ഖദീജ നിസയെ താരമാക്കിയത് ആത്മവിശ്വാസവും പോരാട്ടവീര്യവും
text_fieldsഖദീജ രണ്ടും മൂന്നും സ്ഥാനക്കാരോടൊപ്പം വിജയപീഠത്തിൽ
ദമ്മാം: 'എതിരാളികളാരായാലും ആക്രമണത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പോരാടുക. വിജയത്തിന്റെ അവസാന നിമിഷങ്ങളിലേക്കുള്ള യാത്രവരെ പ്രതീക്ഷകൾ കൈവിടാതെ തളരാതെ മുന്നേറുക.' സൗദിയിലെ ആദ്യ ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ വനിത വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കൊടുവള്ളിക്കാരി ഖദീജ നിസയെക്കുറിച്ച് ഒപ്പം കളിക്കുന്നവർക്കും പരിശീലകർക്കും പറയാനുള്ളത് ഇതാണ്. ഇത് വെറുതെ ലഭിച്ചതല്ല, അധ്വാന ഫലമാണ്. ഒപ്പം തലമുറകളായി കൈമാറിവന്ന പൈതൃകത്തിന്റെ കരുത്തും.
ഖദീജയുടെ ഉപ്പ ലത്തീഫിന്‍റെ പിതാവ് കൂടത്തിങ്ങല്‍ ഇബ്രാഹിം ഹാജി പഴയകാല ബാൾ ബാഡ്മിന്റണ്‍, വോളിബാള്‍ കളിക്കാരനും കളരി ഗുരുക്കളുമാണ്. കൊടുവള്ളിയുടെ പഴയകാല ഓർമകളിൽ ഒളിമങ്ങാത്ത നാമമായി ഇബ്രാഹിം ഹാജി ഇപ്പോഴുമുണ്ട്. കൊച്ചുമകളുടെ നേട്ടത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നതും ഈ ഉപ്പുപ്പയാണ്. ലത്തീഫും കൊടുവള്ളിയിലെ മണൽ കോർട്ടുകളിൽ ഷട്ടിൽ തട്ടി വളർന്നുവന്നയാളാണ്. പ്രവാസമാണ് ലത്തീഫിനെ കളിയോട് കൂടുതൽ അടുപ്പിച്ചത്.
കളിക്കാൻ പോകുമ്പോൾ കുടുംബത്തെയും ഒപ്പം കൂട്ടി. തനിക്ക് സാധിക്കാതെപോയ കളി സ്വപ്നങ്ങൾ മക്കൾ ഓരോന്നായി കൊയ്തെടുക്കുന്നതു കണ്ട് കരുത്തും പിന്തുണയും നൽകി ഒപ്പം നിന്നു. ഖദീജ സൗദിയിലെ ദേശീയ ഗെയിംസിൽ സ്വർണം നേടുന്ന അതേസമയം മകൻ മുഹമ്മദ് നസ്മി (11) മുംബൈയിൽ നടക്കുന്ന ദേശീയ റാങ്കിങ് മത്സരത്തിൽ ക്വാർട്ടൽ ഫൈനലിൽ എത്തിയിരുന്നു. രാജ്യത്ത് ആറാം റാങ്കിങ്ങിലാണ് ഈ കൊച്ചുമിടുക്കനുള്ളത്. അടുത്തമാസം ലഖ്നോയിൽ നടക്കുന്ന നാഷനൽ ചാമ്പ്യൻഷിപ്പിലും ഈ കൊച്ചുമിടുക്കൻ മാറ്റുരക്കും.
സെന്റ് ജോസഫ്സ് ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ മൂത്ത സഹോദരി റിയ ഫാത്തിമ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബാഡ്മിന്റണ്‍ കളിക്കാരിയാണ്. പിതാവ് ലത്തീഫ് തന്നെയാണ് ഖദീജ നിസയുടെ ആദ്യ പരിശീലകൻ. തുടർന്ന് റിയാദിലെ ക്ലബിന്റെ ഭാഗമായതോടെ ഷാഹിമും സഞ്ജയും പരിശീലകരായി. എല്ലാ ദിവസവും പരിശീലനം മുടക്കാതെ ഖദീജ കളിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി. എതിരാളി ആരെന്നു നോക്കാതെ കളിക്കുക; അതാണ് തന്റെ മികവെന്ന് ഖദീജ നിസ പറയുന്നു.
ഒരു തരത്തിലുള്ള സമ്മർദവും മനസ്സിലേക്ക് കൊടുക്കാതിരിക്കുക. വിജയം മാത്രം ഫോക്കസ് ചെയ്യുക. അതോടെ കളിയുടെ പാതി വിജയം നമ്മുടെ കൈയിലാകുമെന്നും ഖദീജ നിസ വിശദീകരിക്കുന്നു.സൗദിയുടെ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു അഭിമാന നിമിഷമായിരുന്നു. കിരീടം ചൂടുമെന്ന് ഒപ്പമുള്ളവരെല്ലാം പറഞ്ഞു. ഒരു കളിയിലും തോൽക്കാതെ എതിരാളികളെ നിലംപരിശാക്കിയാണ് ഖദീജ വിജയത്തിലേക്ക് കളിച്ചുകയറിയത്.
ഫൈനലിൽ എതിരാളിയെ നിലം തൊടാൻ അനുവദിക്കാതെ തകർത്തെറിഞ്ഞു എന്നതും വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. എല്ലാവരും ഖദീജ നിസയുടെ നേട്ടത്തിൽ ആഹ്ലാദത്തിലാണ്. ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിപ്പോയതിന്റെ അത്യാഹ്ലാദത്തിലാണിപ്പോൾ ഈ മിടുക്കിയും കുടുംബവും. കൊടുവള്ളിയിലെ കൂടത്തിങ്കൽ തറവാട്ടിലെ ലത്തീഫിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. നേഹ ലത്തീഫും ഹെയ്‌സ് മറിയമുമാണ് ഖദീജയുടെമറ്റു സഹോദരങ്ങൾ.