കുവൈത്ത് വനിത ദിനം; സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിന് ആദരവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വികസനത്തിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെ ആദരിച്ച് മേയ് 16 ന് കുവൈത്ത് വനിത ദിനം ആഘോഷിച്ചു. 2005 ൽ അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് സ്ത്രീകൾക്ക് പൂർണ രാഷ്ട്രീയ അവകാശങ്ങൾ അനുവദിച്ച ദിനം കൂടിയാണ് മേയ് 16ന്. വൈവിധ്യമായ മേഖലകളിൽ ശ്രദ്ധേയമായ സ്ഥാനങ്ങളിൽ ഇന്ന് കുവൈത്ത് വനിതകളുടെ സാന്നിധ്യം ഉണ്ട്.
2006 ൽ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ പങ്കാളികളായി കുവൈത്ത് രാഷ്രടീയ ചരിത്രത്തിൽ വനിതകൾ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി. 2009 ൽ കുവൈത്ത് ചരിത്രത്തിൽ ആദ്യമായി നാല് സ്ത്രീകൾ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിച്ച 17 വനിത സ്ഥാനാർഥികളിൽ നിന്നാണ് ഡോ. മസൂമ അൽ മുബാറക്, ഡോ. അസീൽ അൽ അവാദി, ഡോ.റോള ദഷ്തി, ഡോ.സൽവ അൽ ജാസർ എന്നിവർ ദേശീയ അസംബ്ലിയിലെത്തിയത്.
പിന്നീട് വിവിധ ഘട്ടങ്ങളിലായി നിരവധി വനിതകൾ ദേശീയ അസംബ്ലിയിലെത്തി. ഇന്ന് കുവൈത്ത് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, സാമൂഹിക കാര്യ-കുടുംബ-ബാല്യകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല, ധനകാര്യ സഹമന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ മന്ത്രിയുമായ നൂറ അൽ ഫസാൻ എന്നിങ്ങനെ മൂന്ന് വനിത മന്ത്രിമാരുണ്ട്.
ഡോ. നൂറ അൽ മഷാൻ, ഡോ. അംതാൽ അൽ ഹുവൈല, നൂറ അൽ ഫസാൻ
ഗവൺമെന്റിന്റെ ഉന്നത പദവികളിൽ 28 ശതമാനം സ്ത്രീകളാണ്. നയതന്ത്ര മേഖല, സുരക്ഷ, എണ്ണ, നീതി തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. കുവൈത്ത് സെൻട്രൽ ബാങ്കിൽ നേതൃ പദവികളിൽ 41 ശതമാനം സ്ത്രീകളാണ്. ബാങ്കിങ് മേഖലയിൽ തൊഴിൽ ശക്തിയുടെ 35 ശതമാനവും വനിതകൾ പ്രതിനിധീകരിക്കുന്നു. പൊതുമേഖലയിലെ ദേശീയ തൊഴിൽ സേനയുടെ 60 ശതമാനവും സ്വകാര്യ മേഖലയിൽ ഏകദേശം 48 ശതമാനവും സ്ത്രീകളാണ്. രാജ്യത്തെ മുതിർന്ന നേതൃസ്ഥാനങ്ങളിൽ 28 ശതമാനവും വനിതകൾ വഹിക്കുന്നു.
വൈദ്യശാസ്ത്രം, എൻജിനീയറിങ്, ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലും കുവൈത്ത് വനിതകൾ മുന്നേറുന്നു. ഫോർബ്സിന്റെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളിൽ അടുത്തിടെ ആറ് കുവൈത്ത് സ്ത്രീകൾ ഇടം നേടി. സൈബർ സുരക്ഷ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം എന്നിവയിൽ പലരും ആഗോള അംഗീകാരം നേടിയിട്ടുണ്ട്.സ്ത്രീ ശാക്തീകരണ മേഖലയിലും കുവൈത്ത് മുൻനിര രാജ്യമാണ്. സ്ത്രീ സംരംഭകരെയും ഉൽപാദനക്ഷമമായ കുടുംബങ്ങളെയും പിന്തുണക്കുന്നതിനുള്ള വിവിധ സംരംഭങ്ങളും നിലവിലുണ്ട്. ലിംഗസമത്വത്തിനായുള്ള കുവൈത്തിന്റെ പ്രതിബദ്ധതക്കു തെളിവാണ് ഈ നേട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

