ദി ട്രാവലർ ശ്രീ
text_fieldsആറളത്തെ ട്രൈബൽ സ്കൂൾ കുട്ടികൾക്കൊപ്പം കുടുംബശ്രീ
ദി ട്രാവലർ സംഘം ചൂട്ടാട് ബീച്ചിൽ
കണ്ണൂർ: സ്വന്തം കാലിൽ നിൽക്കാനും സ്വയം പര്യാപ്തമാക്കാനും വനിതകളെ പ്രാപ്തരാക്കിയ കുടുംബശ്രീ പ്രസ്ഥാനം യാത്ര തുടരുകയാണ്. കാടും മേടും കടലും കണക്കില്ലാതെ കൺനിറയെ കാഴ്ചകൾ കാണാനും ജോലിത്തിരക്കിന്റെ വിരസത മാറ്റാനും സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദ യാത്രയൊരുക്കുകയാണ് കുടുംബ ശ്രീ ദി ട്രാവലർ.
യാത്രകൾ സ്നേഹിക്കുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജ് ഒരുക്കി കേരളത്തിനകത്തും പുറത്തുമായി വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ മിഷൻ ജില്ല നേതൃത്വത്തിൽ പുതുതായി തുടങ്ങിയ ദ ട്രാവലർ വനിത ടൂർ എന്റർപ്രൈസസിൽ യാത്രകളുടെ ആസൂത്രണവും മേൽനോട്ടവും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം സ്ത്രീകളാണ്.
അടിമുടിയൊരു പെൺയാത്ര. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ ഏഴ് പേരാണ് ട്രാവലറിന് നേതൃത്വം നൽകുന്നത്. സംരംഭത്തിനാവശ്യമായ പ്രാഥമിക മുടക്കുമുതൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ് പദ്ധതിയിൽപെടുത്തി ജില്ല മിഷൻ അനുവദിച്ചു.
ആദ്യയാത്ര ഈ മാസം ആറിന് കതിരൂരിലെ കുടുംബശ്രീ പ്രവർത്തകരുമായി കുടകിലേക്കായിരുന്നു. സെക്രട്ടറി വി. ഷജിന, പ്രസിഡന്റ് ലയ കെ. പ്രേം, കെ.വി. മഹിജ, വി. ഷജിന, കെ. സിമിഷ, സി.കെ. രാഗിത, സുഷമ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. ടൂർ ഗൈഡുകളും ഇവർ തന്നെ.
യൂട്യൂബും ട്രാവൽ വ്ലോഗുകളും നോക്കി സ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കി യാത്രക്കാർക്ക് പറഞ്ഞുകൊടുത്തു. ആദ്യയാത്രയായതിനാൽ വെല്ലുവിളികൾ ഏറെയായിരുന്നെങ്കിലും ദുബാരെ ആനക്യാമ്പും ഗോൾഡൻ ടെമ്പിളുമെല്ലാം കണ്ട് സുരക്ഷിതമായി തിരിച്ചെത്താനായെന്ന് ടൂർ ഓപറേറ്റർ കെ.വി. മഹിജ പറഞ്ഞു.
ആദ്യയാത്ര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ അടുത്ത ദിവസം തന്നെ കുടകിലേക്ക് രണ്ടാം യാത്ര. ഇത്തവണ മാങ്ങാട്ടിടത്തെ കുടുംബശ്രീക്കാർ.
ഒടുവിൽ വ്യാഴാഴ്ച ആറളത്തെ ട്രൈബൽ സ്കൂൾ കുട്ടികളുമായി മാട്ടൂലും ചൂട്ടാട് ബീച്ചുമെല്ലാം കണ്ട് തിരിച്ചെത്തി. ആദ്യമായി കടൽ കാണുന്നവർ ഏറെയായിരുന്നു. പുതിയ യാത്രകൾക്കായി ബുക്കിങ് തുടരുകയാണ്. പാക്കേജുകൾ അന്വേഷിച്ച് നിരവധിപേർ വിളിക്കുന്നുണ്ട്.
യാത്രക്കായി ബസുകൾ വാടകക്കെടുക്കുകയാണ്. പരിചയമില്ലാത്തയിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് വയർ ചീത്തയാക്കേണ്ടിവരില്ല. യാത്രാസംഘത്തിന് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂനിറ്റുകളെയും ഹോട്ടലുകളെയും ചുമതലപ്പെടുത്തും.
ജില്ലയിൽ എത്തിയ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ 30 ശതമാനം വർധനയുണ്ടായെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിൽ ജില്ലക്കകത്ത് തന്നെ നിരവധിയിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ട്രാവലർ.
ആദ്യഘട്ടത്തിൽ ഏകദിന യാത്രകളും തുടർന്ന് രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകളുമാണ് ആസൂത്രണം ചെയ്യുക. മേയ് 23, 25 തീയതികളിൽ അടുത്ത യാത്രക്ക് ഒരുങ്ങുകയാണ് ട്രാവലർ സംഘം.
വരൂ, യാത്രപോകാം
വിളിക്കൂ കുടുംബശ്രീ
ദി ട്രാവലർ: 7012446759, 9207194961, 8891438390