‘ഗായത്രി ഫുഡ് പ്രോഡക്ട്’ ഹിറ്റ്
text_fieldsഅനിതകുമാരി ഫുഡ് പ്രോഡക്ട് യൂനിറ്റിൽ ജോലിക്കിടെ
കൊട്ടാരക്കര: ഇടയ്ക്കിടം പാക്കോട് ഗായത്രി ഫുഡ് പ്രോഡക്ട് കുടുംബശ്രീയിൽ ഇപ്പോൾ ഹിറ്റാണ്. കൊട്ടാരക്കര ബ്ലോക്കിന്റെ അഭിമാനമാണ് ഈ സംരംഭം.
പരമ്പരാഗതമായ രീതിയിൽ ഉണ്ടാക്കിയ ഭക്ഷ്യധാന്യ പൊടികളിലൂടെ മാതൃക തീർത്ത് ഈ വർഷം കൊല്ലം ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകക്കുള്ള അവാർഡ് സ്വന്തമാക്കിയത് അനിതയാണ്. മുളക്, മല്ലി പൊടി, അരി പൊടി, ഗോതമ്പ് പൊടി, അരിയുണ്ട, ഏത്തക്ക പൊടി, മഞ്ഞ പൊടി, കൂവരക്, അച്ചാറുകളായ നാരങ്ങ, വെളുത്തുള്ളി എന്നിവ വിപണിയിലെത്തിച്ചു.
ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിച്ചു. ഏറ്റവും പുതിയ ഉൽപന്നമായ ചക്ക പൊടിയാണ് ആരാധകരെ ഏറെ ആകർഷിക്കുന്നത്. ചക്ക ആവിയിൽ പുഴുങ്ങി ശേഷം വെയിലത്ത് വെച്ച് ഉണക്കും.
പിന്നീട് പൊടിച്ച് വറുത്തെടുക്കുന്നതാണ് രീതി. വൈറ്റമിൻ അളവ് വളരെ കൂടുതലായ ഈ ചക്ക പൊടി ഉപയോഗിച്ച് ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കാം. അനിതയുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സംരംഭത്തിൽ നിരവധി കുടുംബശ്രീ പ്രവർത്തകരാണ് ജോലിക്കാരായി ഉള്ളത്.
കഴിഞ്ഞ ഓണ സീസണിൽ 30,000 പാക്കറ്റ് ചിപ്സ്, ശർക്കരവരട്ടി എന്നിവ വിപണിയിൽ വിൽക്കാൻ ഇവർക്ക് സാധിച്ചു. യന്ത്രത്തിന്റെ സഹായമില്ലാതെ പരമ്പരാഗതമായ രീതിയിൽ ഇത്തരം ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്.
തമിഴ്നാട്ടിൽനിന്ന് ചോളം ഇറക്കുമതി ചെയ്യുന്നുണ്ട്. ചോളത്തിൽനിന്ന് പൊടി ഉൽപാദിപ്പിക്കുന്ന രീതി സരസ്സ് മേളയിൽ പോലും തരംഗമായി. ഓടനാവട്ടം, കരീപ്ര എന്നീ രണ്ട് ഔട്ട്ലെറ്റുകളാണ് ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രങ്ങൾ. കരീപ്രയിലെ സി.ഡി.എസ് പ്രവർത്തകർ എല്ലാവിധ സഹായങ്ങളുമായി അനിതകുമാരിയുടെ സംരംഭത്തിനൊപ്പമുണ്ട്.