രക്ഷാപ്രവർത്തകർക്ക് പിന്തുണ നല്കിയ പെൺകുട്ടിക്ക് പൊലീസിന്റെ ആദരം
text_fieldsഅജ്മാന്: അജ്മാനിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തകർക്ക് പിന്തുണ നല്കിയ പെൺകുട്ടിയെ അജ്മാൻ പൊലീസ് ആദരിച്ചു. കെട്ടിട സമുച്ചയത്തില്‍ ഫെബ്രുവരി 17നുണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തകരായി എത്തിയ പൊലീസിനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രഭാതഭക്ഷണം ഒരുക്കി നല്‍കിയിരുന്നത് ഫാത്തിമ അൽ മസ്മി എന്ന പെൺകുട്ടിയും മാതാവുമായിരുന്നു.
തന്റെ വീട്ടില്‍നിന്നും ഒരുക്കുന്ന ഭക്ഷണം ഈ ബാലിക പ്രദേശത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നു. ‘ഫയർ ചൈൽഡ്’ എന്ന് വിളിപ്പേരിട്ട ഫാത്തിമയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്തുവെച്ച് അജ്മാന് പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ആദരിച്ചു.
ടവറിന്റെ അറ്റകുറ്റപ്പണി കാലയളവിൽ നിരവധി ദിവസങ്ങളിൽ ഫാത്തിമയും കുടുംബവും നല്കിയ പിന്തുണക്ക് പൊലീസ് മേധാവി നന്ദി പറഞ്ഞു. അജ്മാനിലെ അൽ റാഷിദിയയിലെ 25 നിലയുള്ള പേൾ പേള്‍ ടവറിലുണ്ടായ തീപിടിത്തത്തില്‍ നിരവധി ഫ്ലാറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അധികം താമസിയാതെ താമസക്കാര്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്കിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഫാത്തിമ അൽ മസ്മി എന്ന പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ് ആദരിച്ചത്.