ഹണിക്ക് മൂന്നാം ഊഴം, ആദ്യമായി എസ്. ജയൻ
text_fieldsകോർപറേഷനിൽ ഡെപ്യൂട്ടി മേയറായ എസ്. ജയനെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ഹണി ബെഞ്ചമിൻ ഹസ്തദാനം ചെയ്യുന്നു. മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സമീപം
കൊല്ലം: കോർപറേഷൻ മേയർ പദത്തിൽ കൂടുതൽ തവണ എത്തിയയാൾ എന്ന നേട്ടവുമായി സി.പി.ഐയുടെ വടക്കുംഭാഗം കൗൺസിലർ ഹണി ബെഞ്ചമിൻ ചുമതലയേറ്റു. വള്ളിക്കീഴിൽ നിന്നുള്ള സി.പി.എം കൗൺസിലർ എസ്. ജയൻ ആദ്യമായി ഡെപ്യൂട്ടി മേയർ പദവിയിലുമെത്തി. വ്യാഴാഴ്ച കൗൺസിൽ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇരുവരെയും തെരഞ്ഞെടുത്തത്. എൽ.ഡി.എഫിന് 38 അംഗങ്ങളും യു.ഡി.എഫിന് 10 അംഗങ്ങളും ബി.ജെ.പിക്ക് ആറ് അംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരംഗവുമുള്ള കൗൺസിലിൽ 50 കൗൺസിലർമാരാണ് വോട്ടിടാൻ എത്തിയത്. സി.പി.എമ്മിന്റെ എൽ. സിന്ധുറാണി അനാരോഗ്യം കാരണം എത്തിയില്ല.
കോൺഗ്രസിന്റെ ഹംസത്ത് ബീവി, ശ്രീദേവിയമ്മ, ബി.ജെ.പിയുടെ കൃപ വിനോദ്, എസ്.ഡി.പി.ഐയുടെ കൃഷ്ണേന്ദു എന്നിവരാണ് എത്താതിരുന്ന മറ്റുള്ളവർ. കൗൺസിലിലെത്തിയെങ്കിലും ബി.ജെ.പിയുടെ മറ്റ് അഞ്ച് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് പൂർണമായും വിട്ടുനിന്നു. മേയർ സ്ഥാനത്തേക്ക് എം. സുമിയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എം. പുഷ്പാംഗദനും യു.ഡി.എഫ് സ്ഥാനാർഥികളായി.
ഹണി ബെഞ്ചമിനെ മേയർ സ്ഥാനത്തേക്ക് സ്ഥാനമൊഴിഞ്ഞ മേയർ പ്രസന്ന ഏണസ്റ്റ് ആണ് നിർദേശിച്ചത്. മുൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു പിന്താങ്ങി. എം. സുമിയെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ നിർദേശിച്ചു. കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പിന്താങ്ങി. എസ്. ജയനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സി.പി.ഐ കൗൺസിലർ സജീവ് സോമൻ നിർദേശിച്ചു. സ്ഥിരം സമിതി അധ്യക്ഷ എസ്. ഗീതാകുമാരി പിന്താങ്ങി.
ആർ.എസ്.പിയുടെ ശക്തികുളങ്ങര കൗൺസിലർ എം. പുഷ്പാംഗദന്റെ പേര് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് നിർദേശിച്ചു. ആർ.എസ്.പിയുടെ എസ്. സ്വർണമ്മ പിന്താങ്ങി. രാവിലെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഹണി ബെഞ്ചമിൻ എട്ടിനെതിരെ 37 വോട്ടുകൾക്ക് ജയം നേടിയപ്പോൾ ഉച്ചക്ക് ശേഷം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും സമാനമായിരുന്നു ഫലം.
വരണാധികാരിയായ കലക്ടർ എൻ. ദേവിദാസ് ചൊല്ലിക്കൊടുത്ത സത്യവാചകം ദൃഢപ്രതിജ്ഞയോടെ ഏറ്റുചൊല്ലി ഹണി ബെഞ്ചമിൻ അധികാരമേറ്റു. എം. നൗഷാദ് എം.എൽ.എ, സി.പി.ഐ അസി. സെക്രട്ടറി എം.എസ്. താര, പ്രസന്ന ഏണസ്റ്റ്, ജി. ലാലു, കൊല്ലം മധു, എസ്. ഗീതാകുമാരി, എ. രാജീവ് എന്നിവർ മേയറെ അനുമോദിച്ചു. ഉച്ചക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട എസ്. ജയന് മേയർ ഹണി ബെഞ്ചമിൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസന്ന ഏണസ്റ്റ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, കൊല്ലം മധു, എസ്. ഗീതാകുമാരി, മോഹൻദാസ്, മനോജ്, വിനീത വിൻസന്റ് എന്നിവർ ഡെപ്യൂട്ടി മേയറെ അനുമോദിച്ചു.
കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ ഹണി ബഞ്ചമിൻ ബാലവേദിയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. എ.ഐ.എസ്.എഫിലൂടെ സംഘടന പ്രവർത്തനം ആരംഭിച്ചു. എ.ഐ.എസ്.എഫ് ജില്ല ജോയിന്റ് സെക്രട്ടറിയായും ജില്ല വൈസ് പ്രസിഡന്റായും കലാലയ രാഷ്ട്രീയത്തിൽ സജീവമായി. 12 വർഷക്കാലം കുടുംബശ്രീ സി.ഡി.എസ് ആയി പ്രവർത്തിച്ച ഹണി, 2005ൽ ഉളിയക്കോവിൽ ഡിവിഷനില്‍ നിന്നും മത്സരിച്ച് ആണ് ആദ്യമായി കോർപറേഷൻ കൗണ്‍സില്‍ അംഗമായത്. ആ ഭരണസമിതിയിലാണ് ആദ്യമായി മേയർ ആയത്. നിരവധി സ്ഥിരം സമിതികളുടെ അധ്യക്ഷയായി പ്രവർത്തിച്ചു. 2010 മുതൽ വടക്കുംഭാഗം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. 2015 ഭരണസമിതിയുടെ അവസാന വർഷമാണ് രണ്ടാമത് മേയർ ആയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, കേരള മഹിള സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ആനിമൽ വെൽഫയർ ബോർഡ് മെമ്പർ, ഡി.പി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവ് ജെ. ബഞ്ചമിൻ മുന്‍ ആർ.എം.എസ് ഉദ്യോഗസ്ഥനാണ്. ഡോ. ഹമാൻ ജോസഫ് ബെഞ്ചമിനും സാന്ദ്ര ജോസഫ് ബെഞ്ചമിനും മക്കളാണ്.
മൂന്നാം തവണ കൗൺസിലറായ എസ്. ജയൻ നിലവിൽ ക്ഷേമ സമിതി അധ്യക്ഷനായിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ സമിതി അധ്യക്ഷനായി. സി.ഐ.ടി.യു അഞ്ചാലുംമൂട് ഏരിയ സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ കൊല്ലം ഏരിയ സെക്രട്ടറി, ജില്ല ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് ജയൻ നിവാസിലാണ് താമസം. പടി. കൊല്ലം സഹകരണ ബാങ്ക് ജീവനക്കാരി ഷീജയാണ് ഭാര്യ. ദേവിപ്രിയ മകളാണ്.
‘വികസന പദ്ധതികൾക്ക് ഊന്നൽ’
വരും നാളുകളിൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കും. ഇടതുസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്നതും മുൻ മേയറുടെ നേതൃത്വത്തിൽ കൊണ്ടുവന്നതുമായ വികസന പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മാലിന്യ സംസ്കരണം ഉൾപ്പെടെ വിവിധ ജനക്ഷേമ വികസന പദ്ധതികളും നൂതന പരിപാടികളും മാതൃകാപരമായി നടപ്പിലാക്കും. -ഹണി ബഞ്ചമിന്, മേയർ
‘പാവപ്പെട്ടവർക്കൊപ്പം’
പാവപ്പെട്ടവർക്ക് മുന്നിൽ കോർപറേഷൻ വാതിൽ എപ്പോഴും തുറന്നുകിടക്കും. അവർക്ക് എല്ലായ്പ്പോഴും സഹായങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പാണ് നൽകാനുള്ളത്. പുതിയ കാര്യങ്ങൾ ഒന്നും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയല്ല, ഈ ഭരണസമിതിയുടെ മുൻ ചുമതലക്കാർ ആരംഭിച്ച മികവുറ്റ വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോയി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിന് ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. - എസ്. ജയൻ, ഡെപ്യൂട്ടി മേയർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

