കരുണയുടെ കൈകൾനീട്ടി ഡോ. ബീന ഉമ്മൻ
text_fieldsഡോ. ബീന ഉമ്മൻ
കോഴിക്കോട്: കടമ മറന്നാലും കരുണ മറക്കരുതെന്ന വാക്കുകളെ ശിരസ്സാവഹിച്ച് കടമയും കരുണയും ചേർത്ത് പിടിക്കുകയാണ് മെഡിക്കൽ കോളജിലെ ഇ.എൻ.ടി വിഭാഗം ഡോ. ബീന ഉമ്മൻ. സ്മാർട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് തുടങ്ങിയാണ് ഡോക്ടറുടെ പ്രവർത്തനങ്ങൾ. മെഡിക്കൽ കോളജിലെ നിർധനരായ രോഗികൾക്ക് ഭക്ഷണം നൽകുക, ആദിവാസി കുട്ടികൾക്ക് പഠനസഹായം നൽകുക, പെൺകുട്ടികൾക്ക് ഉന്നതപഠനത്തിന് സ്കോളർഷിപ് തുടങ്ങി നിരവധി സഹായങ്ങളാണ് ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയ മാർ തെയോഫിലോസ് നീട്ടിവെച്ച കരുണയുടെ കരങ്ങളാണ് അദ്ദേഹത്തിന്‍റെ കാലശേഷം ഡോ. ബീനയും സുഹൃത്തുക്കളും മുന്നോട്ടുകൊണ്ടുപോകുന്നത്. ബിഷപ് 2005ലാണ് ട്രസ്റ്റ് ആരംഭിച്ചത്. 2017ൽ അദ്ദേഹത്തിന്‍റെ മരണത്തോടെ ട്രസ്റ്റിന്‍റെ പ്രവർത്തനം നിലച്ചു. തുടർന്ന് 2018 നവംബർ ഒന്നിന് ബീനയും സുഹൃത്തുക്കളും ട്രസ്റ്റിന്‍റെ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
നിലവിൽ മെഡിക്കൽ കോളജിൽ ദിവസവും 500ഓളം പേർക്ക് സ്മാർട്ട് ഫൗണ്ടേഷൻ ഭക്ഷണം നൽകുന്നുണ്ട്. നെഞ്ചുരോഗാശുപത്രി, സൂപ്പർസ്പെഷാലിറ്റി ആശുപത്രി എന്നിവിടങ്ങളിലും മാതൃശിശു സംരക്ഷണകേന്ദ്രം, മെഡിക്കൽ കോളജ് ആശുപത്രികളിലെ ആദിവാസി രോഗികൾ, കൂട്ടിരിപ്പുകാരില്ലാത്ത രോഗികൾ, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലാണ് ഭക്ഷണവിതരണം. കോവിഡ് രൂക്ഷമായപ്പോൾ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ഭക്ഷണം നൽകിയിരുന്നു.
കോവിഡ് കുറഞ്ഞതോടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകുന്നത് നിർത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കോവിഡ് കാലത്ത് സർക്കാറിന്‍റെ ഓക്സിജൻ ചലഞ്ച് പരിപാടിയുടെ ഭാഗമായി നെഞ്ചുരോഗാശുപത്രിയിൽ രണ്ടുലക്ഷം രൂപ ചെലവിൽ പൈപ്പ്ലൈൻ നിർമിച്ചുനൽകി. കൂടാതെ ബദൽ സ്കൂളിലെ 250ഓളം കുട്ടികൾക്ക് പഠനസഹായ കിറ്റ്, പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് 20,000 -30,000 വരെയുള്ള സ്കോളർഷിപ് എന്നിവ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം 12 പേർക്കും ഇത്തവണ 20 പേർക്കുമാണ് സ്കോളർഷിപ് അനുവദിച്ചത്.
കോവിഡിനിടെ ഓൺലൈൻ പഠനത്തിന് ആദ്യ വർഷം 40 പേർക്കും രണ്ടാം വർഷം 15 പേർക്കും ടി.വിയും സ്മാർട്ട് ഫോണും നൽകി. കൂടാതെ നിർധനരായ ഏഴ് പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകി. മറ്റുള്ളവർക്ക് പ്രചോദനമാകുന്നതരത്തിൽ ജീവിക്കുന്നവർക്ക് സ്നേഹസാന്ദ്രം എന്നപേരിൽ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

