മുസ്‌ലിം ലീഗ് ചരിത്രത്തിൽ ഇടംനേടി ജയന്തി രാജൻ, ദേശീയ കമ്മിറ്റിയിലെ ആദ്യ വനിത; പാർട്ടിയിലെ ദലിത് മുഖം
text_fieldsമുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫറും ജയന്തി രാജനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം
കൽപറ്റ: മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി രാജന്‍ അർഹതക്കുള്ള അംഗീകാരം. പാർട്ടിയുടെ ദലിത് മുഖം കൂടിയായ വയനാട് പുൽപള്ളി ഇരുളം സ്വദേശിനിയായ ജയന്തി, ദീര്‍ഘകാലമായി ലീഗിന്‍റെ പ്രവര്‍ത്തകയാണ്. ആദ്യമായാണ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വയനാട്ടിൽനിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്.
വനിതാ ലീഗിന്‍റെ ദേശീയ സെക്രട്ടറി കൂടിയായ ജയന്തി രാജൻ ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവെന്ന നിലയിലും സജീവമാണ്. വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. അഞ്ചുകുന്ന് ഡിവിഷനില്‍നിന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയജീവിതത്തിലെ അഭിമാന നിമിഷമാണിതെന്ന് ജയന്തി രാജന്‍ പ്രതികരിച്ചു. രാജ്യത്തെ അരക്ഷിതരായവര്ക്കും ദുരിതമനുഭവിക്കുന്നവര്ക്കുംവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊർജം വര്‍ധിപ്പിക്കുന്നതാണ് പുതിയ ഉത്തരവാദിത്തം. വയനാട്ടിലെ ഏറ്റവും സാധാരണ കുടുംബത്തില്‍നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദുരിതങ്ങള്‍ നേരിട്ടറിയാം. അവ പരിഹരിക്കുന്നതിനും അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കുന്നതിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദവി വലിയ രീതിയില്‍ സഹായകമാവുമെന്നും ജയന്തി രാജന്‍ പറഞ്ഞു.
രാജനാണ് ഭര്‍ത്താവ്. സോഫ്റ്റ്വെയര് എൻജിനീയറായ രാജീവ് രാജന്‍, ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാർഥിനി രഞ്ജുഷ രാജന്‍ എന്നിവരാണ് മക്കള്‍.
വ്യാഴാഴ്ച ചെന്നൈ പൂന്ദമല്ലി ഹൈറോഡിലെ അബു പാലസ് ഹാളിൽ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് ലീഗിന്‍റെ ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ജയന്തി രാജനെ കൂടാതെ, തമിഴ്നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫറും തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട് വഖഫ്-ഹജ്ജ് കമ്മിറ്റിയംഗമായ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷൻ കൗൺസിലറാണ്.
പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ലീഗ് ദേശീയ പ്രസിഡന്റായും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍), ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൽ വഹാബ് എം.പി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. കെ.പി.എ മജീദ്, മുനവറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും ദേശീയ നേതൃനിരയിലെത്തി.
മറ്റു ഭാരവാഹികൾ: കെ.പി.എ. മജീദ്, മുന്‍ എംപി എം. അബ്ദുറഹ്മാന്‍- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍ (വൈസ് പ്രസിഡന്റുമാർ).
മുനവറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ. അഹമ്മദ് കബീര്‍, സി.കെ. സുബൈര്‍ (സെക്രട്ടറിമാർ).
ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ഝാര്‍ഖണ്ഡ്, എം.പി. മുഹമ്മദ് കോയ(അസി. സെക്രട്ടറിമാർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.