ദേവയാനി ചോദിക്കുന്നു, വയസ്സിലൊക്കെ എന്തിരിക്കുന്നു...
text_fieldsതൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം
പൂർത്തിയാക്കിയ കടവല്ലൂരിലെ ദേവയാനി
പെരുമ്പിലാവ്: പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞെങ്കിലും തൊഴിലുറപ്പിടങ്ങളിൽ ദേവയാനിക്ക് വയസ്സ് ഒരു പ്രശ്‌നമല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രായത്തിന്റെ അവശതകളെ മറികടന്ന് തുടര്‍ച്ചയായി 100 ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നേറുകയാണ് ദേവയാനി. കടവല്ലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്ഥിരം താമസക്കാരിയാണ് കൊട്ടാപ്പുറത്ത് വീട്ടില്‍ ദേവയാനി.
2011ലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാകുന്നത്. തുടർന്ന് എല്ലാ വർഷവും നൂറുദിനം പൂര്‍ത്തീകരിക്കാന്‍ ദേവയാനിക്ക് കഴിഞ്ഞു. വൃക്ഷത്തൈ വെച്ചുപിടിപ്പിക്കല്‍, റോഡ് കോണ്‍ക്രീറ്റ്, തോട് നവീകരണം, ഭൂവികസന, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ പ്രവൃത്തികളിലും ഈ വയോധിക മികവ് തെളിയിച്ചു. പ്രായത്തിന്റെ അവശതകൾ തൊഴിലിൽ പ്രകടമാക്കാത്ത ദേവയാനി മറ്റുള്ളവര്‍ക്കും മാതൃകയാണ്.
മൂന്ന് പതിറ്റാണ്ടു മുമ്പ് വിധവയായ ഇവർ കരിങ്കല്ലേറ്റിയും വീട്ടുപണികള്‍ എടുത്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിന്നീട് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായി. ഇതിലൂടെ ഇവർക്ക് ലഭിക്കുന്ന വരുമാനം വലിയ ആശ്വാസമാവുകയാണ്.