കുടുംബശ്രീക്ക് അഭിമാനം 10 വനിതകൾ
text_fieldsഅംഗൻവാടികൾക്കുള്ള പോഷകാഹാര ഉൽപാദന യൂനിറ്റിൽ പ്രവർത്തിക്കുന്ന വനിതകൾ
അങ്കമാലി: പോഷകാഹാര ഉൽപാദന മേഖലയില്‍ കുടുംബശ്രീ മിഷന് അഭിമാനമായി പെൺകരുത്തിന്‍റെ വിജയഗാഥ. നെടുമ്പാശ്ശേരി പഞ്ചായത്ത് കാര്യാലയത്തിന് സമീപം ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന അംഗൻവാടികള്‍ക്കുള്ള പോഷകാഹാര ഉൽപാദന യൂനിറ്റാണ് പെണ്‍കൂട്ടായ്മക്ക് മാതൃകയാകുന്നത്. വനിത ശിശുവികസന വകുപ്പിന്‍റെ സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ മിഷന്‍ സംരംഭത്തില്‍ 10 വനിതയാണ് പങ്കാളികൾ.
നെടുമ്പാശ്ശേരിയിലെ അഞ്ച് കുടുംബശ്രീകളില്‍ പ്രവര്‍ത്തിച്ചിരുന്ന സൂസി സാജു (പ്രസി), ഹെലനി ബെന്നി (സെക്ര), സിമി എല്‍ദോസ് (കണ്‍സോർട്ട്യം മെംബര്‍), ലിജി ജേക്കബ്, ഷീജാ പോള്‍, ബിന്ദു രാജന്‍, മിനി ജേക്കബ്, ഷീബ ജോണി, സോബി എല്‍ദോ, ഷിബി പോള്‍ എന്നിവരാണ് പദ്ധതി നടത്തിപ്പുകാര്‍. കുഞ്ഞുങ്ങള്‍ക്ക് പൂരക പോഷകാഹാരമായ 'അമൃതം ന്യൂട്രിമിക്സും', ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള 'സഫല പോഷകപ്പൊടി' യുമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇതിനായി ആധുനിക രീതിയിലുള്ള യന്ത്രങ്ങളും ഉപയോഗിക്കുന്നു.
അങ്കമാലി നഗരസഭ, പാറക്കടവ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മുന്നൂറോളം അംഗൻവാടികളിലാണ് പോഷകാഹാരം വിതരണം ചെയ്യുന്നത്. സഫല പോഷകപ്പൊടി ചെങ്ങമനാട്, കുന്നുകര പഞ്ചായത്തുകളിലും. ഇതിന് പ്രതിമാസം 15,000 കിലോ അമൃതം പൊടിയും 1000 കിലോ സഫലപ്പൊടിയും ഉൽപാദിപ്പിക്കുന്നു.
2500 രൂപ വീതം അംഗങ്ങളുടെ വിഹിതവും അഞ്ച് ലക്ഷത്തോളം വായ്പയുമെടുത്ത് 2006 മാര്‍ച്ച് 13നാണ് സംരംഭം തുടങ്ങിയത്. വാര്‍ഡുതല കുടുംബശ്രീകളിൽ പ്രവർത്തിച്ചപ്പോൾ കാര്യമായ നേട്ടം കൈവരിക്കാനായില്ലെങ്കിലും അനുഭവങ്ങളും അറിവുകളും കഴിവുകളും നൂതന നവീകരണ സംരംഭം പരിപോഷിപ്പിക്കാന്‍ പ്രേരകമായെന്നാണ് വനിതകളുടെ അഭിപ്രായം. മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിർമാണം പൂര്‍ത്തിയാക്കാനും മറ്റും സംരംഭത്തില്‍നിന്നുള്ള വരുമാനം സഹായകമാകുന്നതിനാല്‍ പൂര്‍ണ സംതൃപ്തരാണെന്നും ഇവർ പറയുന്നു.