Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഖാലിദ സിയ: കരുത്തിന്റെ...

ഖാലിദ സിയ: കരുത്തിന്റെ പേര്

text_fields
bookmark_border
ഖാലിദ സിയ: കരുത്തിന്റെ പേര്
cancel

ധാക്ക: ഒരുവശത്ത് ശൈഖ് ഹസീന. മറുവശത്ത് ഖാലിദ സിയ. ഇങ്ങനെയായിരുന്നു പതിറ്റാണ്ടുകളോളം ബംഗ്ലാദേശ് രാഷ്ട്രീയം. പാകിസ്താനിലെ ബേനസീർ ഭുട്ടോക്ക് ശേഷം മുസ്‍ലിം ലോകത്ത് പ്രധാനമന്ത്രി പദവിയിലെത്തുന്ന വനിതയായിരുന്നു ഖാലിദ സിയ. 1975 മുതൽ രാജ്യത്ത് നിലനിന്ന അർധ സൈനിക ഭരണത്തിന് അറുതിവരുത്തി ജനാധിപത്യത്തിന്റെ വെളിച്ചം കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബി.എൻ.പി പ്രവർത്തകരുടെ ആവേശവും പ്രതീക്ഷയുമായി അവർ ബംഗ്ലാ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.

ഖാലിദ ഖാനം പുതുൽ എന്നാണ് മുഴുവൻ പേര്. 1945ൽ അവിഭക്ത ഇന്ത്യയിലെ ജൽപായ്ഗുരിയിൽ ജനിച്ചു. ജൽപായ്ഗുരി ഇപ്പോൾ പശ്ചിമ ബംഗാളിലാണ്. പിതാവ് ഇസ്കന്ദർ അലി മജുംദാർ. മാതാവ് ത്വയ്യിബ. വിഭജന ശേഷം കുടുംബം ദിനാജ്പുരിലേക്ക് കുടിയേറി. ദിനാജ്പുർ മിഷനറി സ്കൂളിലും ഗേൾസ് സ്കൂളിലും പഠിച്ച ഖാലിദ താൻ സ്വയം വിദ്യാഭ്യാസം നേടിയ ആളാണ് എന്നാണ് പറയാറുള്ളത്.

1960ൽ അവിഭക്ത പാകിസ്താൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാഉർറഹ്മാനെ കല്യാണം കഴിച്ചു. ഭർത്താവിനൊപ്പം പടിഞ്ഞാറൻ പാകിസ്താനിലേക്ക് പോയ അവർ 69ൽ തിരിച്ചെത്തി. 1971ൽ യുദ്ധകാലത്ത് പാകിസ്താൻ സൈന്യത്തിന്റെ കണ്ണിൽ പെടാതിരിക്കാൻ ഒളിവിൽ കഴിഞ്ഞു. എങ്കിലും പിന്നീട് പിടിയിലായി.

1977ൽ സിയാഉർറഹ്മാൻ രാജ്യത്തിന്റെ പ്രസിഡന്റായി. 1981 മേയ് 30ന് വധിക്കപ്പെട്ടു. 1982ൽ ഖാലിദ സിയ ഭർത്താവ് സ്ഥാപിച്ച ബി.എൻ.പിയിൽ അംഗത്വമെടുത്തു. 82 മാർച്ചിൽ ബംഗ്ലാദേശ് സൈനിക തലവൻ ഹുസൈൻ മുഹമ്മദ് ഇർശാദ് ബി.എൻ.പി നേതാവും പ്രസിഡന്റുമായ അബ്ദുസ്സത്താറിനെതിരെ സൈനിക അട്ടിമറി നടത്തി അർധ സൈനിക ഭരണം സ്ഥാപിച്ചു. ഇത് ഒമ്പതു വർഷമാണ് നീണ്ടത്.

ഈ കാലയളവിലുടനീളം അവർ സൈനിക ഭരണത്തിനെതിരെയും ജനാധിപത്യത്തിനുവേണ്ടിയും നിലകൊണ്ടു. ഇർശാദിനെതിരെ വിവിധ പാർട്ടികളെ അണിനിരത്തി മുന്നണിയുണ്ടാക്കുന്നതിൽ വിജയിച്ചു. 83ൽ ധാക്കയിലെ സെക്രട്ടേറിയറ്റ് മന്ദിരം വളഞ്ഞ പ്രസിദ്ധമായ ഘെരാവോ സമരത്തിന് നേതൃത്വം നൽകി. ഖാലിദ സിയയെ സൈന്യം വീട്ടുതടങ്കലിലാക്കി. 84ൽ പാർട്ടി അധ്യക്ഷയായി. തുടർന്ന് ഇർശാദിന്റെ സൈനിക ഭരണത്തിനെതിരെ നേർക്കുനേർ പോരാട്ടം നടത്തി. ഇത് ആത്യന്തികമായി 1990ൽ ഇർശാദിന്റെ രാജിയിൽ കലാശിച്ചു.

പിന്നീട് 1991 മുതൽ 1996 വരെയും 1996ൽ ഏതാനും ആഴ്ചകളും പിന്നീട് 2001 മുതൽ 2006 വരെയും അവർ പ്രധാനമന്ത്രിയായി. രാജ്യത്ത് വിദ്യാഭ്യാസം ജനകീയവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സാമ്പത്തിക നയങ്ങളും ശ്രദ്ധേയമായി. രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണരീതി മാറ്റി പാർലമെന്ററി സംവിധാനം കൊണ്ടുവന്നു. അതോടെ അധികാരം പ്രധാനമന്ത്രിക്കായി. വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി.

90കളിൽതന്നെ എതിർപക്ഷത്തുള്ള അവാമി ലീഗിലെ ശൈഖ് ഹസീനയുമായി നേർക്കുനേർ ഏറ്റുമുട്ടലിലായിരുന്നു. ഈ യുദ്ധം 2008 മുതൽ ഹസീനക്ക് അനുകൂലമായി. അത് 2024ലെ ജനകീയ പ്രക്ഷോഭത്തിൽ രാജ്യംവിടുന്നതുവരെ തുടർന്നു. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഹസീന ഭരണകൂടം ഖാലിദ സിയയെ ജയിലിലും വീട്ടുതടങ്കലിലുമാക്കി. ഹസീന അധികാരഭ്രഷ്ടയായ ശേഷമാണ് ഖാലിദ മോചിതയായത്.

ഖാലിദ സിയയുടെ വിയോഗത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് ഹസീന അഭിപ്രായപ്പെട്ടു. ഖാലിദക്കായി പ്രാർഥന നടത്തിയ അവർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh Nationalist Partykhaleda ziaWorld NewsBangladesh Prime Minister
News Summary - Khaleda zia The name of strength
Next Story