ഡെയ്സി അവാർഡും ഗോൾഡൻ വിസയും; സാനിയക്ക് സന്തോഷത്തിൻ ഇരട്ടിമധുരം
text_fieldsസാനിയ ഭർത്താവ് തോമസിനും മക്കൾക്കുമൊപ്പം
ഷാജു ബിൻ മജീദ്
ദുബൈ: സാനിയ തോമസ് എന്ന മലയാളി നഴ്സ്, അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ അന്തർദേശീയ പുരസ്കാരമായ 'ഡെയ്സി അവാർഡി'ന്റെ ആശ്ചര്യത്തിൽനിന്നും മുക്തമാകും മുന്നേ സർപ്രൈസായി ഗോൾഡൻ വിസയും കൂടെ ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ.
അൽഐൻ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനിക്ക് മുന്നണിപ്പോരാളികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഗോൾഡൻ വിസ ലഭിച്ചത്. അൽഐൻ മെഡിയോർ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് തോമസിനും സാനിയയുടെ കൂടെത്തന്നെ ഗോൾഡൻ വിസ ലഭിച്ചു.
സേവനമേഖലയിൽ സ്തുത്യർഹവും അസാധാരണവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നഴ്സുമാർക്ക് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഡെയ്സി'ഫൗണ്ടേഷൻ നൽകുന്ന അംഗീകാരമാണ് അവാർഡ്. 1999 മുതൽ നൽകിവരുന്നതാണിത്.
സാനിയ തോമസിന്റെ പരിചരണം ഏറ്റുവാങ്ങിയ അജ്ഞാതനായ ഒരാളുടെ നിർദേശമാണ് അവരെ അവാർഡിന് അർഹയാക്കിയത്. നഴ്സുമാരുടെ സേവനങ്ങളെ ഇവ്വിധത്തിൽ അംഗീകരിക്കുന്നത് സന്തോഷവും പ്രോത്സാഹനവും പകരുന്ന കാര്യമാണെന്നും അവാർഡും ഗോൾഡൻ വിസയും നൽകിയ അധികൃതരോട് ഒരുപാട് നന്ദിയുണ്ടെന്നും സാനിയ 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു. ടെസ്സ, ഇസ്സ എന്നീ രണ്ട് കുട്ടികളും സാനിയ-തോമസ് ദമ്പതികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

