നാലു വർഷം, ആറു മാസം, ഒരു ദിവസം....പ്രതിസന്ധികളെ പൊരുതിത്തോൽപിച്ച് ജസീല തിരിച്ചെത്തി
text_fieldsകൽപറ്റ: ‘പ്രിയരേ ഏറെ നാളുകൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ നാലു വർഷം ആറു മാസം ഒരു ദിവസം, ഞാൻ ഇന്നു തിരിച്ച് എന്റെ പ്രിയപ്പെട്ട പൊലീസ് ഡിപാർട്ട്മെന്റിൽ ജോലിക്ക് പ്രവേശിക്കകയാണ്.
പൊലീസിൽ വന്നിട്ട് 17 വർഷങ്ങൾ കഴിയാറാവുന്നു. കൂടെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആയി പ്രമോഷനും ലഭിച്ചുവെന്ന സന്തോഷവാർത്തയും പങ്കുവെക്കുന്നു. 2019ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടും അത് നെഞ്ചോട് ചേർത്ത് യൂനിഫോമിൽ അണിയാൻ ഇന്നുവരെയായില്ല എന്ന സങ്കടവും ഇതോടെ ഇല്ലാതാവുന്നു.
പ്രതീക്ഷ കൈ വിടാതെ മുന്നോട്ട് നടക്കുക, വിജയം സുനിശ്ചിതം. ഈ വലിയ കാലം അതിജീവിക്കാൻ കൂടെ കട്ടക്ക് നിന്നവരെ ഹൃദയത്തോട് ചേർത്ത് ദൈവത്തിനു നന്ദി പറഞ്ഞ് ഞാൻ വീണ്ടും നിങ്ങളിലേക്ക്... അപകടവും രോഗങ്ങളും അതിജീവിച്ച് നീണ്ടകാലത്തിനുശേഷം ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ സന്തോഷം പ്രിയപ്പെട്ടവർക്ക് വാട്സ്ആപ്പിൽ പങ്കുവെച്ച് തിങ്കളാഴ്ച ജോലിയിൽ കയറിയ സന്തോഷം പങ്കിടുകയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസറായ കെ.ടി. ജസീല.
2006ൽ കൽപറ്റ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായാണ് മുട്ടിൽ സ്വദേശിനി ജസീലയുടെ കരിയർ തുടങ്ങുന്നത്. ജോലിക്കിടയിലാണ് കെ.പി. അഭിലാഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
2019 മാർച്ചിൽ അഭിലാഷ് ജോലി ചെയ്യുന്ന കണ്ണൂരിലെ ധർമടത്ത് പോയി മടങ്ങുമ്പോൾ ജസീല കയറിയ കെ.എസ്.ആർ.ടി.സി ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി. തലയടിച്ചു വീണ ജസീലയുടെ ഇരുകാലുകളും ഒടിഞ്ഞു. എല്ലുകൾ പൊടിഞ്ഞ അവസ്ഥയിലായി. അഭിലാഷിന്റെ പരിചരണത്തിൽ ജീവിതം മുന്നോട്ട് പോകുന്നതിനിടെ കഴുത്തിൽ ഒരു മുഴയുടെ രൂപത്തിൽ അർബുദം എത്തുന്നത്.
കീമോയുടെയും മരുന്നുകളുടെയും ദുരിതകാലം. അതിനിടെ മരുന്നുകളുടെ പാർശ്വഫലമായി വൃക്കരോഗവും. ഒമ്പതോളം ശസ്ത്രക്രിയകളും വേണ്ടിവന്നു. നീണ്ട വർഷത്തെ ചികിത്സക്കൊടുവിൽ ഇതെല്ലാം അതിജീവിച്ചാണ് ജസീല വീണ്ടും ജോലിയിൽ പ്രവേശിച്ചത്. പുത്തൂർവയൽ ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായാണ് ജോലിയിൽ തിരികെ കയറിയത്.