ദസറ ഉദ്ഘാടനം ചെയ്യുന്ന ആദ്യ മുസ്ലിം വനിതയാവാൻ ബാനു മുഷ്താഖ്
text_fieldsബംഗളൂരു: മൈസൂരു ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട ബുക്കർ ഇന്റർനാഷനൽ അവാർഡ് ജേതാവായ കന്നട സാഹിത്യകാരി ബാനു മുഷ്താഖ് ഈ അവസരം ലഭിക്കുന്ന ആദ്യ മുസ്ലിം വനിതയാണ്. സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോൾ 2017ൽ ദസറ ഉത്സവം ഉദ്ഘാടനം ചെയ്ത പ്രശസ്ത കവി കെ.എസ്. നിസാർ അഹമ്മദിനുശേഷം ഇതിന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മുസ്ലിമും കൂടിയാണ് ബാനു മുഷ്താഖ്.
ദസറ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ വനിത എന്ന പ്രത്യേകതയുമുണ്ട്. 1999ൽ പ്രശസ്ത സംഗീതജ്ഞ ഡോ. ഗംഗുബായ് ഹംഗൽ, 2001ൽ ബഹുഭാഷാ നടി ബി. സരോജാദേവി, 2018ൽ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സുധ മൂർത്തി, 2022ൽ പ്രസിഡന്റ് ദ്രൗപതി മുർമു എന്നിവരാണ് ദസറ മേള ഉദ്ഘാടനം ചെയ്തത്.
സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ഈ വർഷത്തെ ദസറ ഉത്സവം. ഹാസനിൽനിന്നുള്ള എഴുത്തുകാരിയും ബുക്കർ ഇന്റർനാഷനൽ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് സെപ്റ്റംബർ 22ന് ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
ലോകപ്രശസ്തമായ മൈസൂർ ദസറയുടെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് ബാനു മുഷ്താഖ് പ്രതികരിച്ചു. തന്നെ തെരഞ്ഞെടുത്തതിനെ കുറിച്ച് ആദ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് പറഞ്ഞ ബാനു, നിരവധി പേർ വിളിച്ചും സന്ദേശമയച്ചും അഭിനന്ദിച്ചതായി അറിയിച്ചു.
മൈസൂരു ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡിയും തന്നെ വിളിച്ച് വിവരമറിയിച്ചതായി ചൂണ്ടിക്കാട്ടിയ ബാനു, ദസറ ഉദ്ഘാടനത്തിനുള്ള ക്ഷണം ലഭിച്ചതിൽ തനിക്ക് വളരെയധികം ബഹുമാനവും സന്തോഷവുമുണ്ടെന്ന് ആവർത്തിച്ചു.
1980 കളുടെ തുടക്കം മുതൽ ഞാൻ ഉൾപ്പെട്ടിരുന്ന എന്റെ സാഹിത്യത്തെയും പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം ഞാൻ ശ്രദ്ധിച്ചു. എന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചിട്ടുണ്ട്. ദസറ ഉദ്ഘാടനം ചെയ്യാൻ കഴിയുന്നത് എനിക്ക് വളരെയധികം അഭിമാനകരമാണ്. എന്റെ സാഹിത്യകൃതികൾക്കും കന്നട സംസ്കാരത്തിനും എന്റെ സാമൂഹിക ബന്ധത്തിനും ഇത് ഒരു ബഹുമതി കൂടിയാണ്. കോടിക്കണക്കിന് കന്നഡിഗരുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി ദസറ ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചത് എനിക്ക് ശരിക്കും മികച്ച നിമിഷമാണ്- അവർ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് മൈസൂർ ഭരണാധികാരി ജയചാമരാജ വോഡിയാർ ദസറ ഘോഷയാത്ര അലങ്കരിച്ചപ്പോൾ, തന്റെ മാതാപിതാക്കൾക്കൊപ്പം ദസറ കാണാൻ അവസരം ലഭിച്ചതും അവർ ഓർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

