കാൻസറിനെ തോൽപ്പിച്ച് മലമുകളിൽ; 24 മണിക്കൂറിൽ മൂന്ന് കൊടുമുടികൾ കീഴടക്കി കേറ്റ് മിഡിൽടൺ
text_fieldsകേറ്റ് മിഡിൽടൺ
ലണ്ടൻ: കാൻസർ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലുള്ള വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടൺ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ത്രീ പീക്സ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കി. തന്നെ മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആശുപത്രിയോടുള്ള നന്ദി സൂചകമായാണ് രാജകുമാരി ഈ ദുഷ്കരമായ ദൗത്യം ഏറ്റെടുത്തത്.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളിലെ ഏറ്റവും ഉയരം കൂടിയ മൂന്ന് മലനിരകൾ 24 മണിക്കൂറിനുള്ളിൽ കീഴടക്കുക എന്നതാണ് ത്രീ പീക്സ് ചലഞ്ച്. ഏകദേശം 3,064 മീറ്റർ (10,052 അടി) ഉയരമുള്ള ഈ മലനിരകൾ കീഴടക്കി രാജകുമാരി തന്റെ ആരോഗ്യക്ഷമതയും ദൃഢനിശ്ചയവും തെളിയിച്ചു.
രണ്ടു വർഷം മുൻപ് തനിക്ക് കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കാലഘട്ടത്തെക്കുറിച്ച് രാജകുമാരി വികാരനിർഭരമായി സംസാരിച്ചു. ‘നിരവധി ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്ന്. ഇതിനൊരു വ്യക്തിപരമായ കാരണമുണ്ട്. ഇവിടെ നിൽക്കാനും ഈ മലനിരകൾ നടന്നു കയറാനുള്ള ആരോഗ്യമുണ്ടായതിനും ഞാൻ ദൈവത്തോടും ഡോക്ടർമാരോടും കടപ്പെട്ടിരിക്കുന്നു’ വിഡിയോ സന്ദേശത്തിൽ കേറ്റ് വ്യക്തമാക്കി. തനിക്ക് ലഭിച്ച കരുതലിന് തിരികെ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ദൗത്യത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
2024 മാർച്ചിലാണ് കേറ്റ് മിഡിൽടൺ തനിക്ക് കാൻസർ ബാധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. ഉദര ശസ്ത്രക്രിയക്ക് ശേഷം കീമോതെറാപ്പി ചികിത്സയിലായിരുന്ന കേറ്റ്, ഒരു വർഷത്തിന് ശേഷം താൻ രോഗമുക്തി നേടിയ വിവരം ലോകത്തോട് പങ്കുവെച്ചിരുന്നു. അതിനുശേഷം സാവധാനം തന്റെ ഔദ്യോഗിക ചുമതലകളിലേക്ക് അവർ മടങ്ങിയെത്തി. വെസ്റ്റ് ലണ്ടനിലെ ചെൽസിയിലുള്ള റോയൽ മാർസ്‌ഡൻ കാൻസർ ചാരിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കേറ്റ്, കാൻസർ ബാധിതർക്ക് വലിയൊരു പ്രചോദനമാണ്. ഭർത്താവ് പ്രിൻസ് വില്യമിനൊപ്പം ഈ ചാരിറ്റിയുടെ സംയുക്ത രക്ഷാധികാരി കൂടിയാണ് കേറ്റ്.
ഏറെ കഠിനമായ ഈ മലകയറ്റം ഒറ്റക്കാണ് രാജകുമാരി പൂർത്തിയാക്കിയത്. ലക്ഷ്യസ്ഥാനത്തെത്തിയ കേറ്റിനെ പ്രിൻസ് വില്യമും മക്കളായ പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലറ്റ്, പ്രിൻസ് ലൂയിസ് എന്നിവരും മാതാപിതാക്കളും സഹോദരൻ ജെയിംസ് മിഡിൽടണും ചേർന്നാണ് സ്വീകരിച്ചത്. കുടുംബത്തിന്റെ സാന്നിധ്യം രാജകുമാരിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
കാൻസർ ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികവും സാമൂഹികവും ആത്മീയവുമായ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന് കേറ്റ് ഓർമിപ്പിക്കുന്നു. അതിനാൽ, രോഗികൾക്ക് ശാരീരിക ചികിത്സക്കപ്പുറം മാനസികമായ പിന്തുണയും ആത്മവിശ്വാസവും നൽകുന്ന 'ഹോളിസ്റ്റിക് കെയർ' എന്ന ആശയത്തിന് അവർ വലിയ പ്രാധാന്യം നൽകുന്നു. റോയൽ മാർസ്‌ഡൻ കാൻസർ ചാരിറ്റിക്കായി പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിനായുള്ള ലിങ്കും രാജകുമാരി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തന്റെ ഈ ഉദ്യമത്തിലൂടെ, രോഗനിർണ്ണയത്തിന് ശേഷമുള്ള ജീവിതം എത്രത്തോളം മനോഹരവും അർത്ഥവത്തവുമാക്കാം എന്ന് ലോകത്തെ കാണിച്ചുകൊടുക്കുകയാണ് വെയിൽസ് രാജകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

