ബഹ്റൈനിലെ നാടകവേദികളെ ധന്യമാക്കി ധന്യ ശ്രീലാൽ
text_fieldsധന്യ ശ്രീലാൽ
മനാമ: ബഹ്റൈനിലെ നാടകവേദികളെ ധന്യമാക്കുന്ന അഭിനേത്രിയാണ് കൊല്ലം പന്മന സ്വദേശിനിയായ ധന്യ ശ്രീലാൽ.പുതുതലമുറ സോഷ്യൽ മീഡിയയിൽ അഭിരമിക്കുമ്പോൾ നാടകമെന്ന കലാരൂപത്തെ സ്നേഹിക്കുന്ന ഒരുപറ്റം കലാകാരന്മാരും കലാകാരികളും ബഹ്റൈനിലുണ്ട്.അതിലെ സജീവസാന്നിധ്യമാണ് കഴിഞ്ഞ 13 വർഷമായി ബഹ്റൈൻ പ്രവാസിയായ ധന്യ ശ്രീലാൽ. ബഹ്റൈനിൽ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായ കൊല്ലം ഓച്ചിറ പായിക്കുഴിയിൽ ശ്രീനിലയത്തിൽ ശ്രീലാലിന്റെ ഭാര്യയായ ധന്യ ഇതിനകം ബഹ്റൈനിൽ അരങ്ങേറിയ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2015 ൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ഉദയൻ കുണ്ടംകുഴി സംവിധാനംചെയ്ത ‘ചെമ്പൻപ്ലാവ്’ നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് തുടക്കംകുറിച്ചത്.കേരളീയ സമാജത്തിൽതന്നെ ബഹ്റൈൻ പ്രതിഭ നടത്തിയ നാടകോത്സവത്തിൽ പ്രശസ്ത സംവിധായകൻ സാംകുട്ടി പട്ടംകരി സംവിധാനംചെയ്ത ‘സുഗന്ധ’ നാടകത്തിൽ സുഗന്ധയായി വേഷമിട്ട് നായിക കഥാപാത്രത്തെ അവിസ്മരണയിയമാക്കി മാറ്റി. നാടകത്തിന് പുറമെ ഷോർട്ട് ഫിലിം, കോമഡി സ്കിറ്റ്, തെരുവ് നാടകം, ടിക്ക് ടോക് റീൽസ് രംഗങ്ങളിലും ധന്യ സജീവമാണ്.
ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ എക്സി. കമ്മിറ്റി അംഗമായ ധന്യ ശ്രീനാരായണ കൾചറൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, കൊല്ലം പ്രവാസി അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും അംഗമാണ്. ഈ സംഘടനകൾ നടത്തുന്ന കൾചറൽ പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ്.കൊല്ലം പന്മന ഇടപ്പള്ളി കോട്ടയിൽ സോമരാജൻന്റെയും വത്സലയുടേയും മകളായ ധന്യ കരുനാഗപ്പള്ളി എസ്.എൻ.കോളേജിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
നാടകത്തിന്റെ ഈറ്റില്ലമായ കൊല്ലത്തുകാരിയായ ധന്യക്ക് നാടകം രക്തത്തിൽ അലിഞ്ഞു ചേർന്ന കലാരൂപമാണ്. ഒ. മാധവനും കെ.പി.എ.സി.യുടെ എല്ലാമെല്ലാമായിരുന്ന തോപ്പിൽ ഭാസിയുടെയും നാടക പ്രവർത്തനങ്ങളുടെ പ്രചോദനം ധന്യയെന്ന കലാകാരിയിലും വേണ്ടുവോളം ഉണ്ട്.21 വർഷമായി ബഹ്റൈൻ പ്രവാസിയായ ഭർത്താവ് ശ്രീലാലും വിവിധ സംഘടനകളുടെ സജീവ പ്രവർത്തകനാണ്.ഇന്ത്യൻ സ്കൂളിൾ എട്ടാംക്ലാസിൽ പഠിക്കുന്ന ശ്രീനന്ദയും യു.കെ.ജി വിദ്യാർഥി ശ്രീഹാനുമാണ് മക്കൾ.
നൃത്തത്തിൽ അരങ്ങേറ്റം നടത്തിയ മകൾ ശ്രീനന്ദയും വളർന്നുവരുന്ന കൊച്ചുകലാകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

