‘കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സമയം നീക്കിവെക്കണം’
text_fieldsഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ ലോകത്തിലാകമാനം സഞ്ചരിച്ച് തന്‍െറ കഴിവുകള്‍ തെളിയിച്ച മലയാളി യുവതിയായ രാധിക രാംജിത് ഇപ്പോള്‍ ഒരു വലിയ സ്വപ്നത്തിലാണ്. നാട്ടില്‍ചെന്ന ശേഷം കുട്ടികളെ അറിഞ്ഞും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും പുതിയ ഒരു വിദ്യാലയം സ്ഥാപിക്കുക. പാഠപുസ്തകങ്ങളെക്കാള്‍ അവിടെ പ്രായോഗികമായ പ്രവൃത്തികള്‍ക്ക് പ്രാമുഖ്യം നല്‍കുക. അക്ഷരങ്ങളും അറിവും കലയും സംസ്ക്കാരവും യാത്രയും സമസ്ത ജീവിത മേഖലകളിലേക്കും കടന്നു ചെല്ലുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രം. അതിന് നിര്‍ബന്ധിക്കുന്നതാകട്ടെ, രാധികയെ അറിയുന്ന സുഹൃത്തുക്കളാണ്.
ജനിച്ച നാള്‍ മുതല്‍ കൊച്ച് കൊച്ച് അസുഖങ്ങളുമായി കഴിയുന്ന താമരയുടെ പരിചരണത്തിനായാണ് രാധിക തന്‍െറ പ്രൊഫഷണല്‍ രംഗത്തോട് തല്‍ക്കാലം വിട പറഞ്ഞ് കുടുംബത്തിനായി മുഴുവന്‍ സമയവും ചിലവിടാന്‍ തുടങ്ങിയത്. കുട്ടിക്ക് പലപ്പോഴും ആശുപത്രിയില്‍ കഴിയേണ്ടി വന്നതിനാല്‍ അവള്‍ പഠനത്തില്‍ പിന്നിലാകുമോ എന്ന ഭയമുണ്ടായി. അതുകൊണ്ടാണ് കുട്ടിയുടെ അദ്ധ്യാപനം കൂടി അവര്‍ ആരംഭിച്ചതും. അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പായി ചിത്രങ്ങളിലൂടെ അറിവിന്‍െറ ലോകം തുറന്നിട്ടു. ചിത്രം വരച്ചശേഷം അതിനെ കുറിച്ചുള്ള വിവരങ്ങളും അനുബന്ധ വിവരങ്ങളും നല്‍കി. ‘ഡൂഡ് ലിങ്’ എന്നറിയപ്പെടുന്ന ‘കുത്തിവര’ രീതിക്ക് ഗുണമുണ്ടായി. ഉദാഹരണത്തിന് പുഴയെ കുറിച്ചുള്ള ചിത്രം വരച്ചശേഷം പുഴയിലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഒരു ഡയറിയില്‍ എഴുതിവെക്കും.
ഡയറിയില്‍ ഓരോ ദിവസവും ഓരോ ചിത്രങ്ങളും കൂടി വന്നു. കുട്ടി അക്ഷരം പഠിച്ചപ്പോഴും അസുഖം മാറി സ്കൂളില്‍ പോയി തുടങ്ങിയിട്ടും ഈ രീതിക്ക് മാറ്റം ഉണ്ടായില്ല. സര്‍വവിജ്ഞാന കോശത്തിന്‍െറ ഒരു മിനിപ്പതിപ്പ് തന്നെ താമരയും അമ്മയും ചേര്‍ന്ന് ഉണ്ടാക്കി. ഇങ്ങനെ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവുകളും ഉള്‍പ്പെടുത്തിയ രണ്ട് വലിയ പുസ്തകങ്ങള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ കടലിനെ കുറിച്ച് ചോദിച്ചാല്‍ അതുമായി ബന്ധപ്പെട്ട കാര്യമെല്ലാം താമര പറയും. 69 ഓളം കടല്‍ മീനുകളുടെ പേരുകള്‍ ഉള്‍പ്പെടെ.
അതുപോലെ നക്ഷത്രങ്ങളെ കുറിച്ചും പ്രവഞ്ചത്തെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചും എല്ലാം. എപ്പോഴും അടുത്തിരുന്ന് പരിചരിച്ച അമ്മയില്‍ നിന്നും കിട്ടിയ അറിവുകളും സ്വന്തമായി കണ്ടെത്തിയ അറിവുകളും അവള്‍ മനസില്‍ ചേര്‍ത്തുവെച്ചു. ചപ്പാത്തി ഉണ്ടാക്കുന്നത് നോക്കി പഠിച്ച കുട്ടി അഞ്ച് വയസിന് മുന്നെ തന്നെ ചപ്പാത്തി ഉണ്ടാക്കാന്‍ പഠിക്കുകയും അത് ലഭിക്കുന്നത് ഗോതമ്പില്‍ നിന്നാണന്നും ഗോതമ്പ് ലഭിക്കുന്നത് എങ്ങനെയെന്നും അതിന്‍െറ ഭാഗമായ കൃഷിയിടങ്ങളെ കുറിച്ചും മനസിലാക്കി. അമ്മ വരച്ചു കൊടുത്ത ചിത്രങ്ങളും യൂട്യൂബിലൂടെയുളള വീഡിയോകളും വഴി കുട്ടിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. രാജഗിരി പബ്ലിക് സ്കൂളിലെ ഒന്നാം ക്ളാസുകാരിയായ താമര സ്കൂളില്‍ ഇപ്പോള്‍ ടാലന്‍റ് സെര്‍ച്ചില്‍ ഒന്നാം റാങ്കുകാരി കൂടിയാണ്.
ക്ലാസ് മുറികളില്‍ നിന്ന് കിട്ടുന്ന അറിവിനൊപ്പം, ചരിത്രവും ശാസ്ത്രവും സാമൂഹികാവബോധവും ഒക്കെ തന്‍െറ കുട്ടിയെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ കുറച്ച് സമയം കണ്ടെത്തിയാല്‍ ഒപ്പം സ്നേഹത്തെ കുറിച്ചും മനുഷ്വത്യത്തെ കുറിച്ചും ആര്‍ദ്രമായ ചിന്തകള്‍ പകര്‍ന്ന് നല്‍കാന്‍ ശ്രമിച്ചാല്‍ നല്ലൊരു കരിയറിസ്ററായും നല്ലൊരു നന്‍മയുള്ള യുവത്വമായും നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുമെന്ന് രാധിക പറയുന്നു. ഇടുക്കി ജില്ലയിലെ പെരുവന്താനം സ്വദേശിനിയായ ഇവര്‍ പഠിച്ചത് നവോദയ സ്കൂളിലായിരുന്നു. തുടര്‍ന്ന് ബംഗളൂരിലെ എന്‍.ഐ.എഫ്.ടിയില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമ എടുത്തു.
തുടര്‍ന്ന് കോയമ്പത്തൂരിലെ കുമരഗുരു കോളജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് ബിരുദം എടുത്തു. തുടര്‍ന്ന് പ്രശസ്ത ഇന്ത്യന്‍ ജീന്‍സ് കമ്പനിയുടെ ഡിസൈനറായും അതിനുശേഷം പ്രശസ്ത റെഡിമെയ്ഡ് ബ്രാന്‍ഡിന്‍െറ മദ്ധ്യയൂറോപ്പ് മേഖലയിലെ ഡിസൈനറായും ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിവാഹിതയായി. മകള്‍ പിറന്നപ്പോള്‍, കുട്ടിയുടെ പരിചരണത്തിനുവേണ്ടി ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഖത്തറില്‍ കഴിയുകയാണ്. ഭര്‍ത്താവ് രാംജിത് ഖത്തറിലെ പ്രമുഖ കമ്പനിയിലെ ഫാഷന്‍ ഡിസൈനിങ് കമ്പനിയിലെ ജനറല്‍ മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)