രത്നങ്ങൾ തേടി ഖനികളിലേക്കും നദികളിലേക്കും; ആദ്യ അറബ് വനിതാ ഫീൽഡ് ജെമോളജിസ്റ്റ് ഫാതിമ
text_fieldsദുബൈ: തന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ജ്വല്ലറി ഡിസൈൻ ലഭിക്കാത്തതിനെത്തുടർന്ന് സ്വയം വരച്ച ചിത്രത്തിൽ നിന്നാണ് ഫാതിമ അൽമഹീരി ഈ വേറിട്ട യാത്രക്ക് തുടക്കമിട്ടത്. വിലപിടിപ്പുള്ള രത്നങ്ങൾ തേടി ഖനികളിലും നദികളിലേക്കുമുള്ള സാഹസിക യാത്രകളിലേക്ക് അതു വളർന്നു. ഒടുവിൽ ആ പാത തുറന്നതാവട്ടെ, രത്നങ്ങളുടെ ലോകത്ത് തന്‍റേതായ വഴി വെട്ടിത്തെളിച്ച ആദ്യ അറബ് വനിതാ ഫീൽഡ് ജെമോളജിസ്റ്റ് എന്ന അപൂർവ വിശേഷണത്തിലേക്കും.
ജെംസ്റ്റോൺ ഡീലർ, ജ്വല്ലറി ഡിസൈനർ, സർട്ടിഫൈഡ് ട്രെയിനർ എന്നീ നിലകളിൽ പ്രശസ്തയായ ഫാതിമ 2009ലാണ് ‘ഫാതിമ അൽമഹീരി ജ്വല്ലറി ആർട്ട്’ സ്ഥാപിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഏഴിലധികം രാജ്യങ്ങളിലായി ഇതുവരെ മുപ്പത്തെട്ടോളം ഫീൽഡ് ട്രിപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു ഈ യു.എ.ഇ സ്വദേശിനി.
അത്യധികമായ താൽപര്യം ജ്വല്ലറി ഡിസൈനിങ് ഡിപ്ലോമയിലേക്കും തുടർന്ന് ജെമോളജിയിലെ ‘ഗ്രാജുവേറ്റ് ജെമോളജിസ്റ്റ്’ ബിരുദത്തിലേക്കും ഫാതിമയെ കൈപിടിച്ചു. മുത്തുകളോടും രത്നങ്ങളോടുമുള്ള ഇഷ്ടം രക്തത്തിലുണ്ടായിരുന്നു. മുത്തുച്ചിപ്പി വാരുന്നയാളായിരുന്ന മുത്തശ്ശൻ കടലിലേക്ക് ഊളിയിട്ടിരുന്നതുപോലെയാണ് രത്നങ്ങൾ തേടി ഖനികളിലേക്ക് ഇറങ്ങുന്നതെന്ന് ഫാതിമ വ്യക്തമാക്കുന്നു. 2014ൽ എത്യോപ്യ സന്ദർശിച്ചുകൊണ്ടാണ് ഫീൽഡ് വർക്കിന് അവർ തുടക്കമിട്ടത്.
താൻസാനിയ, ശ്രീലങ്കയിലെ രത്നപുര തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച രത്ന നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു ഫാതിമയുടെ പ്രധാന യാത്രകൾ. ഖനികളിലെ കഠിനമായ അധ്വാനവും അട്ടകളുടെ ശല്യവും നദികളിലെ ശക്തമായ ഒഴുക്കുമെല്ലാം തരണം ചെയ്താണ് അവർ വിവരങ്ങൾ ശേഖരിക്കുന്നത്. ആഡംബര കടകളുടെ ഷോക്കേസുകളിൽ കാണുന്ന രത്നങ്ങൾ ഏത് സാഹചര്യത്തിലാണ് ഭൂമിയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതെന്ന് നേരിട്ട് കാണുമ്പോൾ മാത്രമാണ് അവയുടെ യഥാർഥ മൂല്യം മനസ്സിലാകുകയെന്നാണ് ഇവരുടെ പക്ഷം.
തന്‍റെ കൈകൾ കൊണ്ട് ആദ്യമായി കുഴിച്ചെടുത്ത ‘ഗാർനറ്റ്’ എന്ന കല്ലാണ് തനിക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള രത്നമെന്ന് ഫാതിമ പറയുന്നു. ഈ മേഖലയിൽ മുൻഗാമികളായ അറബ് വനിതകൾ ഇല്ലാതിരുന്നത് തടസ്സമായി തോന്നിയില്ല. മറിച്ച്, സ്വന്തം വഴി വെട്ടിത്തെളിക്കാൻ അത് ഫാതിമക്ക് പ്രചോദനമായി. ‘ആദ്യ അറബ് ഫീൽഡ് ജെമോളജിസ്റ്റ്’ എന്ന അഭിമാനത്തോടെ യാത്ര തുടരുമ്പോഴും യു.എ.ഇയുടെ തനതായ വ്യക്തിത്വവും ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്‍റെ അകമഴിഞ്ഞ പിന്തുണയും അവർ എപ്പോഴും കൂടെക്കരുതുന്നു.
ഇതുവരെ 400ലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകിയ ഫാതിമ, ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതികൾക്ക് അഞ്ച് നിർദേശങ്ങളാണ് നൽകുന്നത്. പഠനം, പ്രായോഗിക പരിചയം, വിപണിയിലെ അനുഭവം, വിദഗ്ദ്ധരിൽ നിന്നുള്ള പഠനം, ഫീൽഡ് വർക്ക് എന്നിവയാണവ. രത്നങ്ങളുടെ ലോകത്ത് ശരിയായ അറിവ് നേടുന്നത് മേന്മ മാത്രമായി കാണാതെ, അത് നിങ്ങളെ സംരക്ഷിക്കുകയും വിശ്വാസ്യത വളർത്തുകയും ചെയ്യുന്ന പ്രധാന ഘടകമാണെന്ന് ഫാതിമ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

