ചീനവലയിൽ ഇൗ ജീവിതഭാരം
text_fieldsകാൽ നൂറ്റാണ്ടായി ഒറ്റക്ക് ചീനവല വലിച്ച് കുടുംബഭാരം പങ്കുവെക്കുകയാണ് ആനി എന്ന 46കാരി. സാധാരണ ഗതിയിൽ കരുത്തരായ രണ്ടും മൂന്നും ആണുങ്ങൾ ചേർന്നാണ് ചീനവല വലിക്കാറ്. എന്നാൽ, ജീവിതഭാരത്തിന് മുന്നിൽ ആനിക്ക് ഇതൊരു ഭാരമല്ല. വലിയ കരിങ്കല്ലുകൾ കമ്പക്കയറിൽ ഘടിപ്പിച്ച ഭാരം എന്നും വലിച്ചുയർത്തുന്നു, പ്രതിസന്ധിയുടെ വലക്കണ്ണികൾ പൊട്ടിച്ചെറിയാൻ.
ചീനവല വലിക്കാൻ കരുത്തും ആത്മവിശ്വാസവും പരിചയ സമ്പത്തുമെല്ലാം ആവശ്യമാണ്. കുമ്പളങ്ങി കായലിെൻറ കൈവഴിയായ എഴുപുന്ന വട്ടക്കായലിന് സമീപം കല്ലുചിറ ആൻറണിയുടെ ഭാര്യ ആനിക്കും ഈ ജോലിയിൽ കൈമുതലായുള്ളത് ഇതൊക്കെത്തന്നെ. ആനിയെ ആൻറണി മിന്നുകെട്ടി കൊണ്ടുവന്നതിൽപിന്നെയാണ് ഭർത്താവിന് സഹായമായി ചീനവല വലിയിൽ ഏർപ്പെട്ടത്.
കൽപണിക്കാരൻ കൂടിയായ ആൻറണി ജോലിക്ക് പോകുന്ന സമയങ്ങളിൽ കുടുംബഭാരം കുറക്കാൻ ആനിയും ചീനവല വലിക്കുന്ന തൊഴിലിൽ ഏർപ്പെട്ടുതുടങ്ങി. ആദ്യം വിലക്കിയെങ്കിലും ആനിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ ആൻറണി പിന്മാറി. ഭർത്താവിനൊപ്പവും ചില ദിവസങ്ങളിൽ ഒറ്റക്കും ആനി ചീനവല വലിച്ചു. രണ്ട് മക്കളാണ് ഇൗ ദമ്പതികൾക്ക്: സിനുവും സിബിയും. വൃക്കരോഗിയായ സിബിക്ക് അഞ്ചുവർഷമായി ഡയാലിസിസ് നടത്തുന്നു. ഇതിന് പണം കണ്ടെത്തണമെങ്കിൽ ആൻറണിയുടെ കൽപണിയും ആനിയുടെ ചീനവല വലിയും വേണം.
സിബിയുടെ ചികിത്സ സംബന്ധമായി ആൻറണിക്ക് പലപ്പോഴും ജോലിക്ക് പോകാൻ കഴിയാറില്ല. പിന്നെ കുടുംബത്തിന് അന്നത്തിന് വഴി കണ്ടെത്താൻ ആനിയുടെ കൈക്കരുത്തുതന്നെ ശരണം. മൂത്ത മകൻ സിനു ആൻറണി ടൈൽസിെൻറ ജോലിക്ക് പോകുന്നത് കുടുംബത്തിന് ആശ്വാസമാകുന്നു. ചീനവല വലിക്കുന്നത് സന്ധ്യക്ക് ആറുമുതൽ പുലർച്ചവരെയാണ്. കരുത്തിെൻറ ഈ പെൺമനസ്സ് ആത്മവിശ്വാസത്തിെൻറ കൂടി ചങ്കുറപ്പായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
