Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമരുന്നിനേക്കാൾ സൗഖ്യം...

മരുന്നിനേക്കാൾ സൗഖ്യം തന്ന പ്രകൃതി; കാൻസറിൽ നിന്നും ഫോട്ടോഗ്രഫിയിലൂടെ ജീവിതത്തിലേക്ക്...

text_fields
bookmark_border
Shailza Singhal
cancel
camera_alt

ശൈൽസ സിംഗാൾ

വിധിയുടെ കഠിനമായ പരീക്ഷണങ്ങൾക്ക് മുന്നിൽ പതറിപ്പോകാതെ, പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് കാമറക്കണ്ണുകൾ തിരിച്ചുപിടിച്ച് ജീവിതം തിരികെപ്പിടിച്ച ഒരു അതിജീവന കഥയാണിത്. 2020ൽ സ്തനാർബുദം സ്ഥിരീകരിച്ചതോടെയാണ് ശൈൽസ സിംഗാൾ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം മാറിയത്. ശസ്ത്രക്രിയകളും കഠിനമായ ചികിത്സകളും കോവിഡ് ബാധയുമെല്ലാം ശാരീരികമായും മാനസികമായും തളർത്തിയ നാളുകൾ. കൈയിലുണ്ടായിരുന്ന സാധാരണ പോയിന്റ് ആൻഡ് ഷൂട്ട് കാമറയിലൂടെ ശൈൽസ പ്രതീക്ഷയുടെ പുതുലോകം കണ്ടെത്തി. പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് കാമറക്കണ്ണുകൾ തിരിച്ച് ജീവിതം തിരികെപ്പിടിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് ശൈൽസ സിംഗാൾ. വീട്ടുമുറ്റത്തെ പക്ഷികളെ പകർത്തി തുടങ്ങി പിന്നീട് അന്താരാഷ്ട്ര തലത്തിൽ വരെ അംഗീകരിക്കപ്പെട്ട ശൈൽസയുടെ ജീവിതം ഇന്ന് പലർക്കും പ്രചോദനമാണ്.

2020ൽ സ്തനാർബുദം സ്ഥിരീകരിച്ചതോടെയാണ് ശൈൽസയുടെ ജീവിതം മാറിമറിഞ്ഞത്. തുടർന്നു വന്ന മാസങ്ങൾ ശസ്ത്രക്രിയകളും ആശുപത്രി സന്ദർശനങ്ങളും അവസാനിക്കാത്ത ചികിത്സകളും നിറഞ്ഞതായിരുന്നു. അതിലുപരി ഒരു രോഗനിർണ്ണയത്തിന് ശേഷം ഏതൊരാളുടെയും ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരുതരം നിശബ്ദമായ അനിശ്ചിതത്വം ശൈൽസയേയും വല്ലാതെ വേട്ടയാടിയിരുന്നു.

ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് പോലും വലിയൊരു നേട്ടമായി തോന്നുന്നത്ര കഠിനമായിരുന്നു അവസ്ഥ. ശാരീരികമായ തളർച്ചയേക്കാൾ തളർത്തിയത് വൈകാരികമായി അനുഭവിക്കേണ്ടി വന്ന മാനസിക വിഷമങ്ങളായിരുന്നുവെന്ന് ശൈൽസ പറയുന്നു.

2021ൽ കാൻസർ ചികിത്സയിൽ നിന്ന് പതുക്കെ കരകയറി വരുന്നതിനിടയിലാണ് കടുത്ത കോവിഡ് ബാധ തേടിയെത്തുന്നത്. അതിൽ നിന്നും പതുക്കെ സുഖം പ്രാപിച്ചു വരുന്ന സമയത്ത്, ഒരു അടുത്ത സുഹൃത്ത് അവരുടെ റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിൽ കാണപ്പെടുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു ചെറിയ ബ്രോഷർ എനിക്ക് നൽകി. അതിലെ പേജുകൾ മറിച്ചു നോക്കുമ്പോൾ ഈ പക്ഷികളൊക്കെ ശരിക്കും നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടോ? എന്നൊരു ആകാംക്ഷ എന്നിൽ ഉടലെടുത്തു ശൈൽസ പറഞ്ഞു.

കൈയിൽ കാമറയുമായി ഞാൻ ദിവസവും രാവിലെ പുറത്തിറങ്ങാൻ തുടങ്ങി. വായിച്ചറിഞ്ഞ ആ പക്ഷികളിൽ ചിലതിനെയെങ്കിലും ഒന്ന് കാണാനായിരുന്നു എന്റെ ശ്രമം. വെറുമൊരു വിനോദമായി തുടങ്ങിയ ആ ശീലം, താമസിയാതെ ഞാൻ ദിവസവും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നായി മാറി. പുറത്തു ചെലവഴിച്ച ആ കുറച്ചു മണിക്കൂറുകളിൽ മെഡിക്കൽ റിപ്പോർട്ടുകളെക്കുറിച്ചോ രോഗമുക്തിയെക്കുറിച്ചോ ഉള്ള ചിന്തകൾ എന്നെ അലട്ടിയില്ല. പൂന്തേൻ കുടിക്കുന്ന സൂര്യപക്ഷിയെ കാണുന്നതിലും, പൊൻമാൻ വന്നിരിക്കുന്നതും കാത്ത് ക്ഷമയോടെ നിൽക്കുന്നതിലും, മുൻപൊന്നും ശ്രദ്ധിക്കാത്ത പക്ഷിപ്പാട്ടുകൾ കേൾക്കുന്നതിലുമായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.

നമ്മൾ അറിയാതെ തന്നെ പ്രകൃതി നമ്മെ സുഖപ്പെടുത്തുകയായിരുന്നു. വന്യജീവികളെയും പ്രകൃതിയെയും നിരീക്ഷിക്കാൻ കൂടുതൽ സമയം ചെലവഴിച്ചപ്പോൾ, എന്റെ സ്വന്തം ജീവിതയാത്രയുടെ പ്രതിഫലനങ്ങൾ എനിക്ക് ചുറ്റും ഞാൻ കണ്ടു. കോൺക്രീറ്റിന്റെ വിള്ളലുകളിലൂടെ വളർന്നുവരുന്ന കുഞ്ഞു തൈകൾ, കൊടുങ്കാറ്റിനു ശേഷം വീണ്ടും കൂടുണ്ടാക്കുന്ന പക്ഷികൾ, ചിറകുവിടർത്തുന്ന ചിത്രശലഭങ്ങൾ അങ്ങനെ ഞാൻ നോക്കിയയിടത്തെല്ലാം പ്രകൃതി നിശബ്ദമായി എന്നോട് സംസാരിച്ചത് അതിജീവനത്തെക്കുറിച്ചായിരുന്നെന്ന് ശൈൽസ പറയുന്നു.

പതുക്കെപ്പതുക്കെ, തോറ്റുകൊടുക്കരുത് എന്ന പാഠം പ്രകൃതി പഠിപ്പിച്ചു തന്നു. വാക്കുകളിൽ പകർത്തിവെക്കാൻ ബുദ്ധിമുട്ടിയ വികാരങ്ങൾക്കുള്ള ഒരു വഴി കൂടിയായി ഫോട്ടോഗ്രഫി മാറി. വെറുതെ വന്യജീവികളെ കാമറയിൽ പകർത്താതെ അവരുടെ ഓരോ അവസ്ഥകളും ചിത്രീകരിക്കാൻ എനിക്ക് സാധിച്ചു. കാമറക്ക് പിന്നിലെ എന്റെ ആത്മവിശ്വാസം വളർന്നതോടെ, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരങ്ങൾ എന്നെ തേടിയെത്തി. എന്റെ ചിത്രങ്ങൾക്ക് ദേശീയ-അന്തർദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളിൽ അംഗീകാരങ്ങൾ ലഭിക്കാൻ തുടങ്ങി. പുരസ്‌കാരങ്ങളേക്കാൾ ഉപരി, പ്രകൃതിയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കഥകൾ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ തൊടുന്നുണ്ട് എന്ന തിരിച്ചറിവാണ് എനിക്ക് കൂടുതൽ ആശ്വാസം നൽകിയത്.

ഇന്ന്, കാമറയുമായി പുറത്തിറങ്ങുമ്പോഴെല്ലാം, നമ്മൾ ദിവസവും കണ്ടില്ലെന്ന് നടിക്കുന്ന പലയിടങ്ങളിലും അസാധാരണമായ സൗന്ദര്യം ഒളിച്ചിരിപ്പുണ്ടെന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കാറുണ്ട്. എന്റെ ചിത്രങ്ങളിലൂടെ മറ്റുള്ളവരും ഒന്ന് നിശബ്ദരായി ചുറ്റും നോക്കുമെന്നും, തങ്ങൾക്ക് ചുറ്റും ജീവിക്കുന്ന അത്ഭുതകരമായ വന്യജീവികളെ തിരിച്ചറിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കാരണം പ്രകൃതിയെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ മാത്രമാണ് അതിന് മൂല്യം നൽകാൻ തുടങ്ങുന്നത്. മൂല്യം നൽകിത്തുടങ്ങുമ്പോൾ തീർച്ചയായും നമ്മൾ അതിനെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ശൈൽസ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naturebreast cancerWildlife PhotographyHealing touchInspirational Stories
News Summary - മരുന്നിനേക്കാൾ സൗഖ്യം തന്ന പ്രകൃതി; കാൻസറിൽ നിന്നും ഫോട്ടോഗ്രഫിയിലൂടെ ജീവിതത്തിലേക്ക്...
Next Story