ഡ്രൈവിങ് തറവാട്ടിലെ പെൺകരുത്ത് ടോപ് ഗിയറിൽ
text_fieldsഓടാട്ടിൽ തറവാട്ടിലെ മറ്റു വനിത ഡ്രൈവിങ് പരിശീലകർക്കൊപ്പം ചന്ദ്രിക
കൂറ്റനാട്: സ്റ്റിയറിങ് പിടിക്കുമ്പോൾ കൈ വിറക്കുന്ന വീട്ടമ്മമാർക്കും ഇരുചക്രത്തിൽ റോഡിലിറങ്ങാൻ ഭയക്കുന്ന യുവതികൾക്കും തോളൂരിലെ ഓടാട്ടിൽ തറവാട് ഒരു തണലാണ്. ഒരു കുടുംബത്തിലെ ആറ് വനിതകൾ ചേർന്ന് നാട്ടുകാരെ വാഹനമോടിക്കാൻ പഠിപ്പിക്കുന്ന കാഴ്ചയാണിവിടെ. ആത്മവിശ്വാസത്തിന്റെ ആക്സിലറേറ്റർ ചവിട്ടി ഈ പെൺകരുത്ത് മുന്നേറാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു.
ഓടാട്ടിൽ ശേഖരൻ-മീനാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രികയാണ് ഈ വിപ്ലവത്തിന് താക്കോൽ തിരിച്ചത്. തൃശൂർ പാറപ്പുറത്ത് പ്രേമനാഥനെ വിവാഹം കഴിച്ച ശേഷം 1990ൽ ഡ്രൈവിങ് സ്കൂളിൽ ചേർന്നതോടെയാണ് ചന്ദ്രികയുടെ ജീവിതം ട്രാക്ക് മാറിയത്. ഡ്രൈവിങ് സ്കൂളിൽനിന്ന് ടൂവീലർ, ഓട്ടോറിക്ഷ, കാർ ലൈസൻസുകൾ കരസ്ഥമാക്കിയ അവർ ആറ് വർഷം അവിടെത്തന്നെ പരിശീലകയായി ജോലി ചെയ്തു. 1997ൽ കുന്നംകുളം, ചാലിശ്ശേരി എന്നിവിടങ്ങളിൽ സ്വന്തമായി വനിത ഡ്രൈവിങ് സ്കൂൾ ആരംഭിച്ചു. ചന്ദ്രികയുടെ പാത പിന്തുടർന്ന് ഇന്ന് ആ തറവാട്ടിലെ മറ്റു വനിതകളും ഡ്രൈവിങ് പരിശീലകരാണ്. ചന്ദ്രികയുടെ അനുജത്തിമാരായ ലത അനിൽകുമാർ, സുനിത സജീവ്, ചന്ദ്രികയുടെ മകൾ പ്രസീത സുനിൽകുമാർ, അനുജത്തിയുടെ മകൾ ശ്രുതി, മരുമകൾ സുമി പ്രബീൺ എന്നിവരാണ് ഇവർ. ചന്ദ്രികയുടെ മകൻ പ്രബീണും ഈ ദൗത്യത്തിൽ കൂടെയുണ്ട്.
വാഹനത്തിന്റെ ഗതി നിയന്ത്രിക്കാൻ മാത്രമല്ല ഡ്രൈവിങ്ങിനോടുള്ള ഭയവും ആശങ്കയും വിട്ടൊഴിയാനുള്ള ആത്മവിശ്വാസ പാഠം കൂടിയാണ് ഇവർ പഠിപ്പിക്കുന്നത്. വണ്ടി ഓടിക്കാൻ പേടിച്ച് വരുന്ന വീട്ടമ്മമാരെപ്പോലും തികഞ്ഞ ആത്മവിശ്വാസത്തോടെ റോഡിലിറങ്ങാൻ പ്രാപ്തരാക്കുന്നത് വരെ ഈ ടീം ഒപ്പമുണ്ടാകും.
ഡ്രൈവിങ് ടീച്ചർ എന്നതിലുപരി സാങ്കേതിക വിദ്യയിലും ചന്ദ്രിക മികവ് തെളിയിച്ചിട്ടുണ്ട്. 63-ാം വയസ്സിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ എ ഗ്രേഡ് നേടിയാണ് അവർ തൊഴിലിനോടുള്ള അടങ്ങാത്ത അഭിനിവേശം തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

