അങ്കത്തട്ടിലുണ്ട് ഒരേ കാമ്പസിലെ നാല് പെൺതാരകങ്ങൾ
text_fieldsഅനുപ്രിയ, അശ്വതി, അഷ്റിൻ, ശിവാനി
കണ്ണൂർ: നാല് സ്ഥാനാര്‍ഥികളുണ്ട് സര്‍വകലാശാല തലശ്ശേരി പാലയാട് കാമ്പസിൽ. സര്‍വകലാശാല യൂനിയൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല ഈ പെൺ താരകങ്ങളിറങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത ജില്ലകളിലായി മത്സരിക്കുന്ന നാല് നിയമ വിദ്യാര്‍ഥിനികളാണിവർ. മൂന്നുപേര്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവര്‍. ഒരു മുറിയിൽ താമസിക്കുന്നവർ.
ഒരാൾ മാത്രം മറ്റൊരു ക്ലാസിൽ. നാലുപേരും സി.പി.എമ്മിനായി മത്സരരംഗത്തിറങ്ങിയവര്‍ എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ എല്‍എല്‍.എം ക്ലാസിലെ അനുപ്രിയ കൃഷ്ണ, അഷ്‌റിന്‍ കളക്കാട്ട്, അശ്വതിദാസ് എന്നിവരും എൽഎൽ.ബി വിദ്യാർഥിനി ശിവാനി പറമ്പാട്ടിലുമാണ് മത്സരാർഥികൾ. നാലു ജില്ലകളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവർ ജനവിധി തേടുന്നത്.
നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകരായി ജോലിചെയ്യുന്ന മൂവരും ഉപരിപഠനത്തിനിടയിലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്. സ്ഥാനാർഥികളായതോടെ ക്ലാസിലും മുറിയിലും കാമ്പസിലും തെരഞ്ഞെടുപ്പ് ചർച്ചയുടെ ചൂടും ആവേശവും ഏറെയാണ്. സ്വന്തം വാർഡുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെതന്നെ ഓരോരുത്തരും തുടങ്ങിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡായ ആലക്കോട് ടൗണില്‍ നിന്നുമാണ് അനുപ്രിയ കൃഷ്ണ ജനവിധി തേടുന്നത്. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ എക്സിക്യൂട്ടിവ് അംഗമായ അനുപ്രിയ റിട്ട. എസ്.ഐ എം.ജി. രാധാകൃഷ്ണന്റെയും കലാസാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായ പ്രിയയുടെയും മകളാണ്.
മലമടക്കുകളിറങ്ങി വോട്ടുപിടിക്കുന്ന തിരക്കിലാണ് അനുപ്രിയ.തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലെ 11ാം വാര്‍ഡില്‍ നിന്നാണ് അഷ്റിന്‍ കളക്കാട്ട് മത്സരിക്കുന്നത്. എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറിയും തൃശൂര്‍ ഗവ. കോളജ് ചെയര്‍പേഴ്സനുമായിരുന്നു. സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ടിന്റെയും ഫൗഷത്ത് ബീവിയുടെയും മകളാണ്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് അശ്വതി ദാസ് മത്സരിക്കുന്നത്. തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന അശ്വതി പേരൂര്‍ക്കട ഏരിയ വൈസ് പ്രസിഡന്റാണ്.
സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ എ. ദേവീദാസിന്റെയും പ്രിയകലയുടെയും മകളാണ്. പഠനസൗകര്യാര്‍ഥം പാലയാട് കാമ്പസിനടുത്തുള്ള വീട്ടിലെ ഒരു മുറിയിലാണ് ഈ മൂവർ സംഘം താമസിക്കുന്നത്.
എൽഎൽ.ബി വിദ്യാര്‍ഥിനി ശിവാനി പറമ്പാട്ടില്‍ മലപ്പുറം ജില്ലയിലെ പുല്‍പറ്റ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ സി.പി.എം സ്ഥാനാര്‍ഥിയാണ്. ഒറ്റ കാമ്പസിലെ നാല് നിയമവിദ്യാർഥിനികൾ തദ്ദേശപ്പോരിനിറങ്ങിയതിന്റെ കൗതുകവും ഇവിടെ മാത്രം. ജയിച്ചാൽ നാല് ജന പ്രതിനിധികളാണ് പാലയാട് കാമ്പസിലുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

