വരൂ, കവ്വായിക്കായലിൽ തുഴയെറിയാം...
text_fieldsകവ്വായിക്കായലിൽ മാൻഗ്രൂവ് വൈബ്സിന്റെ ബോട്ടിങ്
തൃക്കരിപ്പൂർ: കവ്വായിക്കായലിന്റെ സാമീപ്യംകൊണ്ട് അനുഗ്രഹീതമായ ഉടുമ്പുന്തല ഗ്രാമം. അവിടെ നിന്ന് വലിയപറമ്പിലെ മാടക്കാലിലേക്ക് കായലിലൂടെയുള്ള ബണ്ട്. വേലിയേറ്റ , വേലിയിറക്കങ്ങൾ കായലിൽ തീർക്കുന്ന അനന്തമായ കാഴ്ച വൈവിധ്യങ്ങൾ.
കായലിന് നടുവിലായി ചന്തം വിടർത്തി നിൽക്കുന്ന കണ്ടൽചെടികൾ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ മേഖലയിൽ ഉടുമ്പുന്തലയിലെ ജാസ്മിൻ അയൽക്കൂട്ടം കയാക്കിങ് തുടങ്ങുന്നത് മൂന്നുവർഷം മുമ്പാണ്.
ജാസ്മിൻ കുടുംബശ്രീ യൂനിറ്റ് അംഗം വി.കെ. സമീറയാണ് കയാക്കിങ് പ്രോജക്ട് ജില്ല മിഷനിൽ സമർപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സഹോദരൻ ഹാരിസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ മാൻഗ്രൂവ് വൈബ്സ് എന്ന പേരിൽ പദ്ധതി നടപ്പായി.
മൂന്നുലക്ഷം രൂപയാണ് കുടുംബശ്രീ ജില്ല മിഷൻ പലിശരഹിത വായ്പ അനുവദിച്ചത്. ഇപ്പോൾ കയാക്കുകൾക്ക് പുറമെ, പെഡൽ ബോട്ടുകൾ, ബോട്ടുകൾ എന്നിവയും ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾ നിറഞ്ഞ മനസ്സോടെ നല്ല ഓർമകളുമായാണ് മടങ്ങുന്നതെന്ന് ഇവർ ഉറപ്പുവരുത്തുന്നു.
അതിരാവിലെയാണ് കയാക്കിങ്ങിന് അനുയോജ്യമായ സമയം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ യാത്രയും. ലൈഫ് ജാക്കറ്റ് നിർബന്ധം. ഇതിനുപുറമെ പരിശീലനം നേടിയ ലൈഫ് ഗാർഡും യാത്രികർക്ക് നിർദേശങ്ങൾ നൽകുന്നു. വേലിയേറ്റ നേരങ്ങളിൽ പോലും പരമാവധി മൂന്നരയടിയാണ് കായലിലെ ജലനിരപ്പ്.
അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് പോലും സുരക്ഷിതമായി ആസ്വദിക്കാൻ കഴിയും. വേലിയിറക്ക നേരത്ത് കണ്ടൽ മേഖല ഒരു ചെറുതുരുത്തായാണ് അനുഭവപ്പെടുക. സഞ്ചാരികൾ ഇവിടെ കളികളിൽ ഏർപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും സഞ്ചാരികൾ ധാരാളമായി ഇവിടെയെത്തുന്നു.
കായലിനരികെ ഇരിപ്പിടങ്ങൾ, നടപ്പാത, ശുചിമുറികൾ എന്നിവ ഉണ്ടായാൽ കൂടുതൽ സഞ്ചാരികൾ ഇവിടെയെത്തും. ഒരുപ്രദേശത്ത് ഒന്നിലേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം നടപ്പായാൽ അടിസ്ഥാന സൗകര്യ വികസനം ഉണ്ടാവുമെന്നും ഇവർ കരുതുന്നു.