മോഷ്ടാവിനെ സ്കൂട്ടറിൽ പിന്തുടർന്നു; നഗരത്തിലെ ആശുപത്രിയിൽ വച്ച് 'പൊക്കി' വീട്ടമ്മയും മകളും
text_fieldsഅറസ്റ്റിലായശ്രീകുട്ടൻ, മോഷ്ടാവിനെ പിടികൂടിയ ഷൈലയും സൈറയും
ആലുവ: വീട്ടമ്മയും മകളും സിനിമ സ്റ്റൈലിൽ സ്കൂട്ടറിൽ പിന്തുടർന്ന് മൊബൈൽ മോഷ്ടാവിനെ പിടികൂടി. ഇതര സംസ്ഥാനക്കാർക്ക് വാടകക്ക് നൽകിയ കെട്ടിടത്തിൽനിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീകുട്ടനെയാണ് (25) ആലുവ ജില്ല ആശുപത്രി വളപ്പിൽനിന്നും വീട്ടുടമയായ യുവതി പിടികൂടിയത്.
എടയപ്പുറം മുസ്ലിം പള്ളിക്ക് സമീപം മാനാപ്പുറത്ത് വീട്ടിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ ഷൈല റഹ്മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് മോഷ്ടാവിനെ കുടുക്കിയത്.
ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്ന് 20 ഓളം ഇതര സംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അപരിചിതനായ ഒരാൾ വാടക കെട്ടിടത്തിൽ നിന്നും ഇറങ്ങി ഓടുന്നത് ഷൈലയുടെ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം ഉറക്കത്തിലായിരുന്ന മകൻ സൽമാനെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നാണ് ഒൻപതാം ക്ലാസുകാരിയായ മകളുമായി ഷൈല സ്കൂട്ടറിൽ പിന്തുടർന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും മകൻ സൽമാൻ എത്താൻ കാത്തുനിൽക്കുന്നതിനിടയിൽ പ്രതി ജില്ല ആശുപത്രിയിലേക്ക് നീങ്ങി. ഷൈലയും പിന്തുടർന്നു.
ആശുപത്രിയിൽ െവച്ച് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി. 15 മിനിറ്റിന് ശേഷം പ്രസവ വാർഡിന് സമീപത്തുനിന്നും പ്രതി ഇറങ്ങിവന്നപ്പോൾ മാറി നിന്നിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകൻ സൽമാനും ചേർന്ന് പ്രതിയെ വളഞ്ഞു. തുടർന്ന് ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി. പ്രതിയിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണും കണ്ടെത്തി. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തതായി ആലുവ സി.ഐ പി.എസ്.രാജേഷ് അറിയിച്ചു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

