിലും കൈവെച്ചിട്ടുണ്ട്.
ഇതിനിടക്ക് പല അപകടങ്ങളും നടന്നിട്ടുണ്ട്, മരണത്തെ മുഖാമുഖം കണ്ടിട്ടുമുണ്ട്. എങ്കിലും ജോലികളിലെ വെല്ലുവിളി ഏറ്റെടുക്കുന്നതിന് അതൊന്നും തടസ്സമായിട്ടില്ല. ഇപ്പോൾ വിറകുവെട്ട് ജോലിയാണ് പ്രധാനമായും ചെയ്യുന്നത്.
പടന്ന വടക്കേപ്പുറത്ത് താമസിക്കുന്ന ലക്ഷ്മിയേട്ടിക്ക് നാല് പെൺമക്കളാണ്. ഭർത്താവ് 17 വർഷംമുമ്പ് ജീവിതത്തിൽനിന്നും യാത്ര പറഞ്ഞുപോയി. എങ്കിലും തളരാതെ പതറാതെ ജീവിതത്തോട് പടവെട്ടി മുന്നേറുകയാണ് ലക്ഷ്മിയേട്ടി.

