അതേ..., എന്റെ ഓണാഘോഷം ഇങ്ങനെയാണേ...
text_fieldsകവിത രാജ്
‘അതേ ... ഓണമിങ്ങെത്തിയപ്പോൾ എന്റെ മനസ്സ് മുഴുവനങ്ങ് നാട്ടിലാണേ. ആലപ്പുഴ ഹരിപ്പാട്ടെ തറവാട് വീട്ടിലെ വരാന്തയിലും മുറ്റത്തും തൊടിയിലുമൊക്കെ ഇങ്ങനെ ഓടിച്ചാടി നടക്കുവാണേ’- ഓണം ഓർമകളെ കുറിച്ച് ഞാനൊരു വിഡിയോ ചെയ്താൽ അത് തുടങ്ങുന്നത് ഇങ്ങനെയായിരിക്കുമെന്നുറപ്പ്. കാരണം, പൂക്കളമിട്ടും ഊഞ്ഞാലാടിയും സദ്യയുണ്ടും പണ്ട് അച്ഛന്റെയും അമ്മയുടെയും ഗ്രാൻഡ് പേരന്റ്സിന്റെയുമൊക്കെ കൂടെ ഓണമാഘോഷിച്ചതിന്റെ കൊതി തീരാത്തൊരു കുട്ടി ഇന്നുമെന്റെ ഉള്ളിലുണ്ട്.
അതെന്താന്നറിയുമോ? എത്ര വലുതായാലും നമ്മളെ കൊച്ചുകുട്ടിയാക്കുന്ന ഒരു മാജിക്കുണ്ട് ഈ ഓണത്തിന്. ലോസ് ആഞ്ജലസിലേക്ക് ഹരിപ്പാടിനെ കൊണ്ടുവരുന്ന കിടിലൻ മാജിക്. ഞാനിപ്പോൾ ആ മാജിക് ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ഓണമെത്തിയെന്നറിയിച്ച് മനസ്സിൽ ആ ഓർമകളുടെ പൂവിളി ഉയർന്നുകഴിഞ്ഞു. ഇനി ആ നല്ല നാളുകളിൽ നിന്നറുത്തെടുത്ത ബഹുവർണ പൂക്കളാൽ സന്തോഷത്തിന്റെ കളമൊരുക്കണം. നല്ല നാളേക്കായ് സ്നേഹം വിളമ്പുന്ന വിരുന്നൊരുക്കണം.
എന്നെപ്പോലുള്ള പ്രവാസികളുടെ മനസ്സ് മാവേലിയെപ്പോലാണെന്ന് എനിക്ക് തോന്നാറുണ്ട്. ഓണക്കാലമെത്തുമ്പോൾ കേരളത്തിലേക്ക് പോകാൻ അത് കൊതിച്ചു കൊണ്ടേയിരിക്കും. പലപ്പോഴും അത് നടക്കില്ല. അപ്പോൾ നിരാശരാകാതെ എവിടെയാണോ അവിടം കേരളമാക്കും. വിവിധ രാജ്യങ്ങളിൽ അങ്ങനെ എത്രയെത്ര കൊച്ചുകേരളങ്ങൾ! ഉള്ളതുകൊണ്ട് ഓണം പോലെയെന്നത് പ്രവാസികൾക്കു വേണ്ടിയുണ്ടാക്കിയ ചൊല്ലാണ്.
ഞാൻ താമസിക്കുന്ന പ്രദേശത്ത് അധികം മലയാളികളില്ല. എങ്കിലും ഞങ്ങൾ സുഹൃത്തുക്കളെല്ലാം ഓണക്കാലത്ത് ഒത്തുചേരും. മിക്കവാറും പ്രവൃത്തി ദിവസമായിരിക്കും ഓണമെത്തുന്നത്. അതുകൊണ്ട് ഓണത്തിന്റെയന്ന് ആഘോഷം അപൂർവമാണ്. വീക്കെൻഡുകളിൽ ആയിരിക്കും ആഘോഷം. ഓരോ വീക്കെൻഡിലും സുഹൃത്തുക്കളുടെ അല്ലെങ്കിൽ മലയാളി സംഘടനകളുടെ വക ഓണാഘോഷം. ഓണം കഴിഞ്ഞും ഒന്നോ രണ്ടോ മാസം നീളും അത്. മാസങ്ങൾ നീളുന്ന ഓണം വൈബ്.
ഓണക്കാലത്ത് ഞങ്ങൾ 'പോട്ട് ലക്ക്' നടത്തും. അതായത്, ഏതെങ്കിലും ഒരു വീട്ടിൽ എല്ലാവരും ഒത്തുചേരും. ഓരോ ഫാമിലിയും മൂന്നോ നാലോ വിഭവങ്ങൾ കരുതും. അങ്ങനെ വിഭവ സമൃദ്ധമായിരിക്കും ഓണസദ്യ. കേരളീയ വേഷമണിഞ്ഞ്, വടംവലിയുടെ ആവേശത്തിൽ പങ്കുചേർന്ന്, തിരുവാതിര ക്കളിയുടെ താളത്തിലലിഞ്ഞ് നിൽക്കുമ്പോൾ ഒരുവേള കേരളത്തിലാണോയെന്ന് സംശയിച്ചു പോകും. പഴയ സുഹൃത്തുക്കളെ കാണാനും പുതിയ സൗഹൃദങ്ങൾ നേടാനുമുള്ള അവസരമാണ് ഇത്തരം ഓണാഘോഷങ്ങൾ. നാടൻ വേഷമണിഞ്ഞ്, ഇലയിട്ടുള്ള ഊണ് കഴിക്കലൊക്കെ ഇവിടെ ജനിച്ചു വളർന്ന പുതിയ തലമുറ ആസ്വദിക്കുന്നത് കാണുമ്പോൾ നമ്മുടെ സംസ്കാരത്തെ അവർ ഉൾക്കൊള്ളുന്നുണ്ടെന്ന തിരിച്ചറിവ് സന്തോഷം പകരാറുണ്ട്.
നാട്ടിലെ ഓണം ഷോപ്പിങ് ആണ് ഞാൻ ഇവിടെ ഏറ്റവും മിസ് ചെയ്യുന്നത്. പൂക്കളും സദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങാനുള്ള ആ ‘പാച്ചിൽ’ ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഇവിടെ സദ്യവട്ടങ്ങൾ വാങ്ങാനൊക്കെ പോകുമെങ്കിലും നാട്ടിലെ ഓണം മാർക്കറ്റിലെ നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്. പിന്നെ പൂക്കളമൊരുക്കാൻ പറ്റാത്തതാണ് മറ്റൊരു സങ്കടം. ഇവിടെ പലപ്പോഴും നല്ല കാറ്റാണ്. പൂക്കളെല്ലാം പറന്നുപോകും. മനസ്സിൽ നമുക്ക് പൂക്കളമിടാമല്ലോ. ഒരു കാറ്റിനും അലങ്കോലമാക്കാൻ പറ്റാത്ത ബഹുവർണ പൂക്കളം !
ഓണത്തെ ഓർമിപ്പിക്കുന്ന ‘താങ്ക്സ് ഗിവിങ്’
എല്ലാ വർഷവും ഞാൻ വീട്ടിൽ സുഹൃത്തുക്കൾക്കായി ഓണസദ്യയൊരുക്കാറുണ്ട്. നാട്ടിൽ നിന്ന് ഫ്രോസൺ സദ്യ വിഭവങ്ങളൊക്കെ വരുമെങ്കിലും ഞാനതൊന്നും വാങ്ങാറില്ല. അവയുടെ മരവിപ്പ് ഒരുതരം നിർവികാരതയാണ് അനുഭവപ്പെടുത്തുക. എന്റെ കൈകൊണ്ട് തന്നെയുണ്ടാക്കി സുഹൃത്തുക്കൾക്ക് സ്നേഹം ചൂടാറാതെ വിളമ്പുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല. എന്റെ 'അടുക്കളത്തോട്ട'ത്തിൽ വിളയുന്ന കോവക്കയും പച്ചമുളകും കറിവേപ്പിലയുമൊക്കെ ഉപയോഗിച്ചുള്ള സദ്യയൊരുക്കൽ ഏറെ ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്.
വളരെ സാവധാനം പാചകം ചെയ്യുന്ന ആളായതിനാൽ സദ്യക്കുള്ള ഒരുക്കങ്ങൾ മൂന്നുനാല് ദിവസം മുമ്പേ തുടങ്ങും. പുളിയിഞ്ചി, കാളൻ, ഓലൻ, പച്ചടി, കിച്ചടി ഒക്കെ ആദ്യം തയാറാക്കും. സാമ്പാറിനും അവിയലിനും തോരനുമൊക്കെയുള്ള പച്ചക്കറികൾ മുറിച്ച് ഓരോന്നും പ്രത്യേകം പ്രത്യേകം പാക്കിലാക്കി സിപ്പ് ലോക്ക് ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കും. പൈനാപ്പിൾ പച്ചടി, ബീറ്റ്റൂട്ട് പച്ചടി ഒക്കെ നിർബന്ധമായും വേണമെന്ന് സുഹൃത്തുക്കൾ സജസ്റ്റ് ചെയ്യും. എന്റെ സ്പെഷൽ വിഭവങ്ങൾ നെയ്യപ്പവും ഉണ്ണിയപ്പവുമാണ്. അത് അതിഥികൾക്ക് കൊടുത്തു വിടുകയും ചെയ്യും.
ഇവിടത്തെ 'താങ്ക്സ് ഗിവിങ്' ഫെസ്റ്റിവൽ ആഘോഷിക്കുമ്പോൾ എനിക്ക് ഓണം ഓർമ വരും. ഒരു വിളവെടുപ്പ് ഉത്സവം കൂടി ആയതിനാൽ ഓണവുമായി 'താങ്ക്സ് ഗിവിങ്' ഫെസ്റ്റിവലിന് സാമ്യത തോന്നാറുണ്ട്. എല്ലാ വർഷവും നവംബറിലാണ് ഈ ഫെസ്റ്റിവൽ. അന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ക്ഷണിച്ച് ഇവർ വിഭവ സമൃദ്ധമായ സദ്യയൊരുക്കും. ടർക്കി കോഴിയാണ് പ്രധാന വിഭവം.
അമ്മൂമ്മ കാത്തുവെച്ചിരുന്ന ഓട്ടട
അതേ... പാചകം ഹോബിയായതുകൊണ്ട് തന്നെ ഓണക്കാലത്ത് സിമ്പിളായി ഉണ്ടാക്കാൻ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവം കൂടി പരിചയപ്പെടുത്താമേ. എനിക്ക് ഒരുപാട് ഗൃഹാതുര ഓർമ്മകൾ കൂടിയുള്ള നൊസ്റ്റു റസിപ്പിയാണ് കേട്ടോ. എല്ലാവർക്കും അറിയാവുന്ന റസിപ്പി ആയിരിക്കുമേ. ഓട്ടടയാണേ. സ്കൂൾ വിട്ടുവരുമ്പോൾ എനിക്ക് കഴിക്കാനായി അമ്മൂമ്മ ഇത് ചൂടോടെ ഉണ്ടാക്കി വെക്കുമായിരുന്നതുകൊണ്ടാണേ എന്റെ ഫേവറൈറ്റ് ആയത്.
അതിന്റെ രുചി ഇന്നും നാവിന്റെ തുമ്പിലുണ്ടെന്ന് പറഞ്ഞാൽ സത്യമാണേ. തേങ്ങ ചിരണ്ടിയത് ശർക്കര പാനിയിലിട്ട് വിളയിച്ചെടുക്കുകയാണ് കേട്ടോ ആദ്യം ചെയ്യേണ്ടത്. ഒരു ഫ്ലേവറിന് വേണ്ടി അര ടീസ്പൂൺ നെയ്യ്, ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് ഏലക്കപ്പൊടി എന്നിവയും ചേർക്കാമേ. പിന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഗോതമ്പ് മാവ് കുഴച്ചെടുക്കണേ.
എന്നിട്ട് ഇത് ഒരു വാഴയിലയിൽ വെച്ച് പരത്തിയെടുക്കാമേ. പരമാവധി കനം കുറച്ച് വേണേ പരത്തിയെടുക്കാൻ. പിന്നെ അതിൽ ആവശ്യത്തിന് തേങ്ങ വിളയിച്ചത് ഇട്ട് കൊടുത്തിട്ട് സ്പ്രെഡ് ചെയ്യണേ. ഇല മടക്കിയ ശേഷം ഇത് നമുക്ക് ചുട്ടെടുക്കാമേ. മുകളിൽ എന്തെങ്കിലും കനം കൂടി വെച്ചാൽ എല്ലായിടവും കറക്ടായി വേകുമേ. വാഴയിലക്ക് മഞ്ഞനിറം വരുമ്പോൾ അട ഇലയിൽ നിന്ന് ഇളകി വരുന്ന പരവമാകും കേട്ടോ. അപ്പോൾ മറ്റേ വശം കൂടി വേകാനായിട്ട് അത് തിരിച്ചിടണേ. രണ്ടുവശവും നന്നായി വേകുമ്പോൾ പാനിൽ നിന്ന് എടുത്ത് മാറ്റാം കേട്ടോ. ‘അതേ... ഒരു കാര്യം കൂടിയുണ്ടേ... എല്ലാ മലയാളികൾക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസയേ...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

