Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
പാതി പൂത്ത പ്രതീക്ഷകള്‍
cancel

ചെ​റി​യൊ​രു തീ​പ്പൊരി ശ​രീ​ര​ത്തി​ല്‍ വീ​ണാ​ല്‍ പോ​ലും സ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​ണ് ന​മ്മ​ള്‍. അ​ങ്ങ​നെ​യെ​ങ്കി​ല്‍ പ​ച്ച​മാം​സം പൊ​ള്ള​ലേ​റ്റ് വെ​ന്തു​രു​കു​മ്പോ​ഴു​ണ്ടാ​കു​ന്ന വേ​ദ​ന​യു​ടെ ആ​ഴ​മെ​ന്താ​കു​ം​? പാ​തി​ക​ത്തി​യ ഉ​ട​ല്‍ മ​ര​ണ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ലും  ദു​ര​നു​ഭ​വ​ങ്ങ​ള്‍ വേ​ട്ട​യാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. വെ​ന്തു​തി​ര്‍ന്ന തൊ​ലി​യു​മാ​യി പു​റ​ത്തി​റ​ങ്ങാ​ന്‍ മ​ടി​ച്ച് പ​ല​രും വീ​ട്ടി​നു​ളി​ല്‍ ത​ള​ച്ചി​ടും ശി​ഷ്​ടജീ​വി​തം. പ​ല​ത​ര​ത്തി​ല്‍ പൊ​ള്ള​ലേ​ല്‍ക്കാം. ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​​​​​​െൻറ ഭാ​ഗ​മാ​യി മ​ണ്ണെ​ണ്ണ​യോ പെ​ട്രോ​ളോ ഒ​ഴി​ച്ചു സ്വ​യം തീ​ക്കൊ​ളു​ത്തു​ന്ന​വരുണ്ട്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​മായാ​ല്‍ ഇ​ത്ത​ര​ക്കാ​രോ​ട് സ​മൂ​ഹ​ത്തി​ന് അ​നു​ക​മ്പ​യു​മു​ണ്ടാ​കി​ല്ല. പ​ല കാ​ര​ണ​ങ്ങ​ളാ​കാം അ​വ​രെ ആ സാ​ഹ​സ​ത്തി​ന് പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​ക. തീ​ജ്വാ​ല​ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ​ട​രും​വ​രെ മാ​ത്ര​മേ മ​രി​ക്ക​ണ​മെ​ന്ന ചി​ന്ത​ക്ക് ആ​യു​സ്സുണ്ടാ​വൂ. ജീ​വ​നാ​യു​ള്ള മ​ര​ണ​പ്പാ​ച്ചി​ലാ​ണ് പി​ന്നെ. ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ് മ​ര​ണ​ത്തോ​ട് മ​ല്ലി​ട്ട് ഒ​ടു​വി​ല്‍ ജീ​വി​ത​ത്തി​ലേ​ക്കു ത​ന്നെ​യാ​വും മ​ട​ക്ക​വും. ശി​ഷ്​ടജീ​വി​തം മു​മ്പു​ള്ള​തി​നേ​ക്കാ​ള്‍ ഭ​യാ​ന​ക​വു​മാ​യി​രി​ക്കും ചി​ല​ര്‍ക്ക്. സ​മൂ​ഹ​ത്തി​​​​​െൻറയും കു​ടും​ബ​ത്തി​​​​​​െൻറയും അ​വ​ഗ​ണ​ന. ഇ​തു കൂ​ടാ​തെ, വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ലോ ചി​ല​പ്പോ​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ടോ ഫാ​ക്ട​റി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴോ  രാ​സ​പ​ദാ​ര്‍ഥ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴോ ആ​സി​ഡാക്ര​മ​ണം വ​ഴി​യോ ഒ​ക്കെ പൊ​ള്ള​ലേ​ല്‍ക്കാം. 

പൊ​ള്ള​ലേ​റ്റ ശേ​ഷം ജീ​വി​തം അ​വ​സാ​നി​ച്ചുവെന്ന ധാ​ര​ണ​യി​ല്‍ ഉ​ള്‍വ​ലി​ഞ്ഞ് ജീ​വി​ക്കു​ന്ന​വ​ര്‍ക്കു​ള്ള​താ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള നീ​ഹാ​രി മ​ണ്ഡ​ലി എ​ന്ന 28കാ​രി ന​ട​ത്തു​ന്ന ബേ​ണ്‍സ് സ​ര്‍വൈ​വ​ല്‍ മി​ഷ​ന്‍ എ​ന്ന എ​ന്‍.​ജി.​ഒ. പൊ​ള്ള​ലേ​ല്‍ക്കു​ന്ന​തോ​ടെ ജീ​വി​ത​ത്തി​​െന്‍റ സർവ​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും തി​ര​സ്ക​രി​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് കൈ​ത്താ​ങ്ങ് ആ​ണ് ഈ ​സം​ഘ​ട​ന. ഇ​ര​ക​ള്‍ക്ക് ബോ​ധ​വ​ത്​ക​ര​ണ​വും ചി​കി​ത്സാ​ സൗ​ക​ര്യ​വും ന​ല്‍കി​വ​രു​ന്നു. സം​രം​ഭ​ത്തി​​​​​​െൻറ ആ​സ്ഥാ​നം വി​ജ​യ​വാ​ഡ​യാ​ണെ​ങ്കി​ലും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. പൊ​ള്ള​ലേ​റ്റാ​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ പ്ലാസ്​റ്റിക് കോ​സ്മ​റ്റി​ക് സ​ര്‍ജ​റി ന​ട​ത്താം. ര​ണ്ടുല​ക്ഷം​ രൂ​പ​യോ​ളം ചെ​ല​വുവ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. ഇ​തേക്കുറി​ച്ച് ആ​ളു​ക​ള്‍ക്ക​റി​യി​ല്ല. അ​ങ്ങ​നെ​യു​ള്ള ബോ​ധ​വ​ത്​ക​ര​ണംകൂ​ടി​യാ​ണ് മി​ഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​പ്പം അ​വ​ര്‍ക്ക് അ​തി​ജീ​വ​ന​ത്തി​നു​ള്ള മാ​ന​സി​കപി​ന്തു​ണ​യും ന​ല്‍കു​ന്നു. ‘‘ഇ​വ​രു​ടെ വേ​ദ​ന​യെ​ന്തെ​ന്ന് ആ​ര്‍ക്കു​മ​റി​യി​ല്ല. ആ ​സാ​ഹ​ച​ര്യം അ​തി​ജീവി​ച്ച​യാ​ളെ​ന്ന നി​ല​ക്ക് എ​നി​ക്ക​റി​യാ​മ​ത്. പൊ​ള്ള​ലേ​റ്റശേ​ഷം ഒ​രാ​ളു​ടെ ശാ​രീ​രി​കഭം​ഗി മാ​ത്ര​മേ ന​ഷ്​ടമാ​വു​ന്നു​ള്ളൂ. മാ​ന​സി​ക​മാ​യി മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ ക​രു​ത്താ​യി​രി​ക്കും. സ​മൂ​ഹം എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്നോ​ര്‍ത്തു​ള്ള ആ​ധി​യാ​ണ് അ​വ​രെ ഉ​ള്‍വ​ലി​യാൻ ​​പ്രേരിപ്പിക്കുന്നത്​. സ്ത്രീ​ക​ളെപ്പോലെ പൊ​ള്ള​ലേ​റ്റ പു​രു​ഷ​ന്മാ​ര്‍ക്കും സം​ഘ​ട​ന സ​ഹാ​യം ന​ല്‍കി​വ​രു​ന്നു’’-​നീ​ഹാ​രി പ​റ​യു​ന്നു.

നൊമ്പരപ്പെടുത്തുന്ന ജീ​വി​ത​ങ്ങ​ള്‍ 
മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ദേ​ഹ​ത്ത് തീ​കൊ​ളു​ത്തി​യ അ​മ്മ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോഴിക്കോട്​ ജില്ലയിൽനിന്നുള്ള 12 വ​യ​സ്സുകാ​രി ആ​തി​ര​ക്കും അച്ഛനും പൊ​ള്ള​ലേ​റ്റ​ത്.  അ​മ്മ ആ​ശു​പ​ത്രി​യി​ല്‍വെ​ച്ചു മ​രി​ച്ചു. ദു​ര​ന്ത​ത്തി​​​​​​െൻറ ജീ​വി​ക്കു​ന്ന ബാക്കികളായി അ​വ​ര്‍ ജീ​വി​ക്കു​ന്നു. 50 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ആ​തി​ര പു​റ​ത്തി​റ​ങ്ങാ​ന്‍പോ​ലും കൂ​ട്ടാ​ക്കാ​തെ ക​ഴി​യു​ന്നു. പ​ഠ​ന​വും അ​വ​താ​ള​ത്തി​ലാ​യി. ഗു​ണ്ടൂ​രി​ല്‍ കാ​ര്‍ഷോ​റൂം മെ​ക്കാ​നി​ക്കാ​യി​രു​ന്ന സു​രേ​ഷി​ന് ജോ​ലി​ക്കി​ടെ​യാ​ണ് പൊ​ള്ള​ലേ​റ്റ​ത്. വാ​ഹ​ന​ത്തി​​​​​​െൻറ എ​ന്‍ജി​ന്‍ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖം മു​ത​ല്‍ കൈ​ക​ളും വ​യ​റും വ​രെ പൊ​ള്ളി​പ്പോ​യി. അ​പ​ക​ട​ത്തി​നു​ശേ​ഷം ജോ​ലി ചെ​യ്യാ​നോ പു​റ​ത്തി​റ​ങ്ങി ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നോ അ​യാ​ള്‍ക്ക് ക​ഴി​യാ​താ​യി. ഒ​രി​ക്ക​ല്‍ ആ​രോ കൊ​ടു​ത്ത ന​മ്പ​റി​ല്‍ നീ​ഹാ​രി​യെ വി​ളി​ച്ച് സു​രേ​ഷ് പ്ലാസ്​റ്റിക്  സ​ര്‍ജ​റി ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​തി​നു​ള്ള സ​ഹാ​യം അ​വ​ര്‍ ചെ​യ്തുകൊ​ടു​ത്തു.  ഇ​തുപോ​ലെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. 

നീ​ഹാ​രി ഇ​ട​പെ​ട്ട​ത് കൂ​ടു​ത​ലും സ്വ​ന്തം നാ​ട്ടി​ലെ കേ​സു​ക​ളി​ലാ​ണ്. അ​ങ്ങ​നെ ജീ​വി​തം തി​രി​ച്ചു​കി​ട്ടി​യ ആ​ളാ​ണ് സ്വ​പ്ന. തീയേറ്റ ഉടൻ ഭ​ര്‍ത്താ​വ് ആ​ശു​പ​ത്രി​യി​ലെത്തി​ച്ച​തി​നാ​ല്‍ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി. മൂ​ന്നു​മ​ക്ക​ളാ​യി​രു​ന്നു അ​വ​ര്‍ക്ക്. ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് തി​രി​കെ​യെത്തി​യ​ അ​വ​ളെ സ്വീ​ക​രി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​യി​ല്ല. കു​റ​ച്ചു​ദി​വ​സം അ​വി​ടെ ക​ഴി​ഞ്ഞെ​ങ്കി​ലും ഭ​ര്‍ത്താ​വ് ഒ​രു ദി​വ​സം ആ​രോ​ടും പ​റ​യാതെ വീ​ടു വി​ട്ടു പോ​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​ച്ചു. ഭ​ര്‍ത്താ​വ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​പ്പോ​ള്‍  അ​വ​ളെ​യും മ​ക്ക​ളെ​യും വീ​ട്ടി​ല്‍നി​ന്നു പു​റ​ത്താ​ക്കി. സ്വ​പ്ന​ക്ക് അ​മ്മ​യി​ല്ല. ആ​ങ്ങ​ള​മാ​ര്‍ക്ക് അ​വ​ളു​ടെ കാ​ര്യത്തിൽ താ​ല്‍പ​ര്യ​വു​മി​ല്ല. 10 വ​യ​സ്സുള്ള മൂ​ത്ത​​മ​കനാ​ണ് ഏ​ക ആ​ശ്ര​യം. പി​ന്നീ​ട്​ അ​നാ​ഥ​മ​ന്ദി​ര​ത്തി​ല്‍ അ​ഭ​യംതേ​ടി. നാ​ലുവ​ര്‍ഷം ക​ഴി​ഞ്ഞു ആ ​സം​ഭ​വം ന​ട​ന്നി​ട്ട്. ഇ​പ്പോ​ഴും സ്വ​പ്ന​ക്ക് ന​ട​ക്കാ​ന്‍ പ​റ്റു​മെ​ന്ന​തൊ​ഴി​ച്ചാ​ല്‍ സ്വ​ന്തം കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍ക്ക് ഓ​പ​റേ​ഷ​ന്‍ ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പ​ിലാ​ണ് നീ​ഹാ​രി​യും കൂ​ട്ട​രും. പൊ​ള്ള​ലേ​റ്റ് നാ​ലുവ​ര്‍ഷം ക​ഴി​ഞ്ഞ നി​ല​ക്ക് ഓ​പ​റേ​ഷ​ന്‍  എ​ത്ര​ത്തോ​ളും വി​ജ​യി​ക്കുമെ​ന്ന​ത് ഉ​റ​പ്പുപ​റ​യാ​നു​മാ​വി​ല്ല. 

പൂർണമല്ലാത്ത ക​ണ​ക്കു​ക​ള്‍
ഇ​ന്ത്യ​യി​ല്‍ പ്ര​തി​വ​ര്‍ഷം 10 വ​ര്‍ഷം ആ​ളു​ക​ള്‍ക്ക് പൊ​ള്ള​ലേ​ല്‍ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 2012 മു​ത​ല്‍ 2016 വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്രം 1200 പൊ​ള്ള​ലേ​റ്റ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​തി​ല്‍ 450 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 750 ഓ​ളം ആ​ളു​ക​ള്‍ ഇ​പ്പോ​ഴും പു​റ​ത്തി​റ​ങ്ങി സ​മൂ​ഹ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ധൈ​ര്യ​മി​ല്ലാ​തെ ക​ഴി​യു​ന്നു. ഇ​ത് കേ​വ​ലം ഒ​രു ജി​ല്ല​യി​ലെ നാ​ലു വ​ര്‍ഷ​ത്തെ മാ​ത്രം ക​ണ​ക്കാ​ണ്. അ​പ്പോ​ള്‍ കേ​ര​ളം മു​ഴു​വ​നു​മു​ള്ള ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ ഒ​രു​പാ​ട് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ടാ​കും. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മ​ല്ല. 

ബേ​ണ്‍സ് സ​ര്‍വൈ​വ​ല്‍ മി​ഷ​​​​​​െൻറ പി​റ​വി
2009ലാ​ണ് നീ​ഹാ​രി​യു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. വീ​ട്ടു​കാ​ര്‍ ആ​ലോ​ചി​ച്ചു ന​ട​ത്തി​യ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് 15ാം നാ​ള്‍ മു​ത​ല്‍ ഭ​ര്‍ത്താ​വി​ല്‍ നി​ന്ന് പീ​ഡ​നം ഏ​റ്റു​വാ​ങ്ങി. വീ​ടി​നു പു​റ​ത്തു​പോ​കാ​ന്‍ മ​ടി​ച്ച ഭ​ര്‍ത്താ​വ് ബെ​ഡ്റൂം ത​ന്നെ ശൗ​ചാ​ല​യ​മാ​ക്കി​യ​പ്പോ​ള്‍ ശു​ചി​യാ​ക്കേ​ണ്ട ചു​മ​ത​ല നീ​ഹാ​രി​ക്കാ​യി. എ​ന്നും ഇത്​ തു​ട​ര്‍ന്ന​പ്പോ​ള്‍ അ​വ​ള്‍ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ള്‍ അവളെ വ്യ​ഭി​ചാ​രി​യെ​ന്നു മു​ദ്ര​കു​ത്തി അപമാനിച്ചു. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​ന്നു​വെ​ങ്കി​ലും സ​ഹി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ ഉ​പ​ദേ​ശം. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 55 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നീ​ഹാ​രി എ​ട്ട് പ്ലാ​സ്​റ്റിക് സ​ര്‍ജ​റി​ക​ളി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.

അ​തി​നുശേ​ഷ​മാ​ണ് പൊ​ള്ള​ലേ​റ്റ​വ​രു​ടെ വേ​ദ​ന​ക​ളെക്കുറി​ച്ച് ആ​ലോ​ചി​ച്ചുതു​ട​ങ്ങി​യ​ത്. അ​വ​ര്‍ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നു​റ​ച്ചു. അ​ങ്ങ​നെ​യാ​ണ് ബേ​ണ്‍സ് സ​ര്‍വൈ​വ​ല്‍ മി​ഷ​​​​​​െൻറ പി​റ​വി. 2014ലാ​ണ് അ​ത്  എ​ന്‍.​ജി.​ഒ ആ​യി ര​ജി​സ്​റ്റര്‍ ചെ​യ്ത​ത്. ത​ന്നെപ്പോ​െല തീ​പ്പൊ​ള്ള​ലി​നെ അ​തി​ജീ​വി​ച്ച​വ​രെ ക​ണ്ടു സം​സാ​രി​ച്ചു. അ​വ​ര്‍ക്ക് ധാ​ര്‍മി​ക പി​ന്തു​ണ ന​ല്‍കി.  സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​​​​​​െൻറ ഭാ​ഗ​മാ​യി 2015ല്‍ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ളു​ക​ളെ സ​മീ​പി​ച്ച​പ്പോ​ള്‍ ആ​രും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ‘‘പൊ​ള്ള​ലേ​റ്റ​വ​ര്‍ക്കു വേ​ണ്ടി​യു​ള്ള ക്യാ​മ്പ് ആ​ണോ  ഞ​ങ്ങ​ളി​ല്ല’’ ഇ​താ​യി​രു​ന്നു അ​വ​രു​ടെ മ​നോ​ഭാ​വം. അ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ​രി​ച​യ​മു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ​യും സ​ഹാ​യം തേ​ടി. ബ​സ് സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത ഒ​രു പ്ര​ദേ​ശ​ത്താ​യി​രു​ന്നു ക്യാ​മ്പ്. 32 ഡോ​ക്ട​ര്‍മാ​ര്‍ ക്യാ​മ്പി​ലെത്തി. 700 ആ​ളു​ക​ള്‍ വ​ന്നു. ര​ക്തപ​രി​ശോ​ധ​ന, ഇ.​സി.​ജി, പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. മ​രു​ന്നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കി. 

പൊ​ള്ള​ലേ​റ്റ​ ശേ​ഷം ആ​ളു​ക​ളു​ടെ വ്യ​ക്തി​ത്വം ത​ന്നെ ന​ഷ്​ട​പ്പെ​ട്ടു പോ​കു​ന്നു. അ​വ​രെ പ​ഴ​യജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രുക​യാ​ണ് ല​ക്ഷ്യം. കേ​ര​ള​ത്തി​ല്‍ സി​നി​മ-സീ​രി​യല്‍ രം​ഗ​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്ന ഷോ​ഭീ തി​ല​ക​ന്‍, സാ​ജ​ന്‍ സൂ​ര്യ, ദി​നേ​ശ് പ​ണി​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ബേ​ണ്‍സ് സ​ര്‍വൈ​വ​ല്‍ മി​ഷ​ന് ന​ല്ല പി​ന്തു​ണ ന​ല്‍കു​ന്നു​ണ്ട്. ബോ​ധ​വ​ത്​ക​ര​ണ​ത്തി​​​​​​െൻറ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ ഫാ​ഷ​ന്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ത​ങ്ങ​ളെ സ​മൂ​ഹം എ​ങ്ങ​നെ സ്വീ​ക​രി​ക്കുമെ​ന്ന ആശങ്ക മാ​റ്റി​യെ​ടു​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യം. യ​ഥാ​ര്‍ഥ സൗ​ന്ദ​ര്യം ബാ​ഹ്യ​മാ​യ​ത​ല്ല, ആ​ന്ത​രി​ക​മാ​ണെ​ന്ന് അ​വ​രി​ല്‍ ഉ​റ​പ്പി​ക്ക​ണം. മോ​ഡ​ലു​ക​ള്‍ക്കൊ​പ്പം തീ​പ്പൊ​ള്ള​ല്‍ ഇ​ര​ക​ളും റാം​പി​ലെത്തി. തെ​ലു​ങ്ക് സി​നി​മ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് മൂ​ന്ന് ഫാ​ഷ​ന്‍ ഷോ.​ ‘‘നാം ​സം​ഘ​ട​ന തു​ട​ങ്ങു​മ്പോ​ള്‍ ജ​നം ശ്ര​ദ്ധി​ക്കും. ആ​രാ​ണ്​, എ​ന്തി​നുവേ​ണ്ടി​യാ​ണ്, പ​ണം ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണോ എ​ന്നെ​ല്ലാം. അ​വ​രി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​ക്കി​യെ​ടു​ക്കു​ക അ​ത്ര എ​ളുപ്പ​മ​ല്ല’’ ^നീ​ഹാ​രി പ​റ​ന്നു. ജ​ര്‍മ​നി​യി​ല്‍വെ​ച്ച് മു​ന്‍മ​ന്ത്രി ഡോ. ​എം​.കെ. മു​നീ​റി​നെ ക​ണ്ടു​മു​ട്ടി​യ​ത് നീ​ഹാ​രി​യുടെ ജീ​വി​ത​ത്തി​ലും സം​ഘ​ട​ന​ക്കും വ​ഴി​ത്തി​രി​വാ​യി. അ​ദ്ദേ​ഹം എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.  

സ്വ​പ്നം, ല​ക്ഷ്യം
ഇ​ന്ത്യ മു​ഴു​വ​നു​മു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ്​ ല​ക്ഷ്യം. ദ​ക്ഷി​ണേ​ന്ത്യ​യാ​ണ് കൂ​ടു​ത​ല്‍  ശ്ര​ദ്ധകേ​ന്ദ്രീ​ക​രി​ച്ച​ത്. പൊ​ള്ള​ലേ​റ്റ​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണി​വി​ടെ. ഉ​ത്ത​രേ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ഗാ​ര്‍ഹി​കപീ​ഡ​ന​വും ഇ​വി​ടെ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്നു. ‘‘നോ​ര്‍ത്തി​ല്‍ ആ​സി​ഡാക്ര​മ​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. ഇ​പ്പോ​ഴ​ത് വ​ള​രെ കു​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ കേ​സു​ക​ളി​ല്‍ കൂ​ടു​ത​ലും ആ​ത്മ​ഹ​ത്യാ​ശ്ര​മ​ങ്ങ​ളാ​ണ്’’. ഹൈ​ദ​രാ​ബാ​ദി​ലെ റീ ​ഡി​ഫൈ​ന്‍ പ്ലാസ്​റ്റിക് സ​ര്‍ജ​റി സ​​​​െൻററി​ല്‍ ജോ​ലി ചെ​യ്യു​ന്ന നീ​ഹാ​രി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഹ​രി​കി​ര​ണ്‍ ചോ​കോ​രി ആ​ണ്. അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​മു​ട്ടു​ന്ന 2015നുമു​മ്പ് അ​വ​രു​ടെ  ജീ​വി​തം കു​റെ ചോ​ദ്യ​ചി​ഹ്ന​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യ​ല്‍ ചേ​ര്‍ന്ന ശേ​ഷം ഹ​രി​കി​ര​ണ്‍, നീ​ഹാ​രി​യു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ കൂ​ടെ നി​ന്നു. സ​മൂ​ഹ​ത്തെ നേ​രി​ടാ​ന്‍ പ​ഠി​പ്പി​ച്ചു. ഒ​പ്പം പൊ​ള്ള​ലേ​റ്റ രോ​ഗി​ക​ള്‍ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​ക​ളും ചെ​യ്തു​കൊ​ടു​ത്തു. 

ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഹൈ​ദ​രാ​ബാ​ദി​ലും തെ​ലങ്കാ​ന​യി​ലു​മാ​യി നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ചെ​യ്തു​വെ​ങ്കി​ലും കാ​ര്യ​മാ​യ പി​ന്തു​ണ ലഭിച്ചില്ല. രോ​ഗി​ക​ളെ ക​ണ്ടെത്തി സ​ഹാ​യം ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ അ​വ​ര്‍ക്ക് നേ​രി​ട്ട് എ​ത്തി​ച്ചു. ‘‘പൊ​ള്ള​ലേ​റ്റ​വ​ര്‍ക്കു വേ​ണ്ടി എ​ന്തോ ചെ​യ്യു​ന്നു​​ണ്ടെന്ന​ല്ലാ​തെ എ​​​​​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെക്കുറി​ച്ച് അ​വ​ര്‍ ചോ​ദി​ക്കാ​റി​ല്ല. ഞാ​നൊ​ട്ട് പ​റ​യാ​റു​മി​ല്ല. എ​നി​ക്ക് പൊ​ള്ള​ലേ​റ്റ സ​മ​യ​ത്ത് ഏ​ഴു​വ​യ​സ്സു​ണ്ടാ​യി​രു​ന്ന അ​നി​യ​നാ​യി​രു​ന്നു എ​ല്ലാ സ​ഹാ​യ​വും ചെ​യ്തുത​ന്നി​രു​ന്ന​ത്. ഇ​പ്പോ​ഴും അ​വ​ന്‍ മാ​ന​സി​കപി​ന്തു​ണ തു​ട​രു​ന്നു. ഇ​തു​പോ​ലെയുള്ള സ​ഹാ​യം എ​ല്ലാ​വ​ര്‍ക്കും ല​ഭി​ക്ക​ണം’’. പ്ലസ്ടു വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന നീ​ഹാ​രി വി​വാ​ഹ​മോ​ച​ന​ത്തി​നുശേ​ഷ​മാ​ണ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സി​ല്‍ ബി​രു​ദം നേ​ടി​യ​ത്. ശ​സ്ത്ര​ക്രി​യ ക്യാ​മ്പു​ക​ള്‍ ന​ട​ത്താ​ന്‍ ഇ​ട​ക്കി​ടെ കേ​ര​ള​ത്തി​ലെത്തും. ഇ​ത് നാ​ലാം​ത​വ​ണ​യാ​ണ് ഇ​വി​ടെ. ‘ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഒ​രു​മ​നു​ഷ്യ​നാ​യി മാ​റു​ക, എ​ന്‍.​ജി.​ഒ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​ന്ത്യ മു​ഴു​വ​ന്‍ വ്യാ​പി​ക്കു​ക’-​ അ​തു മാത്രമാ​ണ​വ​രു​ടെ ല​ക്ഷ്യം.

Show Full Article
TAGS:Nihari mandali Burn Victims Burns survival mission madhyamam lifestyle 
Web Title - Burn Victim and Burns survival mission founder Nihari mandali
Next Story