അകലങ്ങളിൽ നിന്ന് ഒറ്റത്താളത്തിലേക്ക്, ‘ഭൂമി ദ ബാൻഡി’ലേക്ക്
text_fieldsപലയിടങ്ങളിൽ നിന്നെത്തിയ പന്ത്രണ്ട് സ്വരങ്ങൾ, ഒരുമയുടെ താളത്തിൽ ഭൂമിയായി അവർ പെയ്തിറങ്ങുന്നു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്താൽ കൂട്ടുചേർന്ന പെൺകൂട്ടായ്മയാണ് ‘ഭൂമി ദ ബാൻഡ്’. ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലയെ നെഞ്ചേറ്റുന്ന വീട്ടമ്മമാരും ഉദ്യോഗസ്ഥരും അധ്യാപകരും ചേർന്നൊരുക്കുന്ന ഈ സംഗീതയാത്ര ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഓരോ വേദിയിലും മാറുന്ന അംഗങ്ങളാണെങ്കിലും മാറാത്ത സംഗീതമാധുര്യവുമായി ഇവർ യാത്ര തുടരുന്നു. പ്രകൃതിയോളം കനിവുള്ള, അമ്മയോളം കരുത്തുള്ള സംഗീതവുമായി എത്തിയ ഭൂമി ദ ബാൻഡിന്റെ വിശേഷങ്ങളിലേക്ക്.
‘ഭൂമി ദ ബാൻഡി’ലേക്ക്
‘മ്യൂസിക്കൽ വൈഫ്സ്’ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട 12 സംഗീതപ്രേമികളായ സ്ത്രീകൾ ചേർന്നൊരുക്കിയ മനോഹരമായ സ്വപ്നമാണ് ഭൂമി ദ ബാൻഡ്. ‘എന്തുകൊണ്ട് നമുക്കൊരുമിച്ച് സംഗീതയാത്ര തുടർന്നുകൂടാ’ എന്ന ചിന്തയുണ്ടാകുന്നത് ഈ കാലയളവിലാണ്. ഭൂമി അമ്മയാണല്ലോ. ആ അർഥത്തിലാണ് ഇങ്ങനെയൊരു പേരിലേക്കെത്തിയതെന്ന് ബാൻഡിലെ അംഗമായ ശ്രുതി പറയുന്നു.
പൂർണമായും സ്ത്രീകൾ അണിനിരക്കുന്ന ഈ ബാൻഡിലെ അംഗങ്ങൾ പല മേഖലകളിൽനിന്നുള്ളവരാണ്. ഐ.ടി ഉദ്യോഗസ്ഥരും മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരും, സംഗീത അധ്യാപികമാരും വീട്ടമ്മമാരും ഇക്കൂട്ടത്തിലുണ്ട്. ജോലിത്തിരക്കുകളും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം എല്ലാ ഷോകളിലും 12 പേർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കാറില്ല. എങ്കിലും, ലഭ്യമായ അംഗങ്ങളെ ഉൾപ്പെടുത്തി (കുറഞ്ഞത് 5 പേർ) ഓരോ വേദിയും അവിസ്മരണീയമാക്കാൻ ഭൂമി ബാൻഡിന് സാധിക്കുന്നുണ്ട്.
ഒരുമയുടെ ഈണം
ഒരു പുതിയ ബാൻഡ് എന്ന നിലയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വേദികൾ കീഴടക്കാൻ ഭൂമിക്ക് കഴിഞ്ഞിട്ടുണ്ട്. ഷോകൾ തന്ന ആത്മവിശ്വാസം വലുതാണ്. ശ്രുതി എസ്. ബാബു, മാധുര്യ, ആതിര വിജയൻ, നഫ്ല, ശ്രീഷ്മ, അമല ലക്ഷ്മി, അഞ്ജലി എന്നിവരാണ് ഭൂമിയിൽ സജീവമായിട്ടുള്ളവർ. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും പരസ്പരമുള്ള സൗഹൃദവുമാണ് ഭൂമി ബാൻഡിന്റെ ഊർജം. ഓരോ വേദികളിലും ലഭിക്കുന്ന ജനപിന്തുണ ഈ പെൺകൂട്ടായ്മക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
സ്ത്രീകൾ മാത്രമുള്ള ബാൻഡുകൾക്ക് ഒരു പ്രത്യേക സ്വീകാര്യതയുണ്ട്. കുടുംബം,ജോലി എന്നിവക്കിടയിലും കലയെ സ്നേഹിക്കുന്നവർ ഒത്തുചേരുന്നത് സമൂഹത്തിന് നൽകുന്ന സന്ദേശം വലുതാണ്. ഇത് കേവലം വിനോദം മാത്രമല്ല, വലിയൊരു സ്ത്രീമുന്നേറ്റം കൂടിയാണ്. വെറുതെ പാടുക എന്നതിലുപരി പ്രേക്ഷകരുമായി സംവദിക്കുന്നതാണ് ഒരു ലൈവ് ബാൻഡ്. ഓരോ ബാൻഡിനും അതിന്റേതായ സിഗ്നേച്ചർ സ്റ്റൈൽ ഉണ്ടാകും. മെലഡി, ഫോക്ക്, വെസ്റ്റേൺ എന്നിങ്ങനെ വിവിധ ശൈലികൾ കോർത്തിണക്കിയാണ് പലപ്പോഴും പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പ്രേക്ഷകർ പറയുന്ന പാട്ടുകളാണ് എപ്പോഴും തിരഞ്ഞെടുക്കാറുള്ളതെന്ന് ഭൂമി പറയുന്നു.
കടമ്പകൾ കടന്ന്
ഓൾ-വിമൻ ബാൻഡ് എന്നത് വെറുമൊരു സംഗീതക്കൂട്ടായ്മ മാത്രമല്ല, വലിയൊരു സ്വപ്നം കൂടിയാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയുള്ളതുകൊണ്ടാണ് ഈ വേദിയിൽ എത്താൻ കഴിഞ്ഞത്. സ്ത്രീകൾ എന്ന നിലയിൽ പലപ്പോഴും ഉത്തരവാദിത്തങ്ങൾ കൂടുമെങ്കിലും, ഈ ബാൻഡ് മുന്നോട്ടു കൊണ്ടുപോകണമെന്ന അതിയായ ആഗ്രഹം കൊണ്ട് പല വിട്ടുവീഴ്ചകളും സന്തോഷത്തോടെ ചെയ്യാറുണ്ടെന്നും ഭൂമി ടീം ഒരേ സ്വരത്തിൽ പറയുന്നു.
ഇന്ന് സംഗീതരംഗത്ത് വലിയ മത്സരമാണുള്ളത്. എസ്റ്റാബ്ലിഷ്ഡ് ആയ ഒട്ടനവധി ബാൻഡുകൾക്കിടയിൽ ഞങ്ങളുടേതായ ഒരിടം കണ്ടെത്തുക എന്നത് വലിയൊരു പോരാട്ടം തന്നെയാണ്. എങ്കിലും ആ വെല്ലുവിളികളെ നേരിട്ട് മുന്നേറാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
അകലങ്ങളിൽ നിന്ന് ഒറ്റത്താളത്തിലേക്ക്
എല്ലാവരും പലയിടങ്ങളിലായതുകൊണ്ട് പ്രാക്ടീസ് സെഷനുകളിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എങ്കിലും ഓരോ ഷോയ്ക്കുമുമ്പും എല്ലാവർക്കും സൗകര്യപ്രദമായ സമയം കണ്ടെത്തി നാലോ അഞ്ചോ തവണയെങ്കിലും ഒരുമിച്ച് പാടി തയാറെടുക്കും. ഓഡിയൻസിന്റെ പൾസ് അറിഞ്ഞ് സംഗീതം അവതരിപ്പിക്കാനാണ് ഞങ്ങൾ എന്നും ശ്രമിക്കാറുള്ളത്. മെലഡികൾ മുതൽ ആവേശം നിറക്കുന്ന ഫാസ്റ്റ് സോങ്ങുകളും സെമി ക്ലാസിക്കൽ, ഗസൽ, ഹിന്ദുസ്ഥാനി തുടങ്ങി എല്ലാ ജോണറുകളും കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രതിഭകൾ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. കേൾക്കുന്നവർക്ക് സന്തോഷമാകണം എന്ന ആഗ്രഹത്തോടെയാണ് ഞങ്ങൾ പാട്ടുകൾ പാടാറുള്ളത് -‘ഭൂമി’ അംഗങ്ങൾ പറയുന്നു.
സ്വപ്നങ്ങളിലേക്ക്
2024 അവസാനത്തോടെയാണ് ‘ഭൂമി’ എന്ന ഈ കൂട്ടായ്മ പിറവിയെടുക്കുന്നത്. നിലവിൽ വോക്കൽ ആർട്ടിസ്റ്റുകൾ മാത്രമാണ് സ്ത്രീകൾ ആയിട്ടുള്ളത്. എന്നാൽ, ഞങ്ങളുടെ അടുത്ത വലിയ ലക്ഷ്യം എന്നത് ഒരു കംപ്ലീറ്റ് ഫീമെയിൽ ഓർക്കസ്ട്ര കെട്ടിപ്പടുക്കുക എന്നതാണ്. സ്ത്രീകൾ മാത്രമുള്ള ഒരു പൂർണ സംഗീതസംഘമായി വേദികൾ കീഴടക്കുക എന്ന ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ.
സന്തോഷത്തിലേക്കുള്ള വഴി
നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ആ സന്തോഷം കണ്ടെത്താനാണ് ഞങ്ങൾ സംഗീതത്തെ തിരഞ്ഞെടുത്തത്. ഉള്ളിലെ കഴിവിനെ സന്തോഷത്തോടെ വളർത്തിയെടുക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിക്കൊണ്ടുതന്നെ സംഗീതത്തെയും ജീവിതത്തെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ഭൂമി ടീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

