നവതി കഴിഞ്ഞും മുളനാരുകളിൽ തങ്കലിപി
text_fieldsതങ്ക മുളയുൽപന്ന നിർമാണത്തിൽ
കൊല്ലങ്കോട്: പ്രായം തൊണ്ണൂറ് പിന്നിട്ടു, പക്ഷേ തങ്കയുടെ വിരലുകൾക്ക് ഇപ്പോഴും വിശ്രമമില്ല. മുതലമട നെണ്ടൻകിഴായ കണ്ടൻചിറയിലെ ഈ മുത്തശ്ശി, വാർധക്യത്തിന്റെ തളർച്ചയെ അധ്വാനം കൊണ്ട് തോൽപിക്കുകയാണ്. മുളകൾ ചെത്തിമിനുക്കി വട്ടിയും മുറവും കുട്ടകളും നെയ്യുന്ന തിരക്കിലാണ് ഇന്നും തങ്ക.
രാവിലെ നേരത്തെ എഴുന്നേറ്റ് മുളകൾ വേർതിരിച്ച് ചെത്തിമിനുക്കുന്നതോടെ തങ്കയുടെ ദിവസം തുടങ്ങുന്നു. ചുളിവുകൾ വീണ കൈകൾ കൊണ്ട് മെനഞ്ഞെടുക്കുന്നത് ഒരു ആയുസ്സിന്റെ മുഴുവൻ അനുഭവക്കരുത്താണ്. ഒരു ദിവസം മൂന്ന് മുതൽ അഞ്ച് കുട്ടകൾ വരെ ഇന്നും ഈ അമ്മ നെയ്തെടുക്കുന്നു. മക്കൾ നന്നായി നോക്കുന്നുണ്ടെങ്കിലും ആരോഗ്യമുള്ള കാലത്തോളം സ്വന്തം അധ്വാനത്തിലൂടെ ജീവിക്കണമെന്ന നിർബന്ധമാണ് തങ്കയെ ഈ തൊഴിലിൽ നിലനിർത്തുന്നത്.
പണ്ട് തെന്മല കാടുകളിൽ നേരിട്ട് പോയി മുള വെട്ടിക്കൊണ്ടുവന്നായിരുന്നു നിർമാണം. എന്നാൽ, വനംവകുപ്പ് നിയമങ്ങൾ കർശനമായതോടെ സ്വകാര്യ വ്യക്തികളിൽനിന്ന് മുള വാങ്ങുകയാണ് ചെയ്യുന്നത്. നെണ്ടൻകിഴായയിൽ ഒരുകാലത്ത് 60ലധികം കുടുംബങ്ങൾ ഈ തൊഴിൽ ചെയ്തിരുന്നെങ്കിൽ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ രംഗത്തുള്ളത്.
പരമ്പരാഗതമായ ഈ തൊഴിലിന് സർക്കാറിന്റെ ഭാഗത്തുനിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന് തങ്ക സങ്കടത്തോടെ പറയുന്നു. ഈ തൊഴിൽ മേഖലയെ സംരക്ഷിക്കാനും അടുത്ത തലമുറക്ക് പകർന്നുനൽകാനുമുള്ള പദ്ധതികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് തങ്കയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

