ഹരിതയുടെ ‘അത്ഭുതവിദ്യ’
text_fieldsഒമ്പതാംക്ലാസിലെ വിദ്യാർഥികളോട് ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് ഒരു കവിതയെഴുതാൻ മലയാളം അധ്യാപിക ആവശ്യപ്പെട്ടു. അന്ന് കുട്ടികളെഴുതിയ 40 കവിതകൾ ചേർത്ത് അധ്യാപികയായ ബീന അഗസ്റ്റിൻ ഒരു കവിതാസമാഹാരം പുറത്തിറക്കി. അങ്ങനെ 2011ൽ പൈസക്കരി ദേവമാത ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെഴുതിയ കവിതകളുടെ സമാഹാരം ‘ഉറവകൾ പറയുന്നത്’ പുറത്തിറങ്ങി. അതിലെ ആദ്യത്തെ കവിതയായിരുന്നു അത്ഭുതവിദ്യ. അത് എഴുതിയത് പി.പി. ഹരിതമോൾ എന്ന ഭിന്നശേഷി വിദ്യാർഥിനിയും. പിന്നീട് അന്ധതയെയും ജീവിത പ്രതിസന്ധികളെയും കവിതകളിലൂടെ അതിജീവിച്ച ഈ 25 കാരി ഇന്ന് മലയാളം അധ്യാപികയാണ്. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ ഹരിതയെക്കുറിച്ച് കൂടുതൽ അറിയാം.
കുന്നത്തൂരിലെ പ്ലാക്കൽ പ്രഭാകരൻ -രാജമ്മ ദമ്പതികളുടെ ഇളയമകളാണ് ഹരിത. ജനിച്ച് മാസങ്ങൾക്കുള്ളിൽ രോഗിയാകുകയും കാഴ്ചശക്തി നഷ്ടമാകുകയും ചെയ്തു. ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ലഭ്യമായ ചികിത്സകളെല്ലാം ഹരിതക്ക് നൽകിയെങ്കിലും കാഴ്ചശക്തി തിരികെലഭിച്ചില്ല. ധർമശാലയിലെ മോഡൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഹൈസ്കൂൾ പഠനത്തിനിടെ ബീന ടീച്ചറുടെ പ്രോത്സാഹനത്തിൽ ‘അത്ഭുതവിദ്യ’ എഴുതി പൂർത്തിയാക്കുകയും അച്ചടിച്ച് വരികയും ചെയ്തു.
ആദ്യ കവിതയിൽനിന്ന് ലഭിച്ച പ്രചോദനത്തിൽനിന്ന് ഹരിതമോൾ വീണ്ടും കവിതകളെഴുതി. ബ്രെയിൽ ലിപിയിലായിരുന്നു ഹരിതയുടെ കവിതയെഴുത്ത്. കൂട്ടുകാരുടെ സഹായത്തോടെ കടലാസിലേക്ക് പകർത്തും. ഗായിക കൂടിയായ ഹരിതയെ അധ്യാപകരും കവിതകളെഴുതാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു വർഷത്തിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷയുടെ തലേദിവസം ഹരിതയുടെ ആദ്യ കവിത സമാഹാരം ‘നിഴൽ ചിത്രങ്ങൾ’ പുറത്തിറങ്ങി.
കവിത സമാഹാരത്തിന്റെ 2000 കോപ്പികൾ വിറ്റഴിച്ചു. ഈ ഇനത്തിൽ 30,000രൂപയും ഹരിതക്ക് ലഭിച്ചു. ഈ തുക ഉപയോഗിച്ചായിരുന്നു ഹരിതയുടെ തുടർപഠനം. കോഴിക്കോട് സ്പെഷൽ സ്കൂളിൽ നിന്നും പ്ലസ്ടുവും കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും മടമ്പം പി.കെ.എം. കോളജിൽ നിന്ന് ബി.എഡും പൂർത്തിയാക്കി. തലശ്ശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനിടയിൽ, മൂന്നു മാസം മുമ്പ് ഹരിതയെ തേടി ഒരു സന്തോഷവാർത്തയെത്തി. പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചു. തുടർന്ന് പഠനത്തിന് ചെറിയൊരു ബ്രേക്കിട്ട് അധ്യാപികയുടെ കുപ്പായമണിഞ്ഞു. ‘ഇനിയും കവിതകളെഴുതുമെന്നും ജോലി കിട്ടിയതോടെ മുടങ്ങിപ്പോയ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഹരിത പറയുന്നു. തന്റെ പരിമിതികൾ മറികടന്ന് ദൂരസ്ഥലങ്ങളിലടക്കം യാത്രകൾ നടത്തുകയാണ് ഹരിതയുടെ മറ്റൊരു ലക്ഷ്യം. നിലവിൽ ഹരിതയും സഹോദരി ഹർഷയും മാതാപിതാക്കൾക്കൊപ്പം പയ്യന്നൂരിൽ വാടക വീട്ടിലാണ് താമസം.