കരാട്ടെ മോം
text_fieldsഅംബിക സുനീഷ്
വിവാഹം കഴിയുന്നതോടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാത്തവർക്ക് അംബികയെ മാതൃകയാക്കാം. 16 വയസുകാരൻ ദർശന്‍റെയും 11കാരി ദേവ്നയുടെയും അമ്മയായ ശേഷമാണ് അംബിക കരാട്ടെയുടെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങിയത്. ഇപ്പോൾ ലെവൽ 3 പേഴ്സനൽ ട്രെയിനറാകാനുള്ള ഒരുക്കത്തിലാണ് അംബിക. കരാട്ടെയിൽ നിന്ന് കളരിയിലേക്കും കാലെടുത്തുവെച്ച അംബിക സ്വന്തമായി ലേഡീസ് ജിംനേഷ്യം എന്ന സ്വപ്ന സാക്ഷാത്കാരത്തിനുള്ള തയാറെടുപ്പിലാണ്.
രണ്ട് വർഷം കൊണ്ടാണ് കരാട്ടേ മാസ്റ്ററായി മാറിയതെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ?. രണ്ട് വർഷം മുൻപ് മകളുടെ കരാട്ടെ ക്ലാസിന് പുറത്തെ കാത്തുനിൽപ്പാണ് അംബികയിലെ അഭ്യാസിയെ പുറത്തുചാടിച്ചത്. മകൾ ദേവ്ന കരാട്ടെ പഠിക്കുമ്പോൾ ഒരുമണിക്കൂറിലേറെ ക്ലാസിന് പുറത്ത് അവളെയും കാത്ത് നിന്നിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബോർ അടിച്ച് തുടങ്ങി. ഇതോടെയാണ് തനിക്കും കരാട്ടെ പഠിച്ചാലെന്താണ് എന്ന് ചിന്തിച്ച് തുടങ്ങിയത്.
ഒടുവിൽ, മകളോടൊപ്പം കരാട്ടെ ക്ലാസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. ചെറിയ കുട്ടികളോടൊപ്പം കരാട്ടെ പഠിക്കുന്നത് പലരും പരിഹസിച്ചു. ക്ലാസിലെ മുതിർന്ന ഏക അംഗമായിരുന്നു അംബിക. ഭർത്താവിനെ തല്ലാനാണോ കരാട്ടെ പഠിക്കുന്നതെന്നായിരുന്നു ചിലരുടെ തമാശ ചോദ്യം. എന്നാൽ, ഭർത്താവ് സുനീഷിന്‍റെയും മകൻ ദർശന്‍റെയും കട്ട സപ്പോർട്ടോടെയാണ് അംബിക കരാട്ടെ ക്ലാസിൽ ഇടിച്ചുകയറിയത്. മകളോടൊപ്പം കരാട്ടെ പരിശീലിക്കുന്നത് പ്രത്യേക അനുഭവമാണെന്നും അംബിക പറയുന്നു.
87 കിലോയിൽനിന്ന് 64ലേക്ക്
തടിയായിരുന്നു ആദ്യ കാലങ്ങളിലെ പ്രശ്നം. എയറോബിക് ക്ലാസും ജിംനേഷ്യത്തിലെ പരിശീലനവും കൂടിയായപ്പോൾ ഭാരം 87 കിലോയിൽ നിന്ന് 64 ആയി ചുരുങ്ങി. ഭാരം കുറയുന്തോറും ആത്മവിശ്വാസം കൂടി വന്നു. കരാട്ടെ മൂലം ശാരീരിക ക്ഷമത മാത്രമല്ല, മാനസീക ബലവും ആത്മവിശ്വാസവും വർധിച്ചതായി അംബിക പറുന്നു. ഇതിനിടയിൽ മകൾക്ക് പല ക്ലാസുകളിലും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്മ സ്ഥിരമായി കരാട്ടെ ക്ലാസുകളിലെത്തി.
ഒരു ദിവസം എത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം ഇത് മറികടക്കാനുള്ള വ്യായാമങ്ങളിൽ ഏർപെടും. ആത്മവിശ്വാസത്തിനൊപ്പം കഠിനാദ്വാനവും ചേർത്ത് വെച്ചപ്പോൾ മാസങ്ങൾക്കുള്ളിൽ അംബികയെ തേടി വൈറ്റ്, യെല്ലോ, ഓറഞ്ച്, ഗ്രീൻ ബെൽറ്റുകളെത്തി. ബ്ലുബെൽറ്റ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. മകൾ ദേവ്നക്കും കിട്ടി ഓറഞ്ച് ബെൽറ്റ്.
കരാട്ടെ ചാമ്പ്യൻ
പരിശീലകൻ സെൻസായി സരോജ് നിരൂലുടെ പ്രോൽസാഹനത്തിന് വഴങ്ങിയാണ് ദുബൈയിൽ നടന്ന ഇന്‍റർ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് പലരാജ്യങ്ങളിലുമുള്ളവരായിരുന്നു മത്സരത്തിനെത്തിയത്. അഞ്ച് പേരടങ്ങുന്ന ജഡ്ജിന് മുന്നിൽ അംബികയും അഭ്യാസപ്രകടനവുമായിറങ്ങി. കൂടുതലും 20 വയസിൽ താഴെയുള്ളവരായിരുന്നു. അവരുടെ അസാമാന്യമായ എനർജിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമോ എന്ന് ഭയമുണ്ടായിരുന്നു. പക്ഷെ, ചാമ്പ്യൻഷിപ്പ് കഴിഞ്ഞപ്പോൾ ട്രോഫിയുമായാണ് അംബിക മടങ്ങിയത്.
സ്വയരക്ഷ കൂടി മുൻനിർത്തി കൂടുതൽ സ്ത്രീകൾ കരാട്ടേയിലേക്ക് കടന്നുവരണമെന്നാണ് അംബികയുടെ ആഗ്രഹം. ഓൺലൈനായി അറബി ഭാഷയും പഠിക്കുന്നു. അറബി വനിതകൾക്ക് കരാട്ടെയുടെ പാഠങ്ങൾ പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ് ഭാഷാ പഠനം. ഒഴിവ് സമയങ്ങളിൽ മോഡലിങും വാസ്തു ശാസ്ത്രവുമെല്ലാം പയറ്റുന്നുണ്ട്. ദുബൈയിലായതിനാലാണ് തനിക്ക് ഇത്രയും വലിയ അവസരം ലഭിച്ചതെന്നും ഇൗ രാജ്യം നൽകുന്ന സുരക്ഷയും സ്വാതന്ത്ര്യവും വിലമതിക്കാനാവാത്തതാണെന്നും അംബിക പറയുന്നു.
2004ലാണ് യു.എ.ഇയിൽ എത്തിയത്. 2014 മുതൽ ജിംനേഷ്യത്തിൽ പോകുന്നുണ്ട്. പിന്നീട് ജിമ്മിലെ ട്രെയിനറായി. എയറോബിക്സിൽ ഓൺലൈൻ വഴി പരിശീലനം നൽകുന്നു. ഹിമാലയ ഹെൽത്ത്കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് സുനീഷിനും മക്കൾക്കുമൊപ്പം ഖിസൈസിലാണ് ഈ കണ്ണൂർകാരിയുടെ താമസം.