60ാം വയസ്സിൽ സംയോജിത കൃഷിയിൽ വിസ്മയം തീർത്ത് ഹലീമ
text_fieldsഹലീമ, ഹലീമയുടെ ചെണ്ടുമല്ലി തോട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു
ആയഞ്ചേരി: ഗ്രാമപഞ്ചായത്തിലെ കല്ലേരി മടിയേരി അറഫ മഹലിൽ ഹലീമ സംയോജിത കൃഷിരീതിയിലൂടെ കാർഷിരംഗത്ത് മാതൃകയാകുന്നു. പ്രായത്തെ വെല്ലുവിളിച്ച് 60ാം വയസ്സിലും സ്വപ്രയത്നം കൊണ്ട് കൃഷിരീതി തുടർന്നു വരുന്ന ഹലീമയെ 2024ൽ പഞ്ചായത്തിലെ മികച്ച വനിത കർഷകയായി തിരഞ്ഞെടുത്തിരുന്നു. സംയോജിത കൃഷിരീതിയാണ് ഇവർ പ്രധാനമായും പിന്തുടരുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടര സെന്റ് സ്ഥലത്ത് മത്സ്യകൃഷി നടത്തുന്നുണ്ട്.
വരാൽ, തിലോപ്പി, വാള തുടങ്ങിയ മത്സ്യങ്ങളെയാണ് ഇവിടെ വളർത്തുന്നത്. ഇതിനു പുറമേ വിവിധതരം പച്ചക്കറികൾ, ആടുവളർത്തൽ, വരുമാനമുറപ്പാക്കുന്ന ചെണ്ടുമല്ലി കൃഷി എന്നിവയും ഇവർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. കൃഷിയിലെ ഈ വൈവിധ്യവത്കരണം ഹലീമക്ക് നല്ലൊരു വരുമാന മാർഗമാണ്. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഫിഷറീസ് വകുപ്പ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വേണ്ട പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാകുന്നുണ്ട്.
എന്നാൽ, കഠിനാധ്വാനം ചെയ്ത് മികച്ച ഉത്പാദനം നേടുന്നതിനിടയിലും വിളവെടുക്കുന്ന ഉത്പന്നങ്ങൾ സമയാസമയത്ത് വിറ്റഴിക്കാൻ വിപണി കണ്ടെത്തുന്നതിൽ വലിയ പ്രയാസമാണ് ഈ കർഷക നേരിടുന്നത്. ഹലീമക്ക് അധികൃതരുടെ ഭാഗത്തുനിന്നും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സ്ഥിരം സംവിധാനമൊരുക്കുന്നതിൽ കൂടുതൽ ശ്രദ്ധയും സഹായവും ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

