Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപറന്നു പോയ മാലാഖ

പറന്നു പോയ മാലാഖ

text_fields
bookmark_border
പറന്നു പോയ മാലാഖ
cancel
camera_alt??????? ?????????? ????????
സഫിയ അജിത് എന്ന ജീവകാരുണ്യ പ്രവര്‍ത്തക വിടപറഞ്ഞകന്നിട്ട് രണ്ടാണ്ട്. ഇന്നും നികത്തപ്പെടാനാവാത്ത വിടവായി ആ ശൂന്യത ദമ്മാമിലെ പ്രവാസികള്‍ക്കിടയിലുണ്ട്. ഒരു വിസ്മയം പോലെ പെട്ടെന്നുദിച്ചുയര്‍ന്ന് അതേ വേഗത്തില്‍ കത്തിയമര്‍ന്നുപോയ നക്ഷത്രം പോലെയായിരുന്നു അവര്‍. കര്‍മമേഖലയില്‍ ചടുലതയോടെ എന്നും നിലകൊണ്ട അവര്‍ ഓരോ ദിവസവും ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുന്ന മെഴുകുതിരിയാണെന്ന് അധികമാര്‍ക്കും അറിയുമായിരുന്നില്ല. 12ാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ് ദമ്മാമില്‍ തിരിച്ചത്തെിയ അവര്‍ ആഹ്ലാദവതിയായിരുന്നു. താനൊരു രോഗിയാണെന്ന് ആരും അറിയരുതെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതുപോലെ തോന്നി. സുഖവിവരമറിയാന്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് പങ്കിടാന്‍ ഉണ്ടായിരുന്നത് അന്നേദിവസം രാജേഷിന്‍െറ ചികിത്സ ഫണ്ടിലേക്ക് 38,000 റിയാല്‍ അവര്‍ ഒറ്റദിവസം കൊണ്ട് പിരിച്ചുണ്ടാക്കിയ ആഹ്ലാദമായിരുന്നു. മരണമുനമ്പില്‍നിന്ന് ഒരു കാല്‍ മുറിച്ചുമാറ്റിയതുകാരണം രക്ഷപ്പെട്ടത്തെിയ തൃശൂര്‍ സ്വദേശി രാജേഷിന് പുതുജീവന്‍ നല്‍കാന്‍ മുന്നിലുണ്ടായിരുന്നത് സഫിയ ആയിരുന്നു. ഇങ്ങനെയുള്ള ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് തന്നെ പടച്ചവന്‍ തിരികെയെത്തിച്ചതെന്ന് അവര്‍ ആശ്വാസം കൊള്ളുകയായിരുന്നു.

ഈ ഊര്‍ജ്വസ്വലതക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അതിഗുരുതര നിലയില്‍ അവര്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കടുത്ത വേദനയിലും അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്കായി അവരെ നാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ തന്‍െറ കര്‍മഭൂമിയില്‍നിന്ന് അവസാനയാത്ര പറഞ്ഞ് പിരിയുകയായിരുന്നുവെന്ന് അവര്‍ക്ക് അറിയാമെന്ന് തോന്നി. ചികിത്സക്കായി സൗദിയില്‍നിന്ന് നാട്ടിലേക്ക് യാത്രയാക്കാന്‍ വന്നപ്പോള്‍ അവര്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ ഉള്ളില്‍ വിതുമ്പി നില്‍ക്കുന്നു.

‘‘ഞാന്‍ പോവുകയാണ്... പടച്ചവന്‍െറ ഒരു തീരുമാനമുണ്ടല്ലോ അത് നടക്കട്ടെ. വിധിയുമായി പോരാടാനുള്ള ശേഷി നമുക്കില്ലല്ലോ. ഇവിടെ എല്ലാം കൂടുതല്‍ നന്നായിത്തന്നെ നടക്കണം.’’ എല്ലാ തളര്‍ച്ചക്കിടയിലും പ്രതീക്ഷയുടെ ഒരു പുഞ്ചിരിയുണ്ടായിരുന്നു അവരുടെ മുഖത്ത്. ലേക്ഷോറില്‍  അവര്‍ക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രം വിധിച്ചപ്പോഴും സമചിത്തതയോടെ അവര്‍ അതിനെ നേരിട്ടു. അവസാനമായി അടുത്തു നിന്ന സഹപ്രവര്‍ത്തകരോട് പറയാനുണ്ടായിരുന്നത് താന്‍ ഏറ്റെടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു. തന്‍െറ വഴികളില്‍ താങ്ങായി നിന്നവരോടെല്ലാം നന്ദിചൊല്ലി 2015 ജനുവരി 26ന് സഫിയ യാത്രപറഞ്ഞു പിരിഞ്ഞുപോയി. സഫിയ ദമ്മാമിലെ കേവലമൊരു സാമൂഹിക പ്രവര്‍ത്തക മാത്രമായിരുന്നില്ല. മനസ്സുകൊണ്ടും വാക്കുകൊണ്ടും നിരവധി പേര്‍ക്ക് ശക്തിസാന്നിധ്യമായ പ്രതിഭാസമായിരുന്നു. ചില നഷ്ടങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നുമുണ്ടാവില്ലെന്ന് പറയുന്നതു പോലെയായിരുന്നു സഫിയയുടെ വേര്‍പാടും. അഞ്ചോ ആറോ വര്‍ഷത്തെ പ്രവര്‍ത്തനകാലമാണ് സഫിയയുടേത്. പക്ഷേ, ഒരു നൂറ്റാണ്ടിന്‍െറ ഓര്‍മകളെയാണ് അവര്‍ ബാക്കിവെച്ചത്. പ്രവാസത്തിന്‍െറ കര്‍മഭൂമിയില്‍ അവര്‍ മാലാഖയായി വാഴ്ത്തപ്പെട്ടത് കര്‍മചൈതന്യത്തിന്‍െറ അടയാളമായിരുന്നു.

താനൊരു രോഗിയാണന്ന് സ്വ യം അംഗീകരിക്കാനോ മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കാനോ ഇട കൊടുക്കാതെ മറ്റുള്ളവരുടെ വേദനകളിലേക്ക് മാത്രം കണ്ണോടിച്ച് കൊഴിഞ്ഞുപോയ മുടിയിഴകളെ കുറിച്ച് വ്യാകുലപ്പെടാതെ പ്രസന്നചിന്തയോടെ സഫിയ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 12ഓളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടും തളര്‍ന്നുകിടക്കാന്‍ ഈ പെണ്‍മനസ്സിന് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് നാട്ടില്‍നിന്ന് ചികിത്സ കഴിഞ്ഞത്തെുന്ന ഇടവേളകളില്‍ സഫിയ വീട്ടില്‍ പോലും കയറാതെ ദമ്മാമിലെ വനിത തര്‍ഹീലില്‍ എത്തിയത്. അവിടെ നിരവധി പേര്‍ ഇവരുടെ വരവും കാത്ത് കഴിയുകയായിരിക്കും. ഒരാഴ്ചക്കുള്ളില്‍ എല്ലാവരെയും നാട്ടിലത്തെിച്ചുകഴിഞ്ഞാലാണ് ഇവര്‍ക്ക് സമാധാനമാവുക.

ഇത്തരം ഒരു പാട് അനുഭവങ്ങളിലൂടെയാണ് ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തക സഫിയ അജിത്തിന്‍െറ ജീവിതം കടന്നുപോയത്. വിവാദങ്ങളും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നപ്പോഴും കര്‍മമേഖലയിലുള്ള പെണ്ണുങ്ങളെല്ലാം ഇത് കേള്‍ക്കുന്നവരാണ് എന്ന പൊതുവാക്യത്തിലുറച്ച് തന്‍െറ ലക്ഷ്യവുമായി മുന്നോട്ടുപോവുകയായിരുന്നു ഇവര്‍. തന്‍െറ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് കനിവ് പകര്‍ന്ന് എന്താണ് അടയാളപ്പെടുത്താനാവുക എന്ന ചിന്ത മാത്രമാണ് തന്നെ ഭരിക്കുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയത് അതുകൊണ്ടാവാം. സൗദി പോലുള്ള ഒരു പ്രവാസഭൂമിയില്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ ഇത്രത്തോളം സാന്നിധ്യം അറിയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല.

കോഴിക്കോട്ടുകാരി ബുഷ്റയെന്ന വീട്ടുവേലക്കാരിയുടെ വിഷയത്തില്‍ ഇടപെട്ടുകൊണ്ടാണ് സഫിയ ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേക്ക് വന്നത്. ദീര്‍ഘമായ ജോലിക്കിടയില്‍ ഇംഗ്ലീഷും അറബിയും അനായാസം കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നേടിയത് ശരിക്കും പ്രയോജനപ്പെട്ടത് അവിടെയാണ്. സഫിയയുടെ യുക്തിഭദ്രമായ വാക്കുകളില്‍ നിരവധി വീട്ടുവേലക്കാരികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ഓരോ ദൗത്യവും വിജയിക്കുമ്പോഴും വലിയ ആത്മവിശ്വാസമാണ് സഫിയക്ക് പകര്‍ന്നുകിട്ടിയത്. ആസ്തൂണ്‍ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി  ഉത്തരവാദിത്തമുള്ള ജോലിക്കിടയിലും സഫിയ തന്‍െറ മുന്നിലത്തെുന്ന രോഗികളുമായി സ്നേഹബന്ധമുണ്ടാക്കി. ഇക്കൂട്ടത്തില്‍ ദമ്മാമിലെ ലേബര്‍ കോടതിയിലെ മുദീറും കൂടുംബവും ഉള്‍പ്പെട്ടത് പുതിയ ചരിത്രവഴിയായി മാറി. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോഴാണ് താന്‍ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്.

തന്‍െറ ഫോണ്‍ നമ്പര്‍ നല്‍കി എന്ത് ന്യായമായ ആവശ്യത്തിനും തന്നെ സമീപിക്കാമെന്ന വാക്കും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ഇതോടെ സ്പോണ്‍സര്‍മാരില്‍നിന്ന് നിയമനിഷേധം നേരിട്ട നിരവധിപേരുടെ പ്രശ്നങ്ങളില്‍ സഫിയ കോടതിയിലെത്തി. സഫിയയുടെ പ്രവര്‍ത്തനമികവ് കണ്ടറിഞ്ഞ ലേബര്‍ കോടതിയിലെ ഉദ്യോഗസ്ഥരാണ് ദമ്മാമിലെ വനിത തര്‍ഹീലില്‍ സഫിയയെപ്പോലുള്ള ഒരാളുടെ സാന്നിധ്യമുണ്ടായാല്‍ ഗുണകരമാകുമെന്ന നിര്‍ദേശം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശിപാര്‍ശയോടെയെത്തിയ സഫിയയെ വനിത തര്‍ഹീലിലെ ഉദ്യോഗസ്ഥരും സ്നേഹത്തോടെയാണ് സ്വീകരിച്ചത്. നാട്ടിലേക്കുള്ള യാത്രയും കാത്ത് മാസങ്ങളായി തടവറകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് അവര്‍ സാന്ത്വനവുമായത്തെുന്ന മാലാഖയായിരുന്നു. പലരുടെയും ജീവിതകഥ കരളലിയിപ്പിക്കുന്നതായിരുന്നു.

കാത്തുവെക്കുമെന്ന് കരുതിയ കരവലയങ്ങള്‍ അഴിഞ്ഞു വീണപ്പോള്‍ ജീവിതത്തുരുത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ മക്കളെ വളര്‍ത്താനായി കടല്‍ കടന്നെത്തിയതായിരുന്നു. ഇവരെ സഹായിക്കല്‍ മഹത്തായ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞ സഫിയ ദിവസവും അധികനേരവും ഇതിനായി മാറ്റിവെച്ചു. സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ളെന്ന് കൊട്ടിഘോഷിക്കുന്നവരുടെ മുന്നില്‍ സഫിയ എന്ന സാമൂഹിക പ്രവര്‍ത്തകയെ എല്ലാ ഓഫിസുകളിലും സ്നേഹവും ബഹുമാനവും നല്‍കി സ്വീകരിച്ചു. പുരുഷന്മാര്‍ ഇടപെട്ട് വിജയിക്കാത്തിടത്ത് സൗമ്യവും യുക്തിഭദ്രവുമായ സഫിയയുടെ വാക്കുകള്‍ വിജയം കണ്ടു. ആദ്യമൊന്നും ഇത് വാര്‍ത്തയാക്കിയിരുന്നില്ല. സഫിയ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ ഇത് വാര്‍ത്തയാക്കണമെന്ന് ശഠിച്ചതോടെയാണ് പിന്നീട് വിജയം നേടിയതൊക്കെ പത്രത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

കാലങ്ങളായി കരുതിയിരുന്ന സങ്കല്‍പങ്ങളെ അവര്‍ പൊളിച്ചെഴുതി. മാറിനില്‍ക്കുകയും പഴിപറയുകയും ചെയ്തവര്‍ക്കിടയിലൂടെ  വിജയത്തിന്‍െറ പുഞ്ചിരിയുമായി അവര്‍ കടന്നുപോയി. ദമ്മാമില്‍ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ ഒരു സ്ത്രീയുടെ സാന്നിധ്യം ആദ്യം ആര്‍ക്കും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. സൗദിയില്‍ അസംഭവ്യമെന്ന് ചിലര്‍ വിധിയെഴുതി. പക്ഷേ, ജീവിതത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവര്‍ക്ക് സഫിയയെ ആവശ്യമുണ്ടായിരുന്നു. കാരാഗ്രഹങ്ങളില്‍ പെട്ടുപോയവര്‍ക്ക് അവര്‍ പുതിയ വെളിച്ചമായി. സൗദിയിലെ മനുഷ്യത്വമുള്ള ഉദ്യോഗസ്ഥര്‍ സഫിയയുടെ ആത്മാര്‍ഥത തിരിച്ചറിഞ്ഞതോടെ സകല പിന്തുണയുമായി ഒപ്പം നിന്നു. പിന്നീടുള്ളതൊക്കെ ചരിത്രമാണ്.

മരണം മുന്നില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരാനായിരുന്നു അവര്‍ക്കിഷ്ടം. സ്വന്തം വേദനകളെ ആട്ടിയകറ്റി മറ്റുള്ളവരുടെ വേദനകളെ അവര്‍ നെഞ്ചേറ്റുകയായിരുന്നു. കാരുണ്യത്തിന്‍െറ മഹാ പ്രവാഹം പോലെ അത് നിസ്സഹായകര്‍ക്ക് സാന്ത്വനമായി ഒഴുകിക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിനം അവര്‍ യാത്ര പറഞ്ഞുപോയപ്പോള്‍ വിതുമ്പിനിന്നത് ആശ്രയം നഷ്ടപ്പെട്ട  ഹതഭാഗ്യര്‍തന്നെയായിരുന്നു. സഫിയ അജിത് ബാക്കിവെച്ചുപോയ ഊര്‍ജം പിന്നാലെ വരുന്നവര്‍ക്കൊക്കെ പ്രചോദനമായിരുന്നു. അവര്‍ കൊളുത്തിവെച്ച വെളിച്ചം കൂടുതല്‍ പ്രഭയോടെ ഇവിടെ പടര്‍ന്നുനിറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamSAFIYA AJITHsocial worker
News Summary - dammam social worker safiya ajith
Next Story