Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപെല്ലറ്റ്ഗൺ കവർന്ന...

പെല്ലറ്റ്ഗൺ കവർന്ന കണ്ണിന്റെ ഇരുട്ടിൽ ഒരു പതിറ്റാണ്ട്; കശ്മീരിൽ നിന്നിതാ ഒരു ഉള്ളുപൊള്ളും ജീവിതം

text_fields
bookmark_border
Insha Mushtaq
cancel
camera_alt

ഇൻഷാ മുഷ്താഖ്

ജമ്മു കശ്മീർ: രാജ്യം പെല്ലറ്റ്ഗൺ പ്രയോഗത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ജമ്മു കശ്മീരി​ലെ പെല്ലറ്റ്ഗൺ ഭീകരതയെ ഓർത്തെടുക്കുകയാണ് 2016ൽ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ഇൻഷാ മുഷ്താഖ്. ഒരു പതിറ്റാണ്ട് മുമ്പത്തെ സംഘർഷകാലത്ത് കശ്മീരിൽ നിരവധി പേർക്കാണ് പെല്ലറ്റ്ഗൺ ഉപയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ടത്. അന്ന് പരിക്കേറ്റ 12,000 പേരിൽ പകുതി പേർക്കും പെല്ലറ്റ്ഗൺ വെടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വിദേശ മാധ്യമങ്ങൾ ഈ സംഭവത്തെ ‘എപിഡമിക്ക് ഓഫ് ഡെഡ് ഐ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

2016 ജൂലൈയിൽ വീടിന്റെ ജനാലക്കരികിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് പതിനാലുവയസ്സുകാരി ഇൻഷക്ക് നേരെ പെല്ലറ്റ് ഏൽക്കുന്നത്. ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടും രണ്ട് കണ്ണുകളുടെയും കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇൻഷക്ക് ഇപ്പോൾ 24 വയസ്സായി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതിനെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും ജമ്മു കശ്മീരിലെ പെല്ലറ്റ്ഗൺ ഇരകൾക്കായി അധികം ആളുകൾ ശബ്ദമുയർത്താത്തതിൽ അവർ നിരാശ പ്രകടിപ്പിക്കുകയാണ്. ഡൽഹിയിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചപ്പോൾ ആളുകൾ ശബ്ദമുയർത്തി. പക്ഷേ, കശ്മീർ താഴ്‌വരയിൽ പെല്ലറ്റ്ഗൺ നിരവധി കുട്ടികളുടെ ജീവിതം നശിപ്പിച്ചപ്പോൾ ആരും ശബ്ദമുയർത്തിയില്ലെന്നും ഇൻഷ പറയുന്നു.

ഇൻഷ മുഷ്താഖ്

കാഴ്ച നഷ്ടപ്പെട്ടിട്ടും പഠനം ഉപേക്ഷിക്കാത്ത ഇൻഷ പത്ത് വർഷങ്ങൾക്കിപ്പുറം ബ്രെയിലി ലിപിയിൽ ബിരുദ പഠനം നടത്തുകയും സ്ക്രീൻ റീഡിങ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടനയുടെ സഹായവും മാതാപിതാക്കളുടെ പിന്തുണയുമാണ് പഠനം തുടരാൻ ഇൻഷക്ക് കരുത്തേകുന്നത്. പക്ഷേ പെല്ലറ്റ് ആക്രമണത്തിന്‍റെ ആഘാതവും ഭീകരതയും ഇതുവരെ വിട്ടുമാറിയിട്ടില്ല. തന്റെ ദുരന്തം രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയം കളിച്ചുവെന്നും മാധ്യമങ്ങൾ റേറ്റിങിന് വേണ്ടി ഉപയോഗിച്ചെന്നും ഇൻഷ കുറ്റപ്പെടുത്തുന്നുണ്ട്. തന്റെ ജീവിതം മാറ്റിമറിച്ച പെല്ലറ്റാക്രമണം ഒരിക്കലും മറക്കാനാവില്ലെന്ന് അവർ പറഞ്ഞു. മുഖത്തും തലയോട്ടിയിലെ എല്ലുകൾക്കും ഗുരുതരമായ ഒടിവുകൾ അടക്കം നൂറോളം പെല്ലറ്റ് മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.

ഇൻഷയുടെ പിതാവ് മുഷ്താഖ് അഹമ്മദിന് അന്നത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജോലി നൽകിയിരുന്നു. എന്നാൽ, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നില്ലെന്നും മറ്റ് പെല്ലറ്റ് ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. ഇൻഷക്ക് ഗ്യാസ് ഏജൻസി അനുവദിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അത് രേഖകളിൽ മാത്രമായി ഒതുങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. പെല്ലറ്റ് ആക്രമണത്തിന് ഇരയായവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഒന്നര വയസ്സുകാരിയായ ഹിബയായിരുന്നു. മിക്ക പെല്ലറ്റ് ഇരകളും തങ്ങളുടെ അനുഭവങ്ങൾ പരസ്യമായി പങ്കുവെക്കാൻ ഇന്നും മടിക്കുന്നുണ്ട്. വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയാൽ വീണ്ടും പൊലീസ് അന്വേഷണങ്ങളോ മറ്റ് നിയമനടപടികളോ നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2010ലാണ് ജമ്മു കശ്മീരിൽ പെല്ലറ്റ്ഗൺ ഉപയോഗിച്ചുതുടങ്ങുന്നത്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത താരതമ്യേന കുറവുള്ള ആയുധമെന്ന നിലയിലാണ് പെല്ലറ്റ്ഗൺ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ 2016ലെ സംഘർഷകാലത്ത് ഈ ആയുധം വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു. സ്ഥിതിഗതികൾ മാറിയതിനാൽ നിലവിൽ കശ്മീർ താഴ്‌വരയിൽ പെല്ലറ്റ്ഗണ്ണുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല. എന്നാൽ, പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ നേരിടാൻ ഉപയോഗിക്കുമ്പോൾ പമ്പ്-ആക്ഷൻ പെല്ലറ്റ്ഗണ്ണുകൾ എത്രമാത്രം അപകടകാരികളാകാമെന്നതിന് ഇൻഷയെപ്പോലുള്ള നൂറുകണക്കിന് ഇരകൾ ഇന്നും സാക്ഷികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VictimPellet Gun AttackKashmirhuman rights
News Summary - കശ്മീർ പെല്ലറ്റ്ഗൺ ഇരയ്ക്ക് നീതി
Next Story