ജനസേവനവും ഹരിതകർമ സേന പ്രവർത്തനവും നെഞ്ചേറ്റി ഷീന ജേക്കബ്
text_fieldsഹരിതകർമ സേന
പ്രവർത്തനം നടത്തുന്ന
ഷീന ജേക്കബ്
കുന്നുകര: പഞ്ചായത്തിലെ ആറ്റുപുറം രണ്ടാം വാർഡിൽനിന്ന് ‘കാർ’ ചിഹ്നത്തിൽ സ്വതന്ത്രയായി മത്സരിച്ച് വിജയക്കൊടി പാറിച്ച ഹരിതകർമ സേന അംഗമായ ഷീന ജേക്കബ് പതിവുപോലെ മാലിന്യ ശേഖരണം തുടങ്ങി.
മിനിലോറി സ്വന്തമായി ഡ്രൈവ് ചെയ്താണ് ഷീന മാലിന്യശേഖരണം നടത്തുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ ജനപ്രതിനിധിയായി സാമൂഹികസേവനവും ഹരിതകർമ സേന പ്രവർത്തനവും ആരംഭിച്ചിരിക്കുകയാണ്. കൊച്ചി നേവൽ ബേസ് ജീവനക്കാരനായ അയിരൂർ പുതുശ്ശേരി കുടുംബാംഗം തോമസാണ് ഭർത്താവ്.
തോമസും ഷീനയും കോൺഗ്രസ് കുടുംബാംഗങ്ങളാണെങ്കിലും ജനവികാരം മാനിച്ചാണ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുകയും 16 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തത്. സ്വതന്ത്രയായാണ് വിജയിച്ചതെങ്കിലും യു.ഡി.എഫിനൊപ്പം നിലകൊള്ളും.
എം.എ (ബി.എഡ്) ബിരുദധാരിയായ ഷീന ആലപ്പുഴ സ്വദേശിനിയാണ്. വിവാഹശേഷമാണ് കുന്നുകരയിലെത്തിയത്. വിദ്യാർഥികളായ കാതറിൻ, തോബിക് എന്നിവരാണ് മക്കൾ. 2023ൽ അയിരൂർ സെന്‍റ് ജോസഫ് ഗവ. എൽ.പി സ്കൂളിലെ ആദ്യ വനിത പി.ടി.എ പ്രസിഡന്‍റ് പദവിയും ഷീനക്ക് ലഭിച്ചു.
ജനസേവനവും ജനങ്ങളുമായി ഇടപഴകുന്ന തൊഴിലും ഒപ്പം കൊണ്ടുപോകാൻ സാധിക്കുന്നത് ഏറെ സന്തോഷം ഉളവാക്കുന്നതായി ഷീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

