മംഗലംഡാം റൂട്ടിലെ കണ്ടക്ടർ മലയോര വാർഡിന്റെ സ്ഥാനാർഥി
text_fieldsസന്ധ്യ കണ്ടക്ടർ ജോലിക്കിടെ (ഫയൽചിത്രം)
മംഗലംഡാം: നിത്യേന യാത്രക്കാർക്ക് ടിക്കറ്റ് നൽകിയിരുന്ന ബസ് കണ്ടക്ടർ ഇപ്പോൾ ജനങ്ങളുടെ വോട്ട് തേടിയിറങ്ങിയിരിക്കുന്നു. മംഗലംഡാം - തൃശൂർ റൂട്ടിലോടുന്ന ‘കൊമ്പൻസ്’ബസിലെ കണ്ടക്ടറായിരുന്ന സന്ധ്യ ജിജുവാണ് വണ്ടാഴി പഞ്ചായത്തിലെ പൊൻകണ്ടം പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി രംഗത്ത് എത്തിയത്.
ജനങ്ങളുമായി നിരന്തരമായി ഇടപെഴകുന്ന തൊഴിലിടത്തിൽ നിന്നും ഒരു മാസത്തെ അവധിയെടുത്താണ് സന്ധ്യ രാഷ്ട്രീയത്തിലെ ‘സ്ഥാനാർഥി ടിക്കറ്റ്’എടുത്തിരിക്കുന്നത്.
മംഗലംഡാം കടപ്പാറ സ്വദേശികളായ സന്ധ്യക്കും ഭർത്താവ് കെ.ആർ. ജിജുമോനും (ബസ് ഡ്രൈവർ) ഒന്നര വർഷം മുൻപാണ് ഈ ബസ് സ്വന്തമായി വാങ്ങിയത്. ബസ് സർവിസ് ലാഭകരമല്ലാതായതോടെ പുറത്ത് നിന്നുള്ള തൊഴിലാളികളെ ആശ്രയിക്കാതെ ഇരുവരും തന്നെ ഡ്രൈവറായും കണ്ടക്ടറായും ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായാണ് സന്ധ്യ മലയോര വാർഡായ പൊൻകണ്ടത്ത് (15) മത്സരിക്കുന്നത്. നിലവിൽ യു.ഡി.എഫിന്റെ സിറ്റിങ് വാർഡാണ് പൊൻകണ്ടം. മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം അച്ചാമ്മയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിയും രംഗത്തുണ്ട്. ഭർത്താവ് ജിജുമോനും മക്കളായ നയന, നിവേദ് എന്നിവരും സന്ധ്യക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

