ഹസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം ഇന്ത്യൻ വനിതാ ഫോട്ടോഗ്രഫർക്ക്, ഒന്നരകോടി സമ്മാനം
text_fieldsഗോഥെൻബർഗ് (സ്വീഡൻ): 2022ലെ ഹസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം പ്രശസ്ത ഇന്ത്യൻ വനിതാ ഫോട്ടോഗ്രഫർ ദയാനിത സിങ്ങിന്. സ്വീഡനിലെ ഗോഥെൻബർഗിൽ ഒക്ടോബർ 14ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 1,53,86,948 രൂപയും സ്വർണ മെഡലും ഡിപ്ലോമയും അടങ്ങുന്നതാണ് പുരസ്കാരം. ദക്ഷിണേഷ്യയിൽ നിന്നുള്ള ആദ്യ സമ്മാന ജേതാവും സമ്മാനത്തുകയായ ഒന്നര കോടി (1,53,86,948 രൂപ) സ്വീകരിക്കുന്ന ആദ്യത്തെയാളുമാണ് ദയാനിത.
ദയാനിത സിങ് പകർത്തിയ ചിത്രങ്ങൾ
ദയാനിത സിങ് പകർത്തിയ പ്രശസ്ത ചിത്രങ്ങളുടെയും രചിച്ച പുസ്തകങ്ങളുടെയും പ്രദർശനം അന്നേദിവസം ഹസെൽബ്ലാഡ് സെന്‍ററിൽ നടക്കും. കൂടാതെ, പുതിയ പുസ്തകത്തിന്‍റെ പ്രകാശനം തുർക്കി എഴുത്തുകാരൻ ഒർഹാൻ പാമുക് നിർവഹിക്കും.
വിപുലമായ ഫോട്ടോഗ്രാഫിക് സങ്കേതങ്ങളിലൂടെ ചിത്രങ്ങൾ പകർത്തുന്നതിൽ ദയാനിത സിങ് പുതിയ വഴികൾ തുറന്നതാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ന്യൂഡൽഹിയിലാണ് ദയാനിത സിങ് താമസിക്കുന്നത്.
ഹസെൽബ്ലാഡ് കാമറ സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ വിക്ടർ ഹസെൽബ്ലാഡിന്‍റെയും എർണയുടെയും വിൽപ്പത്രം പ്രകാരമാണ് 1979ൽ ഹസെൽബ്ലാഡ് ഫൗണ്ടേഷൻ സ്ഥാപിതമായത്. ഫോട്ടോഗ്രാഫിയിലും പ്രകൃതി ശാസ്ത്രത്തിലും ശാസ്ത്രീയ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൗണ്ടേഷന്‍റെ ലക്ഷ്യം.
ഫോട്ടോഗ്രാഫിയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് എല്ലാ വർഷവും നൽകുന്ന ഈ അന്താരാഷ്ട്ര പുരസ്കാരം, ലോകത്തെ മഹത്തായ ഫോട്ടോഗ്രാഫി അവാർഡുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ചിലിയൻ ഫോട്ടോഗ്രാഫറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും വാസ്തുശില്പിയും ചലച്ചിത്ര നിർമാതാവുമായ ആൽഫ്രെഡോ ജാറിനാണ് 2020ൽ പുരസ്കാരം ലഭിച്ചത്. 2021ൽ ആർക്കും പുരസ്കാരം നൽകിയിരുന്നില്ല.