Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂൽ വേണമാ... നല്ല അഴകാർന്ന പാട്ടിയമ്മ തമിഴ് ചൂൽ

text_fields
bookmark_border
ചൂൽ വേണമാ... നല്ല അഴകാർന്ന പാട്ടിയമ്മ തമിഴ് ചൂൽ
cancel
camera_alt

പാട്ടിയമ്മ പട്ടേന റോഡ് ജങ്ഷനിൽ ചൂല് നിർമാണത്തിൽ

നീലേശ്വരം: വിയർപ്പ് തുന്നിയിട്ട ചൂൽ, അതിൽ നിറങ്ങളില്ലാത്ത ഈർക്കിലിൽ അധ്വാനത്തിന്റെ കരസ്പർശമേറ്റ പാട്ടിയമ്മ ചൂലുകൾക്ക് നീലേശ്വരത്ത് വൻ ഡിമാൻഡാണ്. പതിവ് തെറ്റാതെ കാണുന്ന നീലേശ്വരത്തിന്റെ നേർകാഴ്ചകളിൽ ഒന്നാണ് വൃദ്ധയായ ഒരു തമിഴ്നാട്ടുകാരിയുടെ ചൂൽ നിർമാണം. നീലേശ്വരം നഗരത്തിന്റെ പാതയോരത്തും ബസ് സ്റ്റോപ് കേന്ദ്രത്തിലും ഈ കാഴ്ച പതിവാണ്. 30 വർഷം മുമ്പ് തനിച്ച് നീലേശ്വരത്ത് എത്തിയതാണ് തമിഴ്നാട് പഴനി ജിന്ധികൽ മാവട്ട സ്വദേശിയായ ചൂളമ്മ എന്ന പാട്ടിയമ്മ.

വിശപ്പടക്കാൻ ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തമായി തെരഞ്ഞെടുത്ത തൊഴിലാണ് ചൂല് നിർമാണം. പ്രായത്തിന്റെ അവശതകൾ മറന്ന് പറമ്പുകൾ തോറും ചെന്ന് തെങ്ങിന്റെ ഓല മടൽ ശേഖരിക്കും. അത് കത്തിയുപയോഗിച്ച് ഈർക്കിൽ വേർതിരിച്ച് 100 എണ്ണം ഒരു കെട്ടുകളാക്കിയ ശേഷമാണ് വിൽപന. ഒരു ചൂലിന് 50 രൂപ മുതൽ 100 രൂപ വരെ ഈടാക്കും. നീലേശ്വരം പട്ടേന റോഡ് ജങ്ഷനിലും റെയിൽവേ സ്റ്റേഷൻ റോഡിലെ മേൽപാലത്തിന് കീഴിലുമായി കാൽ നീട്ടിവെച്ചിരുന്ന് പുഞ്ചിരി തൂകി ഈർക്കിൽ വേർതിരിക്കുന്നത് ഏവർക്കും പതിവ് കാഴ്ചയാണ്.

പ്രായത്തിന്റെ അവശതയിൽ നടക്കാൻ പ്രയാസമുണ്ടെങ്കിലും ചൂൽ തലച്ചുമടായി കൊണ്ടുചെന്നും വിൽപന നടത്തും. കുടുംബം തമിഴ്നാട്ടിൽ ഉണ്ടെങ്കിലും ഒരു ദുർബല നിമിഷത്തിൽ കേരളത്തിലേക്ക് വണ്ടി കയറി നീലേശ്വരത്ത് എത്തിച്ചേർന്ന ശേഷം ഈ നാടിന്റെ ഒപ്പം ചേർന്നു. രാത്രിയായാൽ പീടിക വരാന്തകളിൽ അന്തിയുറങ്ങും. ചില നേരങ്ങളിൽ മേൽപ്പാലത്തിന്റെ അടിഭാഗം ഉറക്ക സ്ഥലമായി മാറ്റും. തമിഴ്നാട് മേൽവിലാസമുള്ള ആധാർ കാർഡ് അടക്കമുള്ള രേഖകൾ കൈയിലുണ്ടെങ്കിലും കേരളത്തിലായതിനാൽ ഒരു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മുമ്പ് ചെറുവത്തൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ചീമേനി, ചാളക്കടവ് ഭാഗത്ത് ബസിൽ കയറി ചൂൽ വിൽപനക്ക് പോയിരുന്നു. മക്കളുമായി ബന്ധപ്പെടാൻ ഒരു ചെറിയ മൊബൈൽ ഫോൺ അരയിൽ എപ്പോഴും തിരുകി വെക്കും.

ഒരു ദിവസം പത്തിലധികം ചൂല് വിൽപന നടത്തുന്നുണ്ടെന്ന് പാട്ടിയമ്മ പറഞ്ഞു. ഓല ചീന്തിയെടുത്ത് ഒരു ചൂല് തയാറാക്കാൻ എത്ര മണിക്കൂർ വേണമെങ്കിലും ഒറ്റയിരിപ്പാണ്. കൈതൊഴിൽ ചെയ്ത് അന്നം കണ്ടെത്തുന്ന പാട്ടിയമ്മ അതുകൊണ്ടുതന്നെ ആരുടെ മുന്നിലും കൈ നീട്ടാൻ തയാറല്ല. പ്രായത്തിന്റെ അവശതകളിൽ തളരാതെ ചുക്കിച്ചുളിഞ്ഞ കൈകളാൽ മെനഞ്ഞെടുക്കുന്ന ചൂലിന് ആവശ്യക്കാർ ഏറെയാണ്. ആരും കടം പറയാത്തതാണ് വരുമാനത്തിന്റെ ഏക വിജയം. അധ്വാനിക്കാൻ ശരീരം അനുവദിക്കുന്ന കാലത്തോളം ഇവിടെ ഉണ്ടാകുമെന്ന് ചൂൽ വിൽപനയിൽ നീലേശ്വരത്തിന്റെ മനം കവർന്ന പാട്ടിയമ്മ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Crafting a Life with Dignity: Elderly Tamil Woman Finds Livelihood Making Brooms
Next Story