ഇന്ത്യ ഗേറ്റ് ഓപൺ ഓഡിറ്റോറിയത്തിൽ ചുവടുവെക്കാൻ കലാമണ്ഡലം വിദ്യാർഥിനികൾ
text_fieldsഡൽഹിയിലെ സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നൃത്തങ്ങൾ അവതരിപ്പിക്കുന്നതിന്റെ അവസാന പരിശീലനം കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നപ്പോൾ
ചെറുതുരുത്തി: നാലര വർഷങ്ങൾക്ക് ശേഷം കലാമണ്ഡലം ഡിഗ്രി വിദ്യാർഥിനികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഇന്ത്യ ഗേറ്റ് സമീപമുള്ള ഓപ്പൺ ഓഡിറ്റോറിയത്തിൽ നൃത്തങ്ങൾ അവതരിപ്പിക്കും. 30 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച യാത്ര തിരിക്കും.
കോവിഡിന് ശേഷം ആദ്യമായാണ് ഡൽഹിയിലെ സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ ഡൽഹിയിലെ ഹോട്ടലിലും സ്വകാര്യ പരിപാടിയായി അവതരിപ്പിക്കും. എട്ട്, ഒമ്പത് ദിവസങ്ങളിൽ മഹാകവി വള്ളത്തോളിന്റെ കേരളപിറവി കവിത ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ നൃത്തങ്ങളാണ് അരങ്ങിലെത്തുക.
ഇതിനായി നിരവധി ദിവസങ്ങളായി കലാമണ്ഡലം കൂത്തമ്പലത്തിൽ കലാമണ്ഡലം സംഗീതയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പരിശീലനം നടക്കുന്നു. വിദ്യാർഥികളും അധ്യാപകരും ഏറെ ഉത്സാഹത്തിലാണെന്നും 11ന് സംഘം തിരിച്ചെത്തുമെന്നും കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.

